പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തകരുടെ ബോട്ടില്‍ യുവതിക്ക് സുഖപ്രസവം

Web Desk
Posted on July 22, 2019, 4:22 pm

മോതിഹാരി ; പ്രളയത്തിനിടെ ദേശീയ ദുരന്ത നിവാരണ സേനയുടെ ബോട്ടില്‍ യുവതിക്ക് സുഖപ്രസവം. ബിഹാറിലെ മോതിഹാരിയില്‍ ആണ് ആശുപത്രിയിലെത്തിക്കാനുള്ള യാത്രക്കിടെ യുവതി പ്രസവിച്ചത്. ഗോബ്രിഗ്രാമവാസിയായ സബീന ഖട്ടൂണ്‍ (41)ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം  അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രസവത്തിനായി സബീനയെ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ വീട്ടുകാരെ സഹായിക്കാനാണ് വിവരമറിയിച്ചതനുസരിച്ച് ദുരന്ത നിവാരണ സേന ബോട്ടിലെത്തിയത്. ആശുപത്രിയിലേക്കുമാറ്റുന്നതിനിടെ പ്രസവവേദന വര്‍ദ്ധിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ വിജയ് ഝാ, സേനയുടെ നഴ്‌സിംങ് അസിസ്റ്റന്‍ഡ് റാണാപ്രതാപ് യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിചരണം ഒരുക്കിയത്.ആശുപത്രിയിലെത്തിക്കാനാവില്ലെന്നു മനസിലാക്കിയതോടെ ആശാപ്രവര്‍ത്തകരും ബന്ധുക്കളും സഹകരിച്ച് യുവതിക്ക് പ്രസവ സൗകര്യമൊരുക്കി. പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.