Web Desk

കവരത്തി

June 06, 2021, 1:01 pm

ലക്ഷദ്വീപുകാരല്ലാത്തവരെല്ലാം നാടുവിടണം: വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍

Janayugom Online

തലതിരിഞ്ഞ ഉത്തരവുകളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ പട്ടേൽ ലക്ഷ ദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന നപടികളുമായി നീങ്ങുകയാണ്. ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാനാണ് പുതിയ ഉത്തരവ്. ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നും വീണ്ടും ദ്വീപിലെത്തണമെങ്കിൽ എഡിഎമ്മിന്റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. കഴിഞ്ഞ 29 നാണ് ഒരാഴ്ച സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു.

ലക്ഷദ്വീപിലേക്ക് ഇപ്പോൾ യാത്രകൾക്ക് അനുമതി ഇല്ല. പെർമിറ്റ് ലഭിക്കണമെങ്കിൽ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. അതോടൊപ്പം തന്നെയാണ് നിലവിൽ പെർമിറ്റ് ഉള്ളവരുടേത് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവും നടപ്പിലാക്കുന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി നിരവധി പേരാണ് ലക്ഷദ്വീപിൽ ജോലി ചെയ്യുന്നത്.

ഇവരെ ഉത്തരവ് കാര്യമായി ബാധിക്കും. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ഭരണകൂടം പറയുന്നത്. എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും ഓരോ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ ബോട്ടുകളിലും തീരങ്ങളിലും ഹെലിപാഡിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നു. ദ്വീപിന് സമീപം കടലിലും പരിശോധന ശക്തമാക്കും. ദ്വീപ് ജനതയെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് പുതിയ ഉത്തരവെന്ന് പരക്കെ ആക്ഷേപമുണ്ട്.

Eng­lish sum­ma­ry; Lak­shad­weep admin­is­tra­tor issues con­tro­ver­sial order again

You may also like this video;