വയനാട് ബ്യൂറോ

കല്‍പറ്റ

July 02, 2021, 3:43 pm

മഴക്കുറവ്: കൃഷിയിറക്കാവാതെ ജില്ലയിലെ നെല്‍കര്‍ഷകര്‍

Janayugom Online

കല്‍പറ്റ: മഴക്കുറവ് കാരണം നഞ്ച കൃഷിയിറക്കാനാവാതെ ജില്ലയിലെ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. മഴ കുറഞ്ഞതോടെ ഞാറ് നാടാന്‍ കഴിയാതെ കര്‍ഷകര്‍ ആശങ്കയിലാണ്. വെള്ളമില്ലാത്തതിനാല്‍ പാടത്ത് നഞ്ചകൃഷിക്കായി നിലമൊരുക്കാന്‍ പോലും കര്‍ഷകര്‍ക്ക് സാധിച്ചിട്ടില്ല. സാധാരണ ജൂണ്‍ അവസാനം നിലമൊരുക്കുകയാണ് പതിവ്. ഇത്തവണ ഈ പതിവ് തെറ്റിയിരിക്കയാണ്. മഴക്കുറവ് കര്‍ഷകരുടെ പ്രതീക്ഷകള്‍ പാടെ തകര്‍ത്തിരിക്കയാണ്. രണ്ടാഴ്ച മുമ്പ് വരെ ജില്ലയിലെങ്ങും തുടര്‍ച്ചയായി നാലഞ്ചു ദിവസം കനത്ത മഴ ലഭിച്ചതോടെ നെല്‍കൃഷിക്കായി വയലുകള്‍ ഒരുങ്ങിത്തുടങ്ങിയിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ വയലുകള്‍ വരണ്ടുതുടങ്ങിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ നിലമൊരുക്കി അടുത്ത മാസം രണ്ടാം വാരത്തോടെ ഞാറുനടീല്‍ നടത്താനാകുമെന്ന പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി മഴയില്ലാത്തതിനാല്‍ കര്‍ഷകരുടെ പ്രതീക്ഷകളും വരണ്ടുണങ്ങി. നിലമൊരുക്കലും വിത്തിറക്കലും വൈകും തോറും വിളവിന്റെ ലഭ്യതയും കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ ലഭിക്കുന്നത് വൈകിയാല്‍ നഞ്ചകൃഷി ഇത്തവണ വൈകുന്ന  അവസ്ഥയാണുണ്ടാവുക. ഇത് ജില്ലയിലെ കാര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ നെല്‍കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പ്രതീക്ഷിച്ചതിലധികം മഴയാണ് ലഭിച്ചത്. നെല്‍ കൃഷിക്ക് പുറമെ വാഴ, കപ്പ, വിവിധയിനം പച്ചക്കറികള്‍ക്കും മഴ അത്യാവശ്യമാണ്. ഏക്കര്‍ കണക്കിന് പാടത്ത് വെള്ളമെത്താനായി കാത്തിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. മഴ പെയ്താല്‍ ജില്ലയിലെ നെല്‍പാടങ്ങള്‍ സജീവമാകും.