ലാലുവിന്റെ ശിക്ഷ ഇന്ന്

Web Desk

റാഞ്ചി

Posted on January 04, 2018, 8:00 am

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും.
അതേസമയം ലാലു പ്രസാദ് യാദവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. തേജസ്വി യാദവ്, രഘുവംശ് സിംഗ്, മനോജ് ഝാ എന്നിവര്‍ക്കാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നോട്ടീസ് അയച്ചത്.
ലാലുവിന്റെ കേസില്‍ അഡ്വ. വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്ന് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ലാലു ഉള്‍പ്പെടെ 16 പേര്‍ കേസില്‍ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസില്‍ കോടതി വെറുതെവിട്ടിരുന്നു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മിശ്രയടക്കം കേസില്‍ ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്. 1991–1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.
മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.