Web Desk

February 28, 2021, 4:00 am

തൊഴിലാളി മുന്നേറ്റങ്ങളുടെ നേട്ടങ്ങള്‍ മറുദിശയിലേക്ക്

Janayugom Online

അന്ധകാരത്തിന്റെ നാളുകളാണിത്. പുതിയ യന്ത്രങ്ങളും നവീന ഉല്പാദന പ്രക്രിയകളും പുതിയ കഴിവുകളും ഇരുളിന്റെ നാളുകള്‍ക്കാണ് വഴിതുറക്കുന്നത്. ഇത്തരം പരിണാമങ്ങളിലെ ആധുനിക തലങ്ങളെ കുത്തകകള്‍ സാമ്പത്തിക മൂലധനം കൊണ്ട് പോഷിപ്പിക്കുന്നു. അവകാശങ്ങള്‍ക്കായുള്ള വാദങ്ങള്‍ കൊഴിച്ചുകളഞ്ഞിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്നവര്‍ അപരാധികളാകുന്നു. അലംഘ്യം എന്നു കരുതിയതൊക്കെയും കുറയുകയും പിന്നിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തിരിക്കുന്നു. അനീതിയുടെ ഓരോ ചെയ്തികളും അവ യുക്തിഭദ്രമോ അല്ലയോ എന്ന് പരിഗണിക്കാതെ ആഘോഷിക്കപ്പെടുന്നു. അവയിലൊന്നാണ് തൊഴില്‍ ദിനം 12 മണിക്കൂറാക്കി ഉയര്‍ത്തിയു­ള്ള തീരുമാനം. ലോകത്ത്, ആധുനിക സമൂഹത്തിന് അടിത്തറപാകിയവര്‍ ആവര്‍ത്തിച്ച ആവശ്യമായിരുന്നു എട്ടുമണിക്കൂര്‍ ജോലിയെന്നത്. രാജ്യാന്തര സമൂഹങ്ങളും ഇതേറ്റെടുത്തു. എന്നാല്‍ ഒരു മാസത്തിനപ്പുറം ഏപ്രില്‍ ഒന്നിന് 134 വര്‍ഷങ്ങളെ പിന്നോട്ടടിച്ച് അന്ധകാരത്തിന്റെ നാഴികകള്‍ എട്ടുമണിക്കൂര്‍ തൊഴില്‍ സമയത്തെ പന്ത്രണ്ട് മണിക്കൂറിലേക്ക് തിരികെ എത്തിക്കുന്നു.
ദശാബ്ദങ്ങളുടെ പോരാട്ടങ്ങളിലൂടെ നേടിയതൊക്കെ തമസ്കരിക്കപ്പെടുകയാണ്. 12 മണിക്കൂറിലേറെയായി തൊഴില്‍ സമയം നീളുമ്പോള്‍ അപൂര്‍വ്വവും ക്രമരഹിതവുമായിരുന്ന തൊഴില്‍ വ്യവസ്ഥയും ഓര്‍മ്മിക്കണം. ആ നാളുകളില്‍ ഉയര്‍ന്ന നികുതിയും വരുമാനം നാമമാത്രവുമായിരുന്നു. ഇതിനെതിരെയുള്ള പോരാട്ടങ്ങളുടെ അവസാനഘട്ടം ചിക്കാഗോയിലായിരുന്നു. തൊഴിലാളികള്‍ ഒത്തുചേര്‍ന്നു. യോഗങ്ങളും റാലികളും സംഘടിപ്പിച്ചു. 1886ല്‍ ഒരു പടുകൂറ്റന്‍ റാലിക്കായി തൊഴിലാളികള്‍ നിരന്നു. തൊഴിലാളി യൂണിയനുകള്‍ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉണ്ട് എന്നതിന്, ഇല്ല എന്ന മുഴക്കത്തെ മറികടക്കാനായില്ല. ജനക്കൂട്ടത്തിന്റെ തീവ്രത ലഘൂകരിക്കാനായി ശ്രമം. 1886 മെയ് നാലിന് രാത്രി 7.30ന് വിഖ്യാതമായ ഹേ മാര്‍ക്കറ്റില്‍ ഒരു യോഗം ചേര്‍ന്നു. തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എട്ടു തൊഴിലാളി സംഘടനാ നേതാക്കള്‍ സന്നിഹിതരായിരുന്നു. വലിയ ജനക്കൂട്ടത്തിനൊപ്പം പൊലീസും സര്‍വായുധരായി നിലയുറപ്പിച്ചിരുന്നു. നേതാക്കള്‍ പ്രസംഗിച്ചു തുടങ്ങി. കാതുകൂര്‍പ്പിച്ച് ത­ടി­­ച്ചുകൂടിയ ആബാലവൃന്ദം. നിനച്ചിരിക്കാതെ സ്ഥലത്ത് വലിയൊരു സ്ഫോടനമുണ്ടായി. ജനക്കൂട്ടം ചിതറിയോടി.സ്ഫോടനത്തിന്റെ ഉറവിടം വ്യക്തമായിരുന്നില്ല. പൊലീസ് മര്‍ദ്ദനമുറകളഴിച്ചു വിട്ടു. നേതാക്കള്‍ അറസ്റ്റിലായി. ലഹള, പൊലീസുകാരന്റെ മരണം ഉള്‍പ്പെടെയുള്ള കൂട്ടക്കുരുതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. ലഹളയും കൊലപാതകവും ആസൂത്രണം ചെ­യ്തത് ഗുണ്ടകളെന്ന് പിന്നീട് വ്യക്തമായി. പക്ഷെ നേതാക്കളെ കഴുവിലേറ്റി. എന്നാല്‍ അവരുടെ ജീവത്യാഗം വൃഥാവിലായില്ല. എട്ടുമണിക്കൂര്‍ തൊഴില്‍ എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. തൊഴിലാളികള്‍ മെയ് ഒന്ന് തൊഴിലാളി ദിനമായി തീരുമാനിച്ചു.
1890ല്‍ രണ്ടാം ഇന്റര്‍നാഷണല്‍ മെയ് ഒന്ന് തൊഴിലാളി വിജയത്തിന്റെ ദിനമായി അംഗീകരിച്ചു. രാജ്യത്താകട്ടെ, എപ്രില്‍ ഒന്ന് മുതല്‍ തൊഴില്‍ മണിക്കൂറുകള്‍ എട്ടില്‍ നിന്നും 12 ലേക്ക് നീളുമെന്ന് ഉറപ്പായിരിക്കുന്നു. പാര്‍ലമെന്റ് ഇത്തരം തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ അടിച്ചേല്പിക്കാനുള്ള ആയുധപ്പുരയായി. തൊഴില്‍ മന്ത്രാലയം കരട് വിജ്ഞാപനത്തിലൂടെ 12 മണിക്കൂറായി തൊഴില്‍ സമയം പുനഃക്രമീകരിച്ചു പ്രസിദ്ധീകരിച്ചു. തൊഴില്‍ നിയമന കരടില്‍ തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ വിശദീകരിക്കുമ്പോള്‍ തൊഴില്‍ സമയം 12 മണിക്കൂറുകളിലേക്ക് നീട്ടാമെന്ന് ചൂണ്ടിക്കാട്ടി. ഈ നിയമങ്ങള്‍ 13 കേന്ദ്ര തൊഴില്‍ നിയമങ്ങളെ മറികടന്നുള്ളതാണ്. ഉത്തര്‍പ്രദേശും മധ്യപ്രദേശും തൊഴില്‍ സമയം വര്‍ധിപ്പിച്ചുള്ള നിയമം പ്രാബല്യത്തിലാക്കിക്കഴിഞ്ഞു. മഹാമാരിയുടെ കാലത്തുണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിനെന്ന ന്യായവും അവര്‍ പറയുന്നു. ചുരുങ്ങിയ തൊഴില്‍ സേനയെ ഉപയോഗിച്ച് കൂടുതല്‍ ഉല്പാദനം എന്ന ന്യായീകരണവും ഇവര്‍ നടത്തുന്നു. എന്നാല്‍ തൊഴില്‍ സേനയെ നാമമാത്രമായി ചുരുക്കി നിര്‍ത്തുകയാണ്. വേതനത്തിന്റെ നില മാറ്റമില്ലാതെ നിലനിര്‍ത്താന്‍ കഴിയണം. കൂലിക്കെടുക്കാന്‍ മാത്രമായി തൊഴില്‍സേന നിലനില്‍ക്കുകയും വേണം. സംവിധാനം ഇതേമാതൃകയില്‍ മുന്നേറുമ്പോള്‍ നിക്ഷേപം കുറയുകയും ആനുപാതികമായി ഉല്പാദനത്തെ ബാധിക്കുകയും ചെയ്തു. വലിയ തൊഴില്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന തൊഴിലാളികള്‍ തൊഴില്‍ രഹിതരായി.
2020 ഡിസംബര്‍ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം38.7 ദശലക്ഷമാണ്. 9.1 ശതമാനം ഉയര്‍ന്നുള്ള ഇത് ലോക്ഡൗണ്‍ കാലയളവിലെ ഏറ്റവും ഉയര്‍ന്നതാണ്. കേന്ദ്ര ഭരണകൂടം വാഗ്ദാനം ചെയ്ത വെള്ളിവെളിച്ചം എവിടെയും പ്രകടമല്ല. തൊഴിലില്ലായ്മാനിരക്ക് നാലര പതിറ്റാണ്ടിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പണപ്പെരുപ്പവും ഏഴു ശതമാനത്തില്‍ തുടരുന്നു. പ്രത്യാശയുടേതായി നേരിയ കിരണങ്ങള്‍ പോലുമില്ല. ജോലി ലഭിക്കുന്നതില്‍ മാത്രമല്ല ജോലി ഉള്ളവരുടെ അരക്ഷിതാവസ്ഥയും പ്രകടമാണ്. മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ ശാലകള്‍ വ്യാപകമായി അടച്ചുപൂട്ടിയതോടെ തൊഴിലില്ലായ്മ 7.4ശതമാനമായി ഉയര്‍ന്നു. 2021 ജനുവരിയില്‍ മാത്രം 40 ദശലക്ഷം പേരാണ് തൊഴില്‍രഹിതരായത്. ശേഷിക്കുന്ന കാലം ജോലി കണ്ടെത്തുക എളുപ്പമല്ല. തൊഴിലവകാശങ്ങള്‍ സംരക്ഷിച്ചിരുന്ന തൊഴില്‍ നിയമങ്ങള്‍ക്കു പകരം എല്ലാം തൊഴില്‍ കോഡുകളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇത് മഹാദുര്‍വിധിയായി നാടിനെ വേട്ടയാടുകതന്നെ ചെയ്യും.

Eng­lish Sum­ma­ry : Labour move­ments going on the oth­er side

You may also like this video :