24 April 2024, Wednesday

Related news

September 15, 2022
May 9, 2022
March 11, 2022
January 11, 2022
December 14, 2021
November 14, 2021
November 10, 2021
November 8, 2021
October 26, 2021
October 23, 2021

ലഖിംപുർ ഖേരി: സാക്ഷികൾക്ക് സംരക്ഷണം നൽകണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂ‍ഡൽഹി
October 26, 2021 10:46 pm

ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ സാക്ഷികൾക്ക് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. സിആർപിസി 164 വകുപ്പ് പ്രകാരം ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പിൽ പ്രധാനപ്പെട്ട സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ലഖിംപുര്‍ ഖേരി മജിസ്ട്രേറ്റിന്റെ അഭാവമുണ്ടായാല്‍ അടുത്ത് ലഭ്യമായ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്തണം. ഇക്കാര്യം ബന്ധപ്പെട്ട ജില്ലാ ജഡ്ജിമാർ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. കേസന്വേഷണം സംബന്ധിച്ച് യുപി സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോട്ട് പരിശോധിക്കുന്നതിനിടെയായിരുന്നു ഈ നിർദ്ദേശങ്ങൾ.

നൂറുകണക്കിന് ആളുകൾ കൂടിനിന്നിടത്തുണ്ടായ സംഭവത്തിൽ 23 ദൃക്സാക്ഷികൾ മാത്രമേ ഉള്ളൂ എന്നത് ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

44 സാക്ഷിമൊഴികള്‍ പരിശോധിച്ചു എന്ന സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ വാദത്തെ കോടതി ചോദ്യം ചെയ്തു. കേസിലെ എത്ര പ്രതികൾ പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിൽ ഉണ്ടെന്ന് അറിയാൻ സാധിക്കുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. കൂടുതൽ ദൃക്‌സാക്ഷികളെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കണമെന്ന് സുപ്രീം കോടതി സാൽവെയോട് വാക്കാൽ പറഞ്ഞു.

കേസിൽ പ്രതിചേർത്തിട്ടുള്ള 10 പേരിൽ നാലു പേർ മാത്രമാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റുള്ളവരുടെ പൊലീസ് കസ്റ്റഡി മൂന്ന് ദിവസം മാത്രമാണ്. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 10 പ്രതികളിൽ നാലു പേരുടെ മൊഴികൾ മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

സംഭവ ദിവസം ആൾക്കൂട്ട മർദ്ദനത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനും യുപി സർക്കാരിന് കോടതി നിർദ്ദേശം നൽകി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി ആദിത്യനാഥ് സർക്കാരിന് താക്കീത് നൽകിയിരുന്നു.

ഈ മാസം മൂന്നിനാണ് യുപിയിലെ ലഖിംപുർ ഖേരിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷക സംഘത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിലെ കാർ ഇടിച്ചുകയറ്റിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നത്. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കേസിൽ സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് ഒക്ടോബർ 11ന് ആശിഷിനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ഹർജിയിൽ അടുത്തമാസം എട്ടിന് വീണ്ടും വാദം കേൾക്കും.

 

Eng­lish Sum­ma­ry: Lakhim­pur Kheri: Wit­ness­es should be giv­en pro­tec­tion: Supreme Court

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.