ലണ്ടൻ: ബ്രിട്ടനിലെ ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ചരിത്രത്തിലാദ്യമായി വെള്ളക്കാരനല്ലാത്ത ഒരാൾ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ടോട്ടൻഹാം എംപിയായ ഡേവിഡ് ലാമിയാണ് ലേബർപാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന കാര്യം അറിയിച്ചിട്ടുള്ളത്.
ഒരു പൗരദേശീയതയാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നും ലാമി വ്യക്തമാക്കി. ഇത് നിറമോ മതമോ വംശീയതയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യങ്ങളിൽ ഊന്നിയുള്ള ദേശീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവർഷത്തിൽ തുടക്കമാകുന്ന നേതൃത്വ തെരഞ്ഞെടുപ്പ് നടപടിയിൽ ജെറെമി കോർബിന്റെ പിൻമുറക്കാരനാകാൻ ലാമിയും എത്തും.
ബോറിസ് ജോൺസന്റെ വംശീയ ദേശീയതയെ നേരിടാനാണ് തന്റെ തീരുമാനമെന്നും ലാമി അറിയിച്ചു. ബോറിസിന്റെ വംശീയ ദേശീയതയ്ക്ക് പകരം ലേബർ മുന്നോട്ട് വയ്ക്കുന്നത് പൗരദേശീയതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂല്യങ്ങളിലൂടെ നമുക്ക് ഐക്യപ്പെടാമെന്ന സന്ദേശമാണ് ഇതിലൂടെ ലേബർ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി രാജ്യത്തെ വൈവിധ്യമുള്ള ജനതയ്ക്ക് പരസ്പരം ഇടപഴകാൻ പുതിയ ഇടങ്ങൾ നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി പരിഷ്കാരങ്ങൾ ലാമി നിർദേശിക്കുന്നുണ്ട്. ബ്രിട്ടീഷ് അവകാശസംഹിതയുടെയും ഒരു എഴുതപ്പെട്ട ഭരണഘടനയുടെയും അടക്കമുള്ള പരിഷ്ക്കാരങ്ങളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. രാഷ്ട്രീയത്തിൽ കൂടുതൽ വിട്ടുവീഴ്ചകൾക്കായി ഒരു പുതിയ വോട്ടിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന ആശയവും അദ്ദേഹം പങ്കുവച്ചു. സാർവത്രിക അടിസ്ഥാന വരുമാനവും യുവാക്കൾക്ക് നിർബന്ധിത പൗരത്വ സേവനമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.
ലണ്ടനിൽ മികച്ച പിന്തുണയുള്ള വ്യക്തി കൂടിയാണ് ലാമി. കോർബിൻ തന്റെ സുഹൃത്താണെങ്കിലും അദ്ദേഹത്തിന്റെ പോരായ്മകളെ നിശിതമായി വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1935ന് ശേഷം ലേബർ നേരിട്ട ഏറ്റവും വലിയ പരാജയത്തിന് കാരണക്കാരൻ കോർബിൻ തന്നെയാണെന്നും ലാമി പറഞ്ഞു. സാമ്പത്തിക നീതിയെന്ന ലേബറിന്റെ വിശ്വാസം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിജയം കണ്ടില്ല. രാജ്യം ബ്രെക്സിറ്റിന്റെ വക്കത്ത് നിൽക്കുമ്പോൾ നേതൃത്വത്തിൽ നിന്ന് പിൻമാറാനുള്ള കോർബിന്റെ തീരുമാനവും അദ്ദേഹത്തിന്റെ ലോകകാഴ്ചപ്പാടിന്റെയും കാര്യക്ഷമതയുടെയും പരാജയമാണെന്നും ലാമി കുറ്റപ്പെടുത്തി.
ഇതുവരെ ലേബർ നേതൃത്വ പദവിയിലേക്ക് മത്സരിക്കാൻ രണ്ടുപേർ മാത്രമാണ് രംഗത്ത് എത്തിയിട്ടുള്ളത്. നിഴൽ വിദേശകാര്യമന്ത്രി എമിലി തോർൺബെറി, നിഴൽ ധനകാര്യമന്ത്രി ക്ലൈവ് ല്യൂവിസ് എന്നിവരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.
നിഴൽ ബ്രെക്സിറ്റ് മന്ത്രി കെയ്ർ സ്റ്റാർമെർ തന്റെ സ്ഥാനാർഥിത്വം പുതുവർഷത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. റെബേക്ക ലോങ് ബെയ്ലി, ലിസ നാൻഡി, ജെസ് ഫിലിപ്സ്, യുവെറ്റ കൂപ്പർ എന്നിവരും മത്സരരംഗത്തേക്ക് കടക്കുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.