കെ കെ ജയേഷ്

കോഴിക്കോട് ബ്യൂറോ

June 01, 2021, 6:40 pm

നാടിനെക്കുറിച്ചുള്ള ആശങ്കയുമായി കേരളത്തില്‍ ജീവിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍

Janayugom Online
നാടിനെക്കുറിച്ചുള്ള ആശങ്കയുമായി കേരളത്തിൽ ജീവിക്കുന്ന ലക്ഷദ്വീപ് നിവാസികൾ. ജനിച്ചുവളർന്ന മണ്ണ് തങ്ങൾക്ക് നഷ്ടമാകുമോ എന്ന ഭീതിയിലാണ് തങ്ങളെല്ലാവരുമെന്ന് കൽപേനി സ്വദേശി കോഴിക്കോട് മർക്കസിൽ ജോലി ചെയ്യുന്ന കെ കെ ഷമീം പറഞ്ഞു.
പഠന ആവശ്യാർത്ഥവും പിന്നീട് ജോലി സംബന്ധമായും 2005 മുതൽ കെ കെ ഷമീം കേരളത്തിലാണ്. ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. നാട്ടിൽ നിന്ന് ബന്ധുക്കൾ വിളിക്കുമ്പോൾ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത്. പ്രഫുൽ കെ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളെല്ലാം നാടിനെ തകർക്കുന്നതാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം കേസുകളിൽ അകപ്പെടുത്തുന്നു. മനുഷ്യാവകാശങ്ങളെല്ലാം അവിടെ ഹനിക്കപ്പെടുന്നു. കേരളത്തിലുള്ള തന്റെ പല സുഹൃത്തുക്കളും തനിക്കൊപ്പം പല തവണ ദ്വീപിൽ വന്നിട്ടുണ്ട്. ചെറു സംഘട്ടനങ്ങൾ പോലും ഉണ്ടാവാത്ത ദ്വീപിലെ സമാധാനാന്തരീക്ഷത്തിൽ അവരെല്ലാം അദ്ഭുതപ്പെട്ടിട്ടുണ്ട്. വീണുപോയ പണം പോലും മൂന്നു മണിക്കൂറിനുള്ളിൽ ഉടമയ്ക്ക് തിരികെ കിട്ടും. വീണു കിട്ടുന്ന മറ്റൊരാളുടെ പണം പോലും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരെയാണ് ബിജെപി നേതാക്കൾ മയക്കുമരുന്ന് കച്ചവടക്കാരും ആയുധക്കടത്തുകാരും തീവ്രവാദികളുമായി മുദ്രകുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപിൽ നിന്ന് ലഭിച്ചിരുന്ന ശുദ്ധമായ പാലുത്പന്നങ്ങളുടെ രുചി ഇപ്പോഴും നാവിലുണ്ട്. അതെല്ലാം ഇല്ലാതാക്കിയാണ് ദ്വീപിലേക്ക് പുറത്തു നിന്നും പാലെത്തിക്കുന്നത്. മാംസാഹാരം പോലും ഇല്ലാതാക്കാനാണ് ശ്രമം. ഓരോ നാടിനും ഒരു സംസ്ക്കാരമുണ്ട്. ഏത് വികസന പ്രവർത്തനങ്ങളും നാടിന്റെ സംസ്ക്കാരം അനുസരിച്ചാണ് നടപ്പിലാക്കേണ്ടത്. എന്നാൽ നാടിനെ കോർപ്പറേറ്റുകൾക്ക് മുമ്പിൽ അടിയറ വെക്കാനുള്ള നീക്കങ്ങളാണ് ഉണ്ടാവുന്നത്. പ്രഫുൽ പട്ടേൽ ആദ്യമായി ലക്ഷദ്വീപിലെത്തിയത് കോവിഡ് പ്രോട്ടോക്കോൾ മുഴുവൻ ലംഘിച്ചുകൊണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത മെഡിക്കൽ ഓഫീസറെ സ്ഥലം മാറ്റുകയും ബിജെപി നേതാവിന്റെ ഭാര്യയെ മെഡിക്കൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. മറ്റെല്ലാം നാടുകളും കോവിഡ് മുക്തമാക്കാൻ പരിശ്രമിക്കുമ്പോൾ കോവിഡ് പരത്താനാണ് പട്ടേൽ ശ്രമിച്ചത്. പൗരത്വ സമര കാലത്ത് രാജ്യത്തെല്ലായിടത്തും വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. പട്ടേൽ ദ്വീപിലെത്തിയപ്പോൾ കണ്ട മോദിക്കെതിരായ ബോർഡ് ആര് സ്ഥാപിച്ചതാണ് എന്ന് അന്വേഷിക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്. സ്ഥാപിച്ച വ്യക്തികളെ പൊലീസിന് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോൾ ബോർഡ് നിന്ന സ്ഥലത്തിന്റെ ഉടമയ്ക്കെതിരെ കേസെടുക്കാനായിരുന്നു പട്ടേലിന്റെ ഉത്തരവ്. ദ്വീപിലെ തദ്ദേശീയരായ ജീവനക്കാരെ മുഴുവൻ സ്ഥലം മാറ്റി നോർത്തിൽ നിന്നും ഭാഷയറിയാത്ത ഉദ്യോഗസ്ഥരെ ദ്വീപിൽ നിയമിക്കുകയുമാണ്. നാടറിയാത്ത ആളുകൾ ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ ദ്വീപ് വലിയ ഭീതിയിലാണ്. കൃത്യമായ അജണ്ടകളോടെയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തിയതെന്ന് വ്യക്തമാണെന്നും ഷമീം പറഞ്ഞു.
ദ്വീപ് നിവാസികളായ ഇരുന്നൂറോളം പേരാണ് കോഴിക്കോട്ട് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നത്. വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയാണ് ഇവർ പരസ്പരം സംവദിക്കുന്നതും നാടിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതും. നാട്ടുകാരുടെ ഒരു സംഘടന ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ ഒത്തു ചേർന്ന് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനും മലയാളികൾ തങ്ങളോട് കാണിക്കുന്ന സ്നേഹവായ്പിനും ഇവർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.