Web Desk

തിരുവനന്തപുരം

July 25, 2021, 9:41 pm

ഭൂമി തരംമാറ്റല്‍ ഫീസിളവ്: വ്യക്തത വരുത്തി റവന്യു വകുപ്പ്

Janayugom Online

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങള്‍ ഭേദഗതി അനുസരിച്ചുള്ള ഭൂമി തരംമാറ്റല്‍ ഫീസിളവ് ഈ വര്‍ഷം ഫെബ്രുവരി 25 നോ അതിനുശേഷമോ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ ബാധകമാക്കിയാല്‍ മതിയെന്ന് റവന്യുവകുപ്പ് ഉത്തരവ്. അതിന് മുന്‍പ് സമർപ്പിച്ച അപേക്ഷകൾ പിൻവലിച്ചു പുതിയ അപേക്ഷ സമർപ്പിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അപേക്ഷാ വസ്തു സംബന്ധിച്ച വില്ലേജ് രേഖകളിലുള്ള വിസ്തീർണ്ണമാണ് കണക്കിലെടുക്കേണ്ടതെന്നും റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
2017 ഡിസംബര്‍ 30 ന് 25 സെന്റിൽ അധികരിക്കാതെ വിസ്തീർണ്ണമുള്ള ഭൂമിയ്ക്ക് മാത്രമേ ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള സൗജന്യ തരംമാറ്റം അനുവദിക്കാവൂ.

ഒരേ വ്യക്തിയുടെ പേരിൽ ഒരേ സർവേ നമ്പറിലായോ അല്ലാതെയോ ഒന്നായി കിടക്കുന്ന വ്യത്യസ്ത ആധാരപ്രകാരമുള്ള ഭൂമികൾക്കായുള്ള അപേക്ഷ ഒറ്റ അപേക്ഷയായോ പ്രത്യേക അപേക്ഷകളായോ പരിഗണിക്കാം. എന്നാൽ ആകെ വിസ്തീർണ്ണം 25 സെന്റിൽ കൂടുതലുള്ളവയ്ക്ക് സൗജന്യം അനുവദിക്കാന്‍ പാടില്ല.

കൂടാതെ സൗജന്യ നിരക്കിൽ സ്വഭാവവ്യതിയാനത്തിനു അനുമതി ലഭിക്കുന്ന ആകെ വിസ്തീർണ്ണം 25 സെന്റിൽ കൂടുതലില്ലെന്ന് സത്യവാങ്മൂലം കൂടി അപേക്ഷയോടൊപ്പം എഴുതി വാങ്ങണം. ചട്ടങ്ങളിൽ നിലവിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം സംബന്ധിച്ചുള്ള അപേക്ഷകളിൽ, ഭൂവിസ്തീർണ്ണം 50 സെന്റ് വരെ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള ഫോറം ആറിലും, 50 സെന്റിൽ അധികമാകുന്നിടത്ത് ഫോറം ഏഴിലും അപേക്ഷ സ്വീകരിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; Land Clas­si­fi­ca­tion Fee Exemp­tion: Clar­i­fied by Rev­enue Department

You may also like this video;