കാലിത്തീറ്റ കുംഭകോണം; ലാലുവിന് അഞ്ചു വര്‍ഷം തടവ്

Web Desk
Posted on January 24, 2018, 2:48 pm

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്. മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രക്കും അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. റാഞ്ചിയിലെ സി.ബി.ഐ കോടതിയുടേതാണ് വിധി.

ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നു കണ്ടു ശിക്ഷ വിധിച്ചിരുന്നു.ഡിയോഹർ ട്രഷറിൽനിന്ന് 82.42 ലക്ഷം രൂപ പിൻവലിച്ച കേസിൽ മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിർസമുണ്ട ജയിലിലാണു ലാലുവും കൂട്ടരും.

900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 2013 സെപ്തംബര്‍ 30ന് ആദ്യ കേസിൽ വിധി വന്നു. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ കേസില്‍ പിന്നീട് സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂന്നാം കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു.