പുത്തൻ തൊഴിൽ നിയമങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് ആശങ്ക

Web Desk
Posted on November 03, 2019, 11:53 am

ന്യൂഡൽഹി: വെള്ളിയാഴ്ച കേന്ദ്ര തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച പുത്തന്‍ തൊഴിൽ നിയമങ്ങൾ ആശങ്കപ്പെടുത്തുന്നതെന്ന് തൊഴിലാളി സംഘടനകള്‍. അടിസ്ഥാന വേതനം, മിനിമം കൂലി തുടങ്ങിയ തുടങ്ങിയവ സംബന്ധിച്ചുള്ള പുതിയ നിയമങ്ങളാണ് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചത്.

തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴിൽ നിയമങ്ങൾ ജൂലൈയിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ഇത് പാസാക്കുകയുമുണ്ടായി. കൂലി, ഏകീകൃത വേതനം, ബോണസ്, കുറഞ്ഞ കൂലി എന്നിവ സംബന്ധിച്ചാണ് പ്രധാനമായും പരിഷ്കാരങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. പുതിയ നിയമം ഓഗസ്റ്റ് എട്ടിന് രാഷ്ട്രപതിയും അംഗീകരിച്ചു. വെള്ളിയാഴ്ച പുറത്ത് വിട്ട പുതിയ നിയമങ്ങളിൽ ഒരു മാസത്തിനകം പൊതുജനാഭിപ്രായം അറിയിക്കാം.

കുറ‍ഞ്ഞ കൂലിക്കുള്ള കുടുംബത്തിന്റെ മാനദണ്ഡം ദമ്പതിമാരടക്കം നാലു പേരാണ്. ഇവരിൽ ഒരാൾ മാത്രമായിരിക്കണം വരുമാനം ഉള്ളയാൾ. പ്രായപൂർത്തിയായ മൂന്ന് പേരുടെ പ്രതിദിന ഉപഭോഗം യൂണിറ്റിന് 2,700 കലോറിയാകണം. പ്രതിവർഷം 66 മീറ്റർ വസ്ത്രത്തിനും അവകാശമുണ്ടായിരിക്കും. ഭക്ഷ്യ‑വസ്ത്ര ചെലവിന്റെ പത്ത് ശതമാനം മാത്രമേ വീട്ടുവാടക ഇനത്തിൽ പെടൂ. മിനിമം കൂലിയുടെ ഇരുപത് ശതമാനമാണ് ഇന്ധനം, വൈദ്യുതി, മറ്റ് ചെലവുകൾ എന്നിവയ്ക്കായി വ്യവസ്ഥ ചെയ്യുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ചെലവുകൾ, മറ്റ് അടിയന്തരാവശ്യങ്ങൾ എന്നിവയ്ക്കായി മിനിമം വേതനത്തിന്റെ 25ശതമാനമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു.

അതേസമയം അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികൾക്ക് കുറ‍ഞ്ഞ വേതനം പുതിയ നിയമം ഉറപ്പാക്കുന്നുണ്ട്.

എന്നാൽ പുതിയ നിയമത്തിൽ ഭരണകക്ഷിയായ ബിജെപി അനുകൂല സംഘടനകൾ അടക്കം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അഭിപ്രായങ്ങൾ മന്ത്രാലയത്തെ അറിയിക്കുമെന്ന് ആർഎസ്എസ് അനുഭാവമുള്ള ബിഎംഎസിന്റെ അധ്യക്ഷൻ സജി നാരായണൻ പറഞ്ഞു. കുറഞ്ഞ കൂലിക്കപ്പുറം അടിസ്ഥാന വേതനമെന്നത് എഴുപത് വർഷമായി തങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ശേഷം ജീവിക്കാനുള്ള കൂലി എന്നതിലേക്ക് എത്തണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്. പുതിയ നിയമത്തിലെ അടിസ്ഥാന വേതനം തികച്ചും മനുഷ്യത്വവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് ഇവർ തന്നെ ആരോപിക്കുന്നു.

ആവശ്യത്തിന് അനുസരിച്ചുള്ള കൂലി എന്ന സുപ്രീംകോടതി മാർഗനിർദേശങ്ങൾ സർക്കാർ ഭക്ഷണവും വസ്ത്രവും എന്നാക്കി ചുരുക്കിയിരിക്കുന്നുവെന്ന് വർക്കിംഗ് പീപ്പിൾസ് ചാർട്ടറിന്റെ കോർഡിനേറ്റർ ചന്ദൻകുമാർ ആരോപിച്ചു.