സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി

October 10, 2021, 10:45 pm

ലഖിംപൂര്‍ ഖേരി കൂട്ടക്കുരുതി: മന്ത്രിപുത്രന്‍ റിമാന്‍ഡില്‍

Janayugom Online

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കുരുതിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര റിമാന്‍ഡില്‍. 12 മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറി എട്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ആറുദിവസത്തിനുശേഷമാണ് അറസ്റ്റ്. ഇയാളുടെ അറസ്റ്റിന് വേണ്ടി കർഷകർ രാജവ്യാപക പ്രക്ഷോഭത്തിലായിരുന്നു. കൊലപാതക കുറ്റം ചുമത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ സുപ്രീം കോടതി യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്. കോടതിയില്‍ ഹാജരാക്കി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആശിഷിനെ രാത്രി ഒരു മണിയോടെ ലഖിംപൂര്‍ ഖേരി ജയിലിലേക്കും മാറ്റി.

ക്രൈം​​​ബ്രാ​​​ഞ്ച് ഹെ​​​ഡ് ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിപുത്രനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനാവശ്യമായ വാദങ്ങള്‍ ഉയര്‍ത്താന്‍ ആശിഷിന് കഴിയാത്ത സാഹചര്യത്തിലാണ് ഒടുവില്‍ അറസ്റ്റുണ്ടായത്. ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചിരുന്നില്ല. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും പൊരുത്തക്കേടുകൾ ഉള്ള പല പ്രസ്താവനകളും പറഞ്ഞതായും പൊലീസ് അറിയിച്ചു. 30ലധികം ചോദ്യങ്ങളുള്ള പ്രത്യേക ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നത്. ചോദ്യം ചെയ്യൽ മുഴുവൻ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.

ആശിഷ് മിശ്രയെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അപേക്ഷ ഇന്ന് രാവിലെ 11 ന് കോടതി പരിഗണിക്കും. കൊലപാതക ശ്രമം, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ആശിഷ് മിശ്രയ്ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കായുള്ള ആവശ്യം കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമാക്കിയിട്ടുണ്ട്. മകനെതിരേ എന്തെങ്കിലുമൊരു തെളിവുണ്ടെങ്കിൽ താൻ രാജിവയ്ക്കുമെന്നാണ് നേരത്തേ അജയ് മിശ്ര അവകാശപ്പെട്ടിരുന്നത്. സംഭവസമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷിന്റെ വാദവും അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ മന്ത്രിയുടെ രാജി അനിവാര്യമായി മാറിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Lakhim­pur kheri mas­sacre min­is­ter’s son remanded

 

You may like this video also