Janayugom Online
Divorced- Janayugom

വിവാഹത്തിനായി മതം മാറിയ ഭര്‍ത്താവിനെ വേണ്ടെന്ന് യുവതി

Web Desk

ന്യൂഡല്‍ഹി

Posted on August 28, 2018, 2:37 pm

വിവാഹത്തിനായി മതം മാറിയ യുവാവിനെ യുവതി ഉപേക്ഷിച്ചു. മതം മാറി വിവാഹം ചെയ്ത യുവാവിനെ വേണ്ടെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നും യുവതി പറഞ്ഞു. യുവതിയുടെ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

ഇന്നലെയാണ് ഹര്‍ജിയുമായി യുവാവ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രഛൂഢ് എന്നിവരാണ് കേസ് പരിഗണിച്ചത്.

ഇരുപത്തിമൂന്നുകാരിയായ ഹിന്ദു ജൈനയുവതിയെ വിവാഹം കഴിക്കുന്നതിനാണ് 33 കാരനായ മുസ്ലിം യുവാവ് മതം മാറിയത്. ഫെബ്രുവരിയില്‍ ആയിരുന്നു വിവാഹം. ഹേബിയസ് കോര്‍പ്പസിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോടതി വിളിച്ചുവരുത്തി. വിവാഹം നടന്നത് എന്നാണെന്നും ഭര്‍ത്താവിന്റെ ഒപ്പം ജീവിക്കേണ്ട എന്നു പറയുന്നതിന്റെ കാരണം എന്താണെന്നും ചോദിച്ചിരുന്നു. തനിക്ക് പ്രായപൂര്‍ത്തിയായെന്നും വിവാഹത്തിന് തന്നെ ആരും നിര്‍ബന്ധിച്ചില്ലെന്നും യുവതി പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം പോകുകയോ ഹോസ്റ്റലില്‍ താമസിക്കുകയോ വേണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്, മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്ന് യുവതി നിലപാട് എടുക്കുകയായിരുന്നു.