കാലത്തിന്റെ കഥാകാരി- ലളിതാംബിക അന്തര്‍ജനം

Web Desk
Posted on March 30, 2018, 5:53 pm

ബി രാജലക്ഷ്മിയമ്മ

മലയാള ചെറുകഥയുടെ രണ്ടാംഘട്ടത്തെ പ്രതിനിധീകരിക്കുന്ന എഴുത്തുകാരില്‍ പ്രമുഖസ്ഥാനമാണ് അന്തര്‍ജനത്തിനുള്ളത്. സ്ത്രീകള്‍ സാഹിത്യ‑സാംസ്‌കാരിക രംഗത്തേയ്ക്ക് അധികം കടന്നുവന്നിട്ടില്ലാത്ത കാലത്ത് ശക്തമായ കഥകളുമായി അന്തര്‍ജ്ജനം ഈ രംഗത്തേയ്ക്ക് കടന്നുവന്നു. തനിക്ക് ചുറ്റും കാണുന്ന കാര്യങ്ങള്‍, സ്വാനുഭവങ്ങള്‍ ഇവയെല്ലാം കഥയ്ക്ക് ഇതിവൃത്തമാക്കി. നമ്പൂതിരി സമുദായത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ആ കഥകള്‍ക്ക് കഴിഞ്ഞു.
കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് ഇല്ലത്ത് 1909 മാര്‍ച്ച് 30ന് അന്തര്‍ജനം ജനിച്ചു. അച്ഛന്‍ ദാമോദരന്‍ നമ്പൂതിരി, അമ്മ നങ്ങേലി അന്തര്‍ജനം. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. ഇല്ലത്തെ ഗ്രന്ഥശേഖരവും സാഹിത്യാന്തരീക്ഷവും അച്ഛനമ്മമാരുടെയും ‘പ്രബുദ്ധകേരളം’ പത്രാധിപരായിരുന്ന അമ്മാവന്റെയും പ്രോത്സാഹനവും ബാല്യത്തില്‍തന്നെ സാഹിത്യരചനകളില്‍ ഏര്‍പ്പെടാന്‍ വഴിയൊരുക്കി. 1927ല്‍ രാമപുരത്ത് നാരായണന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചു. പ്രസിദ്ധ കഥാകൃത്ത് എന്‍ മോഹനന്‍ മകനാണ്.
കവിതയിലായിരുന്നു തുടക്കം. 1923 സെപ്റ്റംബര്‍ ലക്കം ‘ശാരദ’യില്‍ പ്രസിദ്ധീകരിച്ച ‘അഭിനവപാര്‍ത്ഥസാരഥി’ ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനമായിരുന്നു ആദ്യരചന. കവിതകളും ലേഖനങ്ങളും ‘ഉണ്ണിനമ്പൂതിരി’, ‘യോഗക്ഷേമം’, ‘ശാരദ’ എന്നീ മാസികകളില്‍ പ്രസിദ്ധികരിച്ചു. ‘ലളിതാജ്ഞലി’ ആദ്യത്തെ കവിതാസമാഹാരം തുടര്‍ന്ന് ഏഴില്‍പരം കവിതാസമാഹാരങ്ങള്‍, കഥകള്‍-മൂടുപടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, അഗ്നിപുഷ്പങ്ങള്‍, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങി അനേകം കഥകള്‍, കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ തുടങ്ങി ബാലസാഹിത്യ കൃതികള്‍, അഗ്നിസാക്ഷി’ നോവല്‍ ‘സീത മുതല്‍ സത്യവതി’ വരെ ഉപന്യാസങ്ങള്‍, ‘ആത്മകഥയ്ക്ക് ഒരാമുഖം’ ഇവയാണ് അന്തര്‍ജനത്തിന്റെ പ്രധാനരചനകള്‍. നമ്പൂതിരി ഇല്ലങ്ങളിലെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുന്ന അന്തര്‍ജനങ്ങളുടെ നിശബ്ദ നൊമ്പരങ്ങളും, വികാര വിചാരങ്ങളും തന്റെ കഥകളില്‍ ചിത്രീകരിച്ചു. അന്ന് നിലവിലിരുന്ന ജന്മികുടിയാന്‍ വ്യവസ്ഥിതിയുടെ ഒരു നല്ല ചിത്രവും, കര്‍ഷകരുടെ ദൈന്യതകളും വെളിപ്പെടുത്തി.
സാഹിത്യകാരികളായ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ സ്വാനുഭവത്തില്‍ കൂടി വെളിപ്പെടുത്തുന്നു. ”ഞാനിന്നോളം രാത്രിയിലേ വല്ലതും എഴുതിയിട്ടുള്ളു. രണ്ട് കുട്ടികളെ തൊട്ടിലാട്ടികൊണ്ട് ചുവട്ടിലിരുന്ന് എഴുതിയിട്ടുണ്ട്. അടുക്കള പടിമേല്‍ വച്ച് കവിത കുറിക്കാറുണ്ട്. കഥ അങ്ങനെ പറ്റില്ല. രാത്രി പത്ത് മണി കഴിഞ്ഞ് സമസ്ത ജീവജാലങ്ങളും ഉറങ്ങുന്ന സമയത്ത് ഉണര്‍ന്നിരുന്ന് ഞാന്‍ എഴുതും. പലപ്പോഴും നേരം വെളുക്കും വരെ.” അഖിലേന്ത്യ വിമന്‍സ് കോണ്‍ഫ്രറന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. യോഗക്ഷേമസഭ, കേരള സാഹിത്യഅക്കാഡമി, പാഠപുസ്തക കമ്മിറ്റി ഇവയിലെല്ലാം പ്രവര്‍ത്തിച്ചു. പല സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. അഗ്നിസാക്ഷിക്ക് ആദ്യ വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും കേരള കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ആള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സിയില്‍ അവതരിപ്പിച്ച ‘സ്ത്രീയുഗങ്ങളിലൂടെ’ എന്ന ലേഖനത്തില്‍ വേദകാലത്ത് സമൂഹത്തില്‍ സ്ത്രീയുടെ പദവിയെക്കുറിച്ചും തുടര്‍ന്നുള്ള കാലഘട്ടത്തില്‍ അവളുടെ സ്ഥാനം എന്തായിരുന്നുവെന്നും വിശദമായി പ്രസ്താവിക്കുന്നു. ‘അവള്‍ അമ്മയു സഹോദരിയും പൗരയുമാണ്. നമ്മുടെ ചിരപുരാതന പാരമ്പര്യത്തിനനുസരിച്ച് സംസ്‌കാരവും വ്യക്തിത്വവും വളര്‍ത്തി ഭാരതം എന്ന ഉപഭൂഖണ്ഡത്തിലെ വിവിധ രീതികളേയും സമന്വയിപ്പിച്ച് ഏകമായ ഒരു ഭാരതീയ സ്ത്രീത്വം ഉണ്ടാകുന്നതിനാവശ്യമായ പ്രവര്‍ത്തനമാണ് നമ്മുടെ പദവിയുടെ അടിസ്ഥാനഘടകം എന്ന് ഓര്‍ക്കണം, എന്ന് ഉപദേശിക്കുന്നു. 1987 ഫെബ്രുവരി 6ന് അന്തരിച്ചു.