കുട്ടനാടിനെ വിറപ്പിച്ച് ചുഴലിക്കാറ്റ്; ലക്ഷങ്ങളുടെ നഷ്ടം

Web Desk
Posted on August 08, 2019, 1:12 pm

ആര്‍ ബാലചന്ദ്രന്‍

ആലപ്പുഴ: ഇന്നലെയും ഇന്നുമായി കുട്ടനാടിനെ വിറപ്പിച്ച് കടന്നുപോയ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് റവന്യു അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായ ജില്ലയില്‍ കാലാവസ്ഥ പ്രതികൂലമായിരുന്നു. പ്രധാനമായും എടത്വ, മുട്ടാര്‍ നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഒരു വീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്.

തലനാരിഴക്കാണ് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തലവടി പഞ്ചായത്ത് മുണ്ടുകാട്ട് സുകുമാരന്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വെളുത്തേടത്ത് ശോഭയുടെ വീടിന് മുകളിലേക്ക് മഞ്ചാടി മരവും തൊണ്ടപറമ്പില്‍ പൊന്നമ്മ ഗോപിനാഥ് വീടിന് മുകളിലേക്ക് അടയ്ക്കാമരം മറിഞ്ഞുവീണു. ചക്കുളത്തുകാവ് കുതിരച്ചാല്‍ കോളനിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റു. കോഴിമുക്ക് സെന്റ് ജോസഫ് പള്ളിയുടെ വികാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഷീറ്റുകള്‍ പറന്നുപോയി.
സമീപത്തെ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഷീറ്റും നെല്ലിക്കല്‍ ആന്റണി മാത്യുവിന്റെ വീടിന്റെ ഷീറ്റുകളും പറന്ന് നെല്ലിക്കല്‍ മാര്‍ട്ടിന്റെ വീടിന്റെ പുറത്ത് വീണ് വസതിക്ക് കേടുപാടുകള്‍ സംഭവിച്ചു. കന്നയില്‍ ജിമ്മിച്ചന്റെ വീടിന് മുകളിലേക്ക് പുളിമരം, മാവ്, പൂവരശ് എന്നിവ വീണാണ് വീട് തകര്‍ന്നത്.

കന്നയില്‍ ജയിംസിന്റെ വീടിന് മുകളിലും മരങ്ങള്‍ വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. മരം വീണ് കന്നയില്‍ ആന്റണിയുടെ വീടും കാലിതൊഴുത്തും തകര്‍ന്നു. വീട് മുക്കാല്‍ ഭാഗവും പശുതൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു. പ്ലാവ് വീടീന്റെ മുകളില്‍ വീണതിനെ തുടര്‍ന്ന് പൂവത്തകുന്നേല്‍ പി സി. ജോസഫിന്റെ വീടും തകര്‍ന്നു. കറുകയില്‍ മോന്‍സി, കുന്നേല്‍ ഔസേപ്പച്ചന്‍ എന്നിവരുടെ വീടുകളും മരം വീണ് തകര്‍ന്നു. മാവ് വീണതിനെ തുടര്‍ന്ന് തെക്കേപേരങ്ങാട് ഔസേപ്പച്ചന്റെ വീട് ഭാഗീകമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും റിവന്യു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. വീടിന് മുകളിലേക്ക് വീണ മരങ്ങള്‍ വെട്ടിമാറ്റികൊണ്ടിരിക്കുകയാണ്. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ നല്‍കുന്നത്.

ഇതുവരെ ജില്ലയില്‍ 49.55 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടും വെള്ളിയാഴ്ച യെല്ലോ അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കടല്‍ക്ഷോഭവും അനുഭവപ്പെടുന്നതോടെ തീരദേശത്തും അതീവ ജാഗ്രതയിലാണ്. മത്സ്യത്തൊഴിലാളികളോട് കടലില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ആറ് താലൂക്കുകളിലും മഴ കനത്ത നാശനഷ്ടമാണ് വരുത്തിയത്. കാര്‍ത്തികപ്പള്ളിയില്‍ ഒരു വീട് ഭാഗീകമായും ചേര്‍ത്തലയില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ട് വീട് ഭാഗീകമായും നാശം സംഭവിച്ചു. അമ്പലപ്പുഴയില്‍ രണ്ട് വീടുകളാണ് ഭാഗീകമായി തകര്‍ന്നത്.

ശക്തമായ കാറ്റില്‍ മാവേലിക്കരയിലും കുട്ടനാട്ടിലും കെ എസ് ഇ ബിയുടെ നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. ഇതേതുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി മണിക്കൂറോളം മുടങ്ങി. കെ എസ് ഇ ബിക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മാവേലിക്കര കുറത്തികാട് എന്‍ എസ് എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇവരെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം നിരീക്ഷിച്ച് വരുകയാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നത്.