വാങ്ങല്‍ശേഷി കുറവ് എന്നാല്‍…

Web Desk
Posted on November 25, 2019, 10:32 pm

k dileep യടുത്ത ദിവസങ്ങളില്‍ പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു പുതിയ വാക്കാണ് വാങ്ങല്‍ശേഷി കുറവ്. എന്താണ് ഈ പദത്തിന്റെ അര്‍ഥം? നല്ല മലയാളത്തില്‍ ദാരിദ്ര്യം എന്നുതന്നെ. ദരിദ്രന് എന്നും വാങ്ങല്‍ശേഷി കുറവുതന്നെ. വാങ്ങല്‍ശേഷിയുള്ളവനെ ഒരു നാട്ടിലും ദരിദ്രന്‍ എന്ന് വിളിക്കാറില്ല. പണക്കാരന്‍, മൊതലാളി, എന്നൊക്കെ വിളിക്കപ്പെടുന്ന ധനികനെ ഈ നാട്ടിലെ ജനതയില്‍ ഭൂരിപക്ഷം വരുന്ന ദരിദ്രരില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഏകകാര്യം ഈ വാങ്ങല്‍ശേഷിയാണ്. ധനികനേക്കാള്‍ പൊതുവെ ബുദ്ധി, സൗന്ദര്യം, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം ഒക്കെ കൂടുതലുള്ള ധാരാളം ദരിദ്രരുള്ള നാടാണ് ഇന്ത്യ. പക്ഷെ ഇന്ത്യയിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷം വരുന്ന ധനികര്‍ വാങ്ങിവാങ്ങി ഇനിയൊന്നും ഈ മഹാരാജ്യത്ത് ബാക്കിയില്ല എന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ബാക്കി തൊണ്ണൂറ്റി ഒന്‍പതേമുക്കാല്‍ ജനത്തിനും കാലണയ്ക്ക് വകയില്ലാതെ വരുന്നത് സ്വാഭാവികം മാത്രം.

ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം താഴെ ശതകോടീശ്വരന്മാരാണ് കൈവശം വച്ചിരിക്കുന്നത്. അതിന്റെ അര്‍ഥം ബാക്കി 99 ശതമാനത്തിന്റെ കയ്യില്‍ 27 ശതമാനം സമ്പത്ത് മാത്രമേയുള്ളൂ എന്നു കൂടിയാണ്. രാജ്യത്ത് പൊതുവെ പെട്ടെന്ന് ഒരു വാങ്ങല്‍ശേഷി കുറവ് സംഭവിച്ചിരിക്കുന്നു എന്ന് ആദ്യം വിളിച്ചു പറഞ്ഞത് വാഹന നിര്‍മ്മാതാക്കളാണ്. എത്ര പുതിയ മോഡല്‍ എത്ര വില കുറച്ചുകൊടുത്തിട്ടും ജനങ്ങള്‍ വാങ്ങുന്നില്ല. മാരുതിക്കുമാത്രം ചെറുകാര്‍ വിപണിയില്‍ 80 ശതമാനം ഇടിവു സംഭവിച്ചു. മറ്റ് കമ്പനികളുടെ കാര്യം അതിലും കഷ്ടം. അതോടൊപ്പം ത­ന്നെ മറ്റ് ഉപഭോ­ഗ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളും ജനങ്ങളുടെ പെട്ടെന്നുള്ള വിരക്തിയെക്കുറിച്ച് ആശങ്കാകുലരായി. ഒരു ആശങ്കയുമില്ലാതിരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കായിരുന്നു. ദിവസേന വ്യായാമം ചെയ്യേണ്ടതിന്റെയും ശുചിത്വം പുലര്‍ത്തേണ്ടതിന്റെയുമെല്ലാം പ്രാധാന്യം അദ്ദേഹം ഇന്ത്യയിലുളള ദിവസങ്ങളിലെല്ലാം ഊന്നിപ്പറഞ്ഞു. ഉല്ലാസവാനായി ഹിമാലയസാനുക്കളിലും കൊടുംകാടുകളിലുമൊക്കെ സഞ്ചരിച്ചു. ഇപ്പോഴിതാ കേന്ദ്ര സ്ഥിതിവിശേഷക്കണക്ക് മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഇന്ത്യയിലെ എല്ലാ സ്ഥിതിവിവരക്കണക്കുകളും ശാസ്ത്രീയമായി തയ്യാറാക്കുവാനായി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ഒരു വകുപ്പ്- ഇപ്പോള്‍ പറയുന്നു ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞു എന്ന്. അതുമാത്രമല്ല കഴിഞ്ഞ 40 വര്‍ഷക്കാലത്തിനിടയില്‍ ആദ്യമായാണത്രേ കഴിഞ്ഞവര്‍ഷം ജനങ്ങളുടെ വാങ്ങല്‍ശേഷി കുറയുന്നത്. അതും 3.7 ശതമാനം. ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ ചെലവ് 2017–18ല്‍ 8.8 ശതമാനം കുറഞ്ഞുവത്രെ.

2011-12 ല്‍ പ്രതിമാസം 643 രൂപ ഭക്ഷ്യവസ്തുക്കള്‍ക്കായി ഗ്രാമീണര്‍ ചെലവിട്ടുവെങ്കില്‍ 2017–18 ല്‍ ഇനി 581 രൂപയായി കുറഞ്ഞു. ഏതായാലും റിപ്പോര്‍ട്ട് പരസ്യമാക്കണ്ട എന്ന് മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഗുണപരമല്ല എന്നാണ് കണ്ടെത്തല്‍. തികച്ചും ശരി. ഈമാതിരി ഗുണമില്ലാത്ത കണക്കുകള്‍ എന്തിന് ജനങ്ങളിലെത്തിക്കണം? എത്ര നല്ല വാര്‍ത്തകളുണ്ട്. പശുവിന്‍പാലില്‍ സ്വര്‍ണമുണ്ട്. ആഗ്രയുടെ പഴയ പേര് ആഗ്രവന്‍ എന്നായിരുന്നു തുടങ്ങി എത്രയെത്ര വാര്‍ത്തകള്‍ ജനങ്ങള്‍ അറിയേണ്ടതായുണ്ട്? ഈ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്ന സ്ഥാപനമാകട്ടെ 1951 ല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സൃഷ്ടിച്ചതാണ്. കേന്ദ്ര പ്ലാനിംഗ് കമ്മിഷനടക്കം അനേകം അനാവശ്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയയാളാണ് ജവഹര്‍ലാര്‍ നെഹ്റു. ആ തെറ്റുകള്‍ ഒന്നൊന്നായി തിരുത്തിക്കൊണ്ടിരിക്കുകയാണ് മോഡിയും കൂട്ടരും. പ്ലാനിംഗ് കമ്മിഷന്‍ പിരിച്ചുവിട്ടു. പകരം നിതി ആയോഗ് എന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി. എന്തോ അത് തുടങ്ങിയത് രാഹുകാലത്തോ മറ്റോ ആയതിനാല്‍ അതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചവന്‍മാര്‍ ഓരോന്നായി രാജിവച്ചുപോകുന്നു. ഈ എന്‍എസ്ഒ എന്ന സ്ഥാപനമാകട്ടെ വേറെ ഒരു ജോലിയുമില്ലാത്തതിനാല്‍ രാജ്യം മുഴുവന്‍ തലങ്ങും വിലങ്ങും സര്‍വെ നടത്തുകയാണ്. ഈ സ്ഥാപനത്തിന് നാലു ഡിവിഷനുകളുണ്ട്. സര്‍വെ, ഡിസൈന്‍, റിസര്‍ച്ച് ഡിവിഷന്‍ (എസ്ഡിആര്‍ഒ) കല്‍ക്കത്തയില്‍, ഫീല്‍ഡ് ഓപ്പറേഷന്‍ ഡിവിഷന്‍ (എഫ്ഒഡി) ഡല്‍ഹിയില്‍, 117 ഫീല്‍ഡ് ഓഫീസുകള്‍ രാജ്യം മുഴുവന്‍. പിന്നെ ഡാറ്റ പ്രോസസിംഗ് ഡിവിഷന്‍ (ഡിപിഒ), ഇന്‍ഡസ്ട്രിയല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വിങ് (ഐഎസ്ഡബ്ല്യു) എന്നിങ്ങനെ ഈ സ്ഥാപനമാണ് വര്‍ഷംതോറും ജൂണ്‍ മാസത്തില്‍ വിവിധ മേഖലകളെ കുറിച്ചുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുന്നത്. എന്നിട്ടത് പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇവര്‍ പ്രസിദ്ധീകരിക്കുന്ന വിലനിലവാര സൂചിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ, സര്‍ക്കാര്‍ ജീവിതനിലവാര സൂചിക നിര്‍ണയിക്കുന്നത്.

ഒരു ഡയറക്ടര്‍ ജനറല്,‍ അഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍മാര്‍, നാല് ഡപ്യൂട്ടികള്‍, ആറ് ജോയിന്റ് ഡയറക്ടര്‍മാര്‍, 30 ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, 48 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ബാക്കി ഉദ്യോഗസ്ഥര്‍ എന്നിട്ടോ ഇപ്പോള്‍ കണ്ടുപിടിച്ചത് വാങ്ങല്‍ശേഷി കുറഞ്ഞു എന്ന്. അതും രാജ്യം ഉത്തരോത്തരം പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ഡൊണാള്‍ഡ് ട്രംപിനെ പോലെയുള്ള വിദേശ സാമ്പത്തിക വിദഗ്ധര്‍ പോലും പറയുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്ന കാലത്ത്. ഈ വകുപ്പൊക്കെ ഒരാവശ്യമില്ലാതെ നെ­ഹ്റു സൃഷ്ടിച്ചത് തന്നെ. ഈ വകുപ്പും പൂട്ടി അവിടെ ഒരു തെങ്ങ് നട്ടാല്‍ യോഗ കഴിഞ്ഞ് വരുമ്പോള്‍ കുടിക്കാന്‍ രണ്ട് കരിക്കെങ്കിലും കിട്ടും. രണ്ടും ഇന്ന് നേരിടുന്നത് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും കനത്ത വെല്ലുവിളികളാണ്. ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം അനവസരത്തില്‍ യാതൊരു വരുംവരായ്‌കകളും ആലോചിക്കാതെ നടപ്പിലാക്കിയ നോട്ടുനിരോധനവും ജിഎസ്‌ടി പരിഷ്കാരങ്ങളുമാണ് എന്ന് ഇന്നാര്‍ക്കും ഒരു സംശയത്തിനും ഇടയില്ല. ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നും വാങ്ങുന്നില്ല എന്നു പറഞ്ഞാല്‍ അവര്‍ ആഡംബര കാറുകളോ, വില്ലകളോ, തിളങ്ങുന്ന വസ്ത്രങ്ങളോ, കിന്നരി തലപ്പാവുകളോ വാങ്ങുന്നില്ല എന്നല്ല അതിനര്‍ഥം.

അവര്‍ ഒരു നേരത്തെ ഭക്ഷണത്തിനുള്ള ധാന്യം വാങ്ങുന്നില്ല എന്നാണ്. അതിനും കണക്കുകളുണ്ട്. ലോക പട്ടിണി സൂചിക (ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡ്കസ്) സൂചികയില്‍ പറയുന്നത് ഇന്ത്യയിലെ 39 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളും പോഷകാഹാരക്കുറവുമൂലം വളര്‍ച്ച മുരടിച്ചവരാണ് എന്നാണ്. ഓരോ 20 കുട്ടികളിലുമൊരാള്‍ അഞ്ച് വയസാകുന്നതിന് മുമ്പ് മരിച്ചുപോകുന്നുവെന്നാണ്. ലോകത്തെ 119 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ ഈ സൂചികയില്‍ ഇന്ത്യ103-ാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ 97-ാം സ്ഥാനത്ത് നിന്നാണ് വീണ്ടും താഴോട്ടുപോയി 103 ലെത്തിയിരിക്കുന്നത്. നമ്മെക്കാള്‍ പുറകിലുള്ള 16 രാജ്യങ്ങള്‍ മധ്യാഫ്രിക്കയിലെ വംശീയകലാപങ്ങളും ആഭ്യന്തരയുദ്ധങ്ങളും ഭരണാധികാരികളുടെ അഴിമതിയും മൂലം തകര്‍ന്ന രാജ്യങ്ങള്‍ മാത്രമാണെന്നതും നമുക്ക് പാഠമാകേണ്ടതാണ്.

വസ്തുതകള്‍ പൂഴ്ത്തിവച്ചും സത്യം പറയുന്നവനെ തുറുങ്കിലടച്ചും മനുഷ്യരെ വംശീയമായി ഉന്മൂലനം ചെയ്തും പുരോഗതിയെയും വിജയത്തെക്കുറിച്ചുമൊക്കെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും വലിയ് അനര്‍ഥങ്ങള്‍ സ്വന്തം ജനതയ്ക്ക് വരുത്തിവച്ച ഭരണകൂടങ്ങളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ചരിത്രം മറന്നുകൊണ്ട് വീണ്ടും അനേകം അബദ്ധങ്ങളിലേക്ക് ചെന്നുചാടുന്നത് ഇപ്പോള്‍ തന്നെ കൊടിയ ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ യാതനകള്‍ വര്‍ധിപ്പിക്കുവാന്‍ മാത്രമേ പര്യാപ്തമാവു. ഇനിയും വാങ്ങല്‍ശേഷി കുറയുക എന്നാല്‍ ബംഗാള്‍ ക്ഷാമകാലത്തെ പട്ടിണി മരണങ്ങള്‍ ആവര്‍ത്തിക്കുക എന്നുതന്നെയാണ് അര്‍ഥം. വാങ്ങല്‍ശേഷി ഇല്ലാതാവുമ്പോഴാണ് വില്‍ക്കല്‍ശേഷി വര്‍ധിക്കുന്നത്. പൊന്‍മുട്ടയിടുന്ന നവരത്ന കമ്പനികളില്‍ ഉള്‍പ്പെടുന്ന ഇക്കഴിഞ്ഞ വര്‍ഷം 7,132 കോടി അറ്റാദായമുണ്ടാക്കിയ ബിപിസിഎല്‍ അടക്കം വിറ്റുതുലയ്ക്കാന്‍ തീരുമാനമെടുക്കുന്നത് ആരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനാണ്?