അതിസമ്പന്നരെ കുടുക്കാൻ ലക്ഷ്യമിട്ട് ലേബർപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക,

Web Desk
Posted on November 22, 2019, 12:15 pm

സാമൂഹ്യ ഭവന നിക്ഷേപം, പത്ത് ലക്ഷം ഹരിത തൊഴിലുകൾ, വ്യവസായങ്ങൾക്ക് മൂക്കുകയർ തുടങ്ങി വിവിധ പ്രഖ്യാപനങ്ങൾ
എണ്ണ, വാതക, കമ്പനികൾക്ക് 1100 കോടി പൗണ്ടിന്റെ നികുതി
ഈ പണം ഹരിത പദ്ധതികൾക്ക് വേണ്ടി ചെലവഴിക്കും
7500 കോടി പൗണ്ടിന്റെ സാമൂഹ്യ ഭവന പദ്ധതി
ലണ്ടൻ: തൊഴിലാളികൾ, വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ തെരരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി ലേബർപാർട്ടി. ഒപ്പം രാജ്യത്തെ അതിസമ്പന്നർക്ക് അത്ര സുഖകരവുമല്ല ഈ തെരഞ്ഞെടുപ്പ് പത്രിക.
കോടികളുടെ നികുതി ബാധ്യത ഇവർക്ക് മേൽ ചുമത്തുമെന്ന ശക്തമായ സൂചനയാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ നൽകുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഊന്നൽ നൽകിയിട്ടുള്ള പ്രകടന പത്രിക രാജ്യത്തെ ഹരിത സമ്പദ്ഘടനയിലേക്ക് നയിക്കുക എന്ന പ്രതീക്ഷയും വാഗ്ദാനവും മുന്നോട്ട് വയ്ക്കുന്നു. ഹരിത മാറ്റ ഫണ്ടിലേക്ക് 25000കോടി പൗണ്ട് നീക്കി വയ്ക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ഇത് ജനങ്ങൾക്ക് വൈദ്യുതി വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകാനും മറ്റും വിനിയോഗിക്കും.
രാജ്യത്തെ റയിൽ, തപാൽ, ഊർജ ഉടമസ്ഥത പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന സൂചനയും കോർബിൻ നൽകുന്നു.
വിരമിക്കൽ പ്രായം 66ൽ നിന്ന് ഉയർത്തില്ലെന്നും വാഗ്ദാനമുണ്ട്. ഒപ്പം കൂടുതൽ കായികാദ്ധ്വാനമുള്ള തൊഴിലുകളിൽ നിന്നുള്ള വിരമിക്കൽ നേരത്തെ ആക്കാനും ലക്ഷ്യമിടുന്നുണ്ട്.
പണമിടപാടുകൾക്കും ഒന്നിൽകൂടുതൽ വീടുള്ളവർക്കും നികുതി ഏർപ്പെടുത്താനും പാർട്ടി ലക്ഷ്യമിടുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ട്യൂഷൻ ഫീ ഇല്ലാതാക്കാമെന്ന പ്രഖ്യാപനവുമുണ്ട്. സ്വകാര്യ സ്കൂള്‍ ഫീസിൽ വാറ്റ് ഏർപ്പെടുത്തും. പാരമ്പര്യ സ്വത്തുക്കൾക്ക് നികുതി പുനഃസ്ഥാപിക്കും.
യൂറോപ്യൻ യൂണിയൻ പൗരൻമാര്‍ക്ക് രാജ്യത്ത് തുടരാനുള്ള അവസരവും ഉണ്ടാക്കും.
ലേബർ പാർട്ടിയുടെ നയങ്ങൾ ഏറെ ജനകീയമാണെന്ന് കോർബിൻ പറഞ്ഞു. എന്നാൽ എണ്ണ മേഖലയിലെ നികുതി പരിഷ്കാരത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ചില അഭിപ്രായഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. ഇത് സ്കോട്ട്‌ലൻഡിലെ വടക്കൻ കടൽ എണ്ണ വ്യവസായത്തെ ബാധിക്കുമെന്ന് ചില തൊഴിലാളി യൂണിയൻ നേതാക്കൾ ഭയപ്പെടുന്നു.
രാജ്യത്തെ ആരോഗ്യമേഖലയെ കാര്യക്ഷമമാക്കാനുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ട്.
ഏറെ പരിഷ്കാരങ്ങൾക്ക് സഹായിക്കുന്ന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് ലേബർ വ്യക്തമാക്കുന്നു.
2024ഓടെ 100,000പുതിയ സാമൂഹ്യ ഭവനങ്ങൾ നിർമിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു.
പ്രാദേശിക ഭരണകൂടങ്ങൾക്ക് അവിടുത്തെ സ്കൂളുകളുടെ ഭരണകാര്യങ്ങളിൽ കൂടുതൽ അധികാരം നൽകും.
യുവാക്കൾക്കടക്കം മണിക്കൂറിന് പത്ത് പൗണ്ട് കൂലി ഉറപ്പാക്കും. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ പത്ത് ലക്ഷം ഹരിത തൊഴിലുകൾ സൃഷ്ടിക്കുമെന്നും ലേബർ പാർട്ടി ഉറപ്പ് നൽകുന്നു.