കെ രംഗനാഥ്

ദുബായ്

April 07, 2020, 8:54 pm

ഗള്‍ഫ് വ്യോമയാനരംഗത്ത് ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

Janayugom Online

പടര്‍ന്നു പന്തലിച്ച ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമയാന മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഈ വര്‍ഷം ഈ മേഖലയിലെ 2,87,863 പേരുടെ ജോലി നഷ്ടപ്പെടുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) മുന്നറിയിപ്പ് നല്കി. ഗള്‍ഫ് രാജ്യങ്ങളിലെ വിമാനകമ്പനികള്‍ക്കു മാത്രം 18.6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അസോസിയേഷന്‍ കണക്കാക്കുന്നു. എട്ട് ലക്ഷം പേര്‍ക്കു തൊഴില്‍ നല്കുന്ന ഈ മേഖലയില്‍ യുഎഇയില്‍ മാത്രം 4.2 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകും. യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ 14 ശതമാനത്തോളം വ്യോമയാന മേഖലയില്‍ നിന്നാണ്. 4750 കോടി ഡോളര്‍ സംഭാവന നല്കുന്ന വ്യോമഗതാഗതരംഗം കോവിഡ് 19മൂലം പറയുന്നതു നഷ്ടക്കണക്കുകള്‍ മാത്രം.

കൊറോണ ബാധയ്ക്കിടയില്‍ യുഎഇയിലെ മാത്രം വിമാന സര്‍വീസുകള്‍ താറുമാറായതുമൂലം യാത്രക്കാരില്‍ 2.38 കോടിയുടെ കുറവുണ്ടായതായും അസോസിയേഷന്‍ കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും വ്യാപകമായി തകര്‍ച്ചയില്‍ നിന്നു പിടിച്ചുനില്ക്കാനുള്ള ശ്രമങ്ങള്‍ ഗള്‍ഫ് വിമാന കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു. 2030 ആകുമ്പോഴേയ്ക്കും ഗള്‍ഫിലെ വ്യോമയാനരംഗത്ത് 1.40 കോടി പേര്‍ക്ക് തൊഴിലും 12,800 കോടി ഡോളറിന്റെ വരുമാനവും പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊറോണയില്‍ ഇതെല്ലാം തകിടംമറിഞ്ഞിരിക്കുന്നു. കൂനിന്മേല്‍ കുരുവെന്ന മട്ടില്‍ എണ്ണ വിലയിലെ ഭീമമായ തകര്‍ച്ചയും. യുഎഇയിലെ ദേശീയ വിമാനകമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെദുബായ് എന്നിവയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വമ്പിച്ച ഉത്തേജക പാക്കേജുകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഈ പ്രതിസന്ധിക്കിടെ അതെല്ലാം കടലില്‍ കായം കലക്കിയതുപോലെ അപര്യാപ്തവും.

ഗള്‍ഫും മറ്റ് അറബി രാഷ്ട്രങ്ങളും ഉള്‍പ്പെടുന്ന മധ്യപൂര്‍വദേശ‑ഉത്തരാഫ്രിക്കന്‍ മേഖലയില്‍ 86 ലക്ഷം പേര്‍ക്ക് തൊഴിലും 1.35 ലക്ഷം കോടി രൂപയുടെ വരുമാനവുമുണ്ടാക്കുന്ന വ്യോമയാന വ്യവസായമാണ് അഭൂതപൂര്‍വമായ തകര്‍ച്ച നേരിടുന്നതെന്ന് അസോസിയേഷന്റെ മേഖലാ വെെസ് പ്രസിഡന്റ് മുഹമ്മദ് അല്‍ബക്റി പറയുന്നു. പരോക്ഷമായി ഏറ്റവുമധികം തൊഴില്‍ നല്കുന്ന വ്യോമയാന വ്യവസായത്തില്‍ ഒരാളുടെ ജോലി മുഖേന 24 പേര്‍ക്കാണ് പരോക്ഷമായ തൊഴിലവസരങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയില്‍ 2.17 ലക്ഷം പേര്‍ക്കും ഖത്തറില്‍ 53,640 പേര്‍ക്കും വ്യോമയാന മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നും അസോസിയേഷന്‍ കണക്കാക്കുന്നു. ബഹ്റെെന്‍, കുവെെറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് മേഖലയിലെ എയര്‍ലെെന്‍സ് വ്യവസായവും തകര്‍ച്ചയുടെ വക്കിലായതിനാല്‍ അവിടെയും തൊഴില്‍നഷ്ടം പതിനായിരങ്ങളിലേക്ക് ഉയരുമെന്ന ആശങ്കയുമുണ്ട്.

you may also like this video;