അഡ്വ. കെ പ്രകാശ്ബാബു

ജാലകം

June 06, 2021, 4:30 am

ലക്ഷദ്വീപ് കേരളത്തിന്റെ ഭാഗമാകണം

Janayugom Online

രേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ തകർത്തുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളാണ് ഓരോ ദിവസവും രാജ്യം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. ജമ്മു-കശ്മീർ മുതൽ പശ്ചിമ ബംഗാൾ വരെയും ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും യൂണിയൻ ടെറിട്ടറികളും (കേന്ദ്രഭരണ പ്രദേശങ്ങൾ) മോഡി ഭരണത്തിന്റെ ഫാസിസ്റ്റ് രുചി അറിയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 മാത്രമല്ല അനുബന്ധമായ എല്ലാ പ്രസിഡൻഷ്യൽ ഉത്തരവുകളും ഭരണഘടനാ വ്യവസ്ഥകളും കാറ്റിൽ പറത്തിക്കൊണ്ടാണ് 2019 ഓഗസ്റ്റ് അഞ്ചിനും ആറിനുമായി പാർലമെന്റിന്റെ ഇരുസഭകളും ജമ്മു-കശ്മീർ റീ ഓർഗനൈസേഷൻ ആക്ട് 2019 പാസാക്കിയത്. ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാൻ ഇന്ത്യൻ ഭരണഘടനയിലോ പാർലമെന്റ് പാസാക്കിയ മറ്റേതെങ്കിലും നിയമത്തിലോ വ്യവസ്ഥയില്ലാത്തപ്പോഴാണ് മോഡി ജമ്മു-കശ്മീർ പുനഃസംഘടനാ നിയമം നിർമ്മിച്ച് ജമ്മു-കശ്മീർ എന്നും ലഡാക്ക് എന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് രൂപം നൽകിയത്.
ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും സംസ്ഥാന സർക്കാരുമുണ്ട്. പക്ഷെ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെക്കാൾ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ടാണ് മോഡി ഭരണകൂടം തങ്ങളുടെ ജനാധിപത്യബോധം ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രകടമാക്കിയത്. പുതുച്ചേരിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ബിജെപി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റിനെ ഓടി നടന്നു വേട്ടയാടുകയാണ്.

ഇതിന്റെയെല്ലാം മറ്റൊരു പതിപ്പാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും ഗുജറാത്ത് ക്യാബിനറ്റിലെ സഹപ്രവർത്തകനായിരുന്ന പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയെടുത്ത നാൾ മുതൽ ലക്ഷദ്വീപിലെ മനുഷ്യരുടെ സ്വൈരം കെട്ടുതുടങ്ങി. ലക്ഷദ്വീപിലെ മനുഷ്യരുടെമേൽ ഹിന്ദുത്വ വർഗീയതയുടെ അജണ്ട അടിച്ചേൽപ്പിക്കാൻ കഴിയില്ലായെന്നു ബോധ്യമുള്ള ബിജെപി നേതൃത്വം ലക്ഷദ്വീപ് സമൂഹം തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്ന് തോന്നിപ്പോകും. അസുഖബാധിതരാകുന്നവർക്ക് എയർ ആംബുലൻസ് സർവീസ് ലഭിക്കണമെങ്കിൽ പോലും അഡ്മിനിസ്ട്രേറ്ററുടെ അനുമതി വേണമെന്ന നിലപാട് എത്രയോ ക്രൂരമാണ്.
പുതിയ ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റഗുലേഷൻ 2021 റൂൾസ് പ്രകാരം ബീഫ് വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതും കശാപ്പിനു വേണ്ടി കന്നുകാലികളെ കൊണ്ടുവരുന്നതും പോകുന്നതും നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പുതിയ ഇരട്ടക്കുട്ടിനയവും ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. പുതിയ പഞ്ചായത്ത് റഗുലേഷൻ പ്രകാരം രണ്ടു കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് മെമ്പറാവാൻ പാടില്ല. നിലവിൽ രണ്ടിലധികം മക്കളുള്ള മെമ്പർമാർക്ക് പുതിയ കുട്ടികളുണ്ടാവാനും പാടില്ല. മദ്യവർജ്ജനം നിലനിൽക്കുന്ന ദ്വീപ സമൂഹത്തിൽ മദ്യം വ്യാപകമാക്കാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റർ പുതുതായി നടത്തിയിട്ടുള്ള മറ്റൊരുത്തരവ്. ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റഗുലേഷൻ അനുസരിച്ച് പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉൾപ്പെടെയുള്ള തുണ്ടുഭൂമികൾ വൻകിട പ്രോജക്ടുകൾക്കായി ഒഴിപ്പിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്നു.
ലക്ഷദ്വീപ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് റഗുലേഷൻ പ്രകാരം പൊതുസമാധാനം ഇല്ലാതാക്കാൻ സാധ്യതയുള്ള ഏതൊരാളിനേയും ഒരു വർഷം വരെ തടവിൽ വയ്ക്കാൻ അധികാരം നൽകുന്നു. നിയമസഹായം നിഷേധിക്കുവാനും അഡ്മിനിസ്ട്രേറ്റർക്ക് അധികാരം ഉണ്ട്. ലക്ഷദ്വീപിലെ ജനങ്ങളുടേയോ നിലവിലുള്ള പഞ്ചായത്ത് ഭരണസമിതികളുടെയോ അഭിപ്രായം ആരായാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ അഡ്മിനിസ്ട്രേറ്റർ പുതിയ റഗുലേഷൻസ് പുറപ്പെടുവിക്കുകയാണ്.

1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമം നടപ്പിലാക്കുന്നതിനു തൊട്ടുമുൻപു വരെ ലക്ഷദ്വീപ് സമൂഹം മലബാറിന്റെ ഭാഗമായിരുന്നു. ചേര രാജാക്കന്മാരുടെയും തുടർന്ന് ചോള രാജാക്കന്മാരുടെയും അധികാരത്തിലിരുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ചേരമാൻ പെരുമാൾ മക്കയ്ക്കു പോയപ്പോൾ അദ്ദേഹത്തെ അന്വേഷിച്ചു വന്നവർ ലക്ഷദ്വീപിൽ തങ്ങിയെന്നും അവർ ”ഉബൈദുള്ള” എന്നു പേരുള്ള പുണ്യവാനായ ഒരു തങ്ങളുടെ സ്വാധീനത്തിൽ ഇസ്‌ലാം മതം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരവാസമാക്കിയെന്നും ഒരു ചരിത്ര ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ ബുദ്ധമതവും ഇവിടെ പ്രചാരം നേടിയിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഇസ്‌ലാം മതപ്രചാരകർ ലക്ഷദ്വീപിലെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്തായാലും കോലത്തിരി രാജാവിന്റെ വംശത്തിൽപ്പെട്ട ചിറയ്ക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ സ്ഥലങ്ങൾ. ചരിത്രരേഖകൾ പരിശോധിക്കുമ്പോൾ ടിപ്പു സുൽത്താന്റെ ഭരണത്തിൻ കീഴിലും ലക്ഷദ്വീപ് എത്തിച്ചേർന്നിട്ടുണ്ട്. പിന്നീട് കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ കൈവശവുമായി. അറയ്ക്കൽ രാജവംശം ബ്രിട്ടീഷ് സിംഹാസനത്തിനു കൊടുക്കാനുണ്ടായിരുന്ന പണത്തിന്റെ കുടിശിക കൂടിയപ്പോൾ അവർ ലക്ഷദ്വീപ് അറയ്ക്കൽ രാജവംശത്തിൽ നിന്നും കൈവശപ്പെടുത്തി. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാറിൽ ഉൾപ്പെട്ട ലക്ഷദ്വീപും അങ്ങനെ ബ്രിട്ടീഷ് ഭരണത്തിലായി. ആ കാലഘട്ടത്തിൽ ലക്ഷദ്വീപ് കോഴിക്കോട് താലൂക്കിന്റെ ഭാഗവുമായിരുന്നു. 1956 നവംബർ ഒന്നിന് ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു എങ്കിലും 1964 വരെ കോഴിക്കോട് ലക്ഷദ്വീപിന്റെ ഹെഡ് ക്വാർട്ടേഴ്സായി തുടർന്നു. പിന്നീടാണ് കവരത്തി ദ്വീപ് തലസ്ഥാനമായി മാറുന്നത്. എന്നാലും കേരള ഹൈക്കോടതിയുടെ ജുഡീഷ്യൽ അധികാരപരിധിയിലാണ് ലക്ഷദ്വീപ് ഇപ്പോഴും നിലനിൽക്കുന്നത്. മലയാളം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ലക്ഷദ്വീപ് മലബാറിന്റെ അഥവാ കേരളത്തിന്റെ ഭാഗമാക്കി 1956 ൽ തന്നെ മാറ്റാവുന്നതായിരുന്നു. അങ്ങനെ ഉണ്ടായില്ലായെന്നു മാത്രം. എന്നാൽ ഒരു കേന്ദ്രഭരണ പ്രദേശമായി 1956 മുതൽ തുടരുന്ന ലക്ഷദ്വീപിലെ സമീപകാല സംഭവവികാസങ്ങൾ ഒരു പുനർചിന്തനത്തിന് വഴിയൊരുക്കുന്നു.

ലക്ഷദ്വീപിലെ മനുഷ്യരുടെയും മണ്ണിന്റെയും പ്രത്യേകതകളും ദ്വീപിന്റെ പൂർവകാല ചരിത്രവും ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെ സാധൂകരിക്കുന്നു. അതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിയമ നിർമ്മാണത്തിന് കേന്ദ്ര ഗവൺമെന്റും പാർലമെന്റും തയ്യാറാവണം. കശ്മീരിന്റെ മണ്ണ് കോർപ്പറേറ്റ് കമ്പനികൾക്ക് വിലയ്ക്കു വാങ്ങി സ്വന്തമാക്കാൻ കളമൊരുക്കിയ കേന്ദ്രഭരണകൂടം ലക്ഷദ്വീപ് സമൂഹത്തിലെ ചില ദ്വീപുകൾ ദേശീയ‑വിദേശ കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി നൽകാനുള്ള ശ്രമവും നടത്തും. അതോടുകൂടി ദ്വീപുനിവാസികളെ വ്യാപകമായി കുടിയൊഴിപ്പിക്കാനുള്ള നിയമ നടപടികളിലേക്ക് കേന്ദ്ര സർക്കാർ തിരിയും. ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ അശാന്തിയുടെയും ആശങ്കയുടെയും ഭയപ്പാടിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് എവിടെയും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത്. ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമായി നിലനിന്നാൽ ഇതുതന്നെ അവിടെയും സംഭവിക്കും.