24 April 2024, Wednesday

ലഖിംപൂര്‍ ഖേരി: വീണ്ടും ഹത്രാസ് ആവര്‍ത്തിക്കുന്നു

Janayugom Webdesk
September 17, 2022 5:00 am

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് എല്ലായിപ്പോഴും വാർത്തകളിൽ സ്ഥാനംപിടിക്കുന്നത് നീചവും അപമാനകരവുമായ കാര്യങ്ങളുടെയും സംഭവങ്ങളുടെയും പേരിലാണ്. രാജ്യത്തിന്റെ ഭരണസാരഥ്യം നിർണയിക്കുന്നതും ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയയ്ക്കുന്ന ആ സംസ്ഥാനം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന വാരാണസി ഉൾപ്പെട്ട ഉത്തർപ്രദേശ് ഹീന കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി തുടരുന്നത് രാജ്യത്തിന് അപമാനകരമാണ്. തന്റെ ഭരണത്തിൽ സംസ്ഥാനത്ത് നിയമവാഴ്ച ഏറെ മെച്ചപ്പെട്ടുവെന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന സംഭവങ്ങളാണ് അവിടെനിന്നു ദിനംപ്രതിയെന്നോണം പുറത്തുവരുന്നത്. ആദിത്യനാഥിന്റെ അവകാശവാദങ്ങൾക്ക് മേലൊപ്പ്നൽകി അദ്ദേഹത്തെ തന്റെ പിൻഗാമിയായി ചിത്രീകരിക്കാൻപോലും മടിക്കാത്ത മോഡിക്ക് അവിടെ അരങ്ങേറുന്ന കറ്റകൃത്യ പരമ്പരകളുടെ ധാർമ്മിക ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറാനാവില്ല. രാജ്യത്ത് ഇതിനകം കുപ്രസിദ്ധിയാർജിച്ച ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാവാത്ത രണ്ട് ദളിത് സഹോദരിമാരെ ബലംപ്രയോഗിച്ചു തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ സംഭവം രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. അതിൽ ലജ്ജിച്ചു തലകുനിക്കാത്തവരും അതിനെ നിശിതമായി അപലപിക്കാത്തവരുമായി ആരെങ്കിലും ഉണ്ടെങ്കിൽ അത് ബിജെപി കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളും ആർഎസ്എസ്-സംഘ്പരിവാർ സ്ഥാപനങ്ങളും മാത്രമായിരിക്കും. രാജ്യത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി സ്ഥാപിതമായതും ബിജെപി പ്രതിനിധികൾ നേതൃത്വംനല്കുന്നതുമായ വനിതാ കമ്മിഷന്റെ ഇക്കാര്യത്തിലെ നിശബ്ദതയും അമ്പരപ്പിക്കുന്നതാണ്.


ഇതുകൂടി വായിക്കൂ: പതിവുകാഴ്ചയാകുന്ന ഭാരത് ജോഡോ യാത്ര


ലഖിംപൂർ ഖേരിയിൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒട്ടും പുതുമയുള്ള സംഭവമല്ല. 2021 ഒക്ടോബർ മൂന്നിന് അവിടെ നാലുകർഷകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം എട്ടുപേർ കൊല്ലപ്പെട്ട സംഭവം ഇനിയും വിസ്മരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിലാണ് കർഷക പ്ര ക്ഷോഭത്തോടുള്ള എ തിർപ്പ് കൂട്ടക്കൊലയിൽ കലാശിച്ചത്. പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാനാണ് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ശ്രമിച്ചത്. സുപ്രീം കോടതിയടക്കം നടത്തിയ കർശന ഇടപെടലിനെ തുടർന്നാണ് ആശിഷ് മിശ്രയെ അറസ്റ്റ്ചെയ്തത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച അജയ് മിശ്ര ഇപ്പോഴും മോഡി മന്ത്രിസഭയിൽ തുടരുന്നു എന്നത് നിയമവാഴ്ചയോടുള്ള ബിജെപിയുടെ സമീപനമാണ് തുറന്നുകാട്ടുന്നത്. ഇപ്പോഴത്തെ കുറ്റകൃത്യത്തെപ്പറ്റി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയും ബന്ധുക്കളും നൽകിയ പരാതി തുടക്കത്തിൽ സ്വീകരിക്കാൻ വിസമ്മതിച്ച യുപി പൊലീസ് കുറ്റവാളികളുടെ ചെയ്തികളെ ന്യായീകരിക്കാനും പെൺകുട്ടികളുടെ സ്വാഭാവഹത്യക്കുപോലും ശ്രമിക്കുകയുണ്ടായി. സ്ത്രീകളുടെയും ദളിതരുടെയും സംരക്ഷകരായി ഭാവിക്കുന്ന ബിജെപി ഭരണകൂടം തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിന് വർഗീയതയുടെ നിറംനൽകാനും രോഷാകുലരായ ജനങ്ങളെ മതത്തിന്റെപേരിൽ ഭിന്നിപ്പിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. കുറ്റവാളികളുടെ മതത്തിന്റെ പേരിൽ കർഷക പ്രക്ഷോഭത്തിലൂടെ പടിഞ്ഞാറൻ യുപിയിൽ വളർന്നുവന്ന കൃഷിക്കാരുടെ ഐക്യം തകര്‍ക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

നിയമവാഴ്ച ഉറപ്പിക്കാനെന്നപേരിൽ ആദിത്യനാഥ് ഭരണത്തിൽ യുപിയിൽ നടക്കുന്നത് മനുഷ്യാവകശ ലംഘനങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും ബുൾഡോസർ രാജും മാത്രമാണെന്ന് വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നു. 2017–22 കാലയളവിൽ സംസ്ഥാനത്ത് നടന്ന 9,434 പൊലീസ് ക്രിമിനൽ ഏറ്റുമുട്ടലുകളുടെ പേരിൽ ഇരുനൂറോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ കുറ്റകൃത്യങ്ങൾ ഏറുകയല്ലാതെ കുറയുന്നില്ലെന്ന് അതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 2021 ലെ ക്രൈം റെക്കോഡ്സ് ബ്യുറോയുടെ കണക്കുകൾപ്രകാരം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 56,083 കേസുകളുമായി യുപിയാണ് ഒന്നാം സ്ഥാനത്ത്. അതേവർഷം വരെ യുപിയിൽ ദളിതർക്കെതിരായ അതിക്രമങ്ങളുടെ പേരിൽ എടുത്ത 70,818 കേസുകളിൽ അന്വേഷണം പൂർത്തിയാവേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ദളിത് പെൺകുട്ടികൾ ഇരകളാക്കപ്പെട്ട ഹത്രാസ്, ലഖിംപൂർ ഖേരി സംഭവങ്ങൾ വിലയിരുത്തപ്പെടാൻ. ‘നാരി ശക്തി‘യെപ്പറ്റിയും ദളിത് ശാക്തീകരണത്തെപ്പറ്റിയുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും മുദ്രാവാക്യങ്ങൾ വെറും ഗീർവാണങ്ങൾ മാത്രമാണെന്ന് ലഖിംപൂർ ഖേരി രാജ്യത്തെ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.