28 March 2024, Thursday

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗാന്ധിജയന്തി ആഘോഷത്തിന് കോടികൾ മുടക്കുന്നു; ടെണ്ടർ കൊടുത്തത് ഗുജറാത്ത് കമ്പനിക്ക്

Janayugom Webdesk
കൊച്ചി
September 22, 2021 6:53 pm

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗാന്ധിജയന്തി ആഘോഷത്തിന് 1.39 കോടി രൂപ ചിലവിടുന്നത് ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്ത് ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കവരത്തി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡാണ് ചുക്കാന്‍പിടിക്കുന്നത്. ഒരു കോടിക്ക് ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ക്ഷണിച്ച ടെന്‍ഡറാണ് പിന്നീട് 1.39 കോടിക്ക് അനുവദിച്ചിരിക്കുന്നത്.ടെന്‍ഡര്‍ ലഭിച്ച കമ്പനിയുടെ ഇടപാടുകാരുടെപട്ടികയില്‍ ബിജെപിയും ഗുജറാത്ത് സര്‍ക്കാരുമടക്കമുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ‘വൈബ്രന്റ് ഗുജറാത്ത്’ 2013‑ന്റെ സംഘാടകര്‍ കൂടിയായിരുന്നു ഈ കമ്പനി.

കവരത്തിയില്‍ ഗാന്ധിജയന്തി ആഘോഷിക്കാന്‍, കവരത്തി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന്റെ പേരിലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളം ആസ്ഥാനമായ രണ്ടു കമ്പനികളടക്കം ആറു കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഗുജറാത്ത് കമ്പനി 1.39 കോടി രേഖപ്പെടുത്തിയപ്പോള്‍ കേരളം ആസ്ഥാനമായ കമ്പനി 97.25 ലക്ഷവും ഡല്‍ഹി ആസ്ഥാനമായ കമ്പനി 1.09 കോടിയുമാണ് രേഖപ്പെടുത്തിയത്.

ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ തലത്തില്‍ പ്രത്യേകമായി മാര്‍ക്കുകൂടി നല്‍കിയാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. ടെക്നിക്കല്‍ വിഭാഗത്തില്‍ ഗുജറാത്തിലെകമ്പനിക്ക് 89.59 മാര്‍ക്കും തൊട്ടുപിന്നിലുള്ളവര്‍ക്ക് 80.40, 77.72 മാര്‍ക്കുകളാണ് ലഭിച്ചത്. മെഗാ എക്‌സ്പോകള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുള്ള മുന്‍പരിചയത്തിന്റെ പേരിലാണ് ഈ കകമ്പനിക്ക് ടെന്‍ഡര്‍ അനുവദിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലക്ഷദ്വീപില്‍ സ്ഥാപിക്കാന്‍ കൊണ്ടു വന്ന ഗാന്ധി പ്രതിമ ഇറക്കാന്‍ സാധിക്കാതിരുന്നത് ദ്വീപുകാരുടെ പ്രതിഷേധം കൊണ്ടാണെന്നും അല്ലെന്നുമുള്ള വാദങ്ങളെ ചൊല്ലി ഇടക്കാലത്തു വിവാദം ഉയർന്നിരുന്നു. മോശം കാലാവസ്ഥ മൂലമാണു പ്രതിമ ഇറക്കാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു ഒരു കൂട്ടർ വാദിച്ചപ്പോൾ ദ്വീപ് നിവാസികൾ ഗാന്ധിജിക്ക് എതിരാണെന്നായിരുന്നു സംഘപരിവാർ ശക്തികളുടെ വാദം . 

ENGLISH SUMMARY:Lakshadweep gov­ern­ment spends crores on Gand­hi Jayan­ti celebration
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.