Janayugom Online
george alencherry

വീണ്ടും വസ്തു തര്‍ക്കം: സിറോമലബാര്‍ സഭയില്‍ കനലടങ്ങുന്നില്ല

Web Desk
Posted on May 19, 2018, 10:11 pm
  • പള്ളി നിയമം സജീവ ചര്‍ച്ചയാക്കാന്‍ ഒരു വിഭാഗം

ബേബി ആലുവ

കൊച്ചി: വിവാദമായ ഭൂമിയിടപാടിനെ തുടര്‍ന്ന് കലുഷിതമായ സിറോമലബാര്‍ സഭയില്‍ പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. ഇത്തവണയും വിഷയം വസ്തു ഇടപാടു തന്നെയാണ്. ആരോപണമുയരുന്നത് മുമ്പത്തെപ്പോലെ കര്‍ദ്ദിനാളും മേജര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരെയും.

സഭയുടെ ഭൂമിയും വീടും അവിഹിതമായി കര്‍ദ്ദിനാള്‍ ബന്ധുക്കള്‍ക്ക് കൈമാറി എന്നാണ് പുതിയ ആക്ഷേപം 1969ല്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ മുന്‍കയ്യെടുത്ത് നിര്‍ദ്ധന കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ വീടുകളിലൊന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുടുംബപ്പേരുള്ള ഒരു വ്യക്തിക്കു ലഭിച്ചതില്‍ നിന്നാണ് പുതിയ തര്‍ക്കത്തിന്റെ തുടക്കം. ഇതിനെതിരെ ഒരു അല്‍മായ സംഘടന പരാതിയുമായി രംഗത്തെത്തി. പരാതി വത്തിക്കാനിലേക്കും പോയി. ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചാരണവും നടന്നു. ആലഞ്ചേരി എന്ന് വീട്ടു പേരുള്ളത് ശരിയാണെന്നും എന്നാല്‍ കര്‍ദ്ദിനാളുമായി കുടുംബപരമായ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി ഭൂമിയും വീടും കിട്ടിയ വ്യക്തിയും രംഗത്തുവന്നു. നേരത്തേ നേരായ മാര്‍ഗ്ഗത്തിലൂടെ ഭൂമിയും വീടും ലഭിച്ചപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിക്കും മറ്റു ചെലവുകള്‍ക്കുമുള്ള തുക അന്ന് കൊടുക്കാനുള്ള നിവൃത്തിയുണ്ടായിരുന്നില്ലെന്നും അത് ഇപ്പോള്‍ അടച്ച് വസ്തു സ്വന്തം പേരിലാക്കിയതാണെന്നുമായിരുന്നു ആ വ്യക്തിയുടെ വെളിപ്പെടുത്തല്‍.

ആധാരത്തില്‍ നിലവിലെ അതോറിട്ടി എന്ന നിലയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പ് വച്ചുവെന്നേയുള്ളു. ഈ നിലപാടായിരുന്നു ബിഷപ്പ്‌സ് ഹൗസിന്റെയും, 40 വീടുകളുള്ള കര്‍ദ്ദിനാള്‍ കോളനി ഉള്‍പ്പെടുന്ന ഇടവകയുടെ വികാരിയുടെയും. പക്ഷേ, ഈ വിശദീകരണങ്ങള്‍ക്കു മുമ്പിലൊന്നും വഴങ്ങുന്ന നിലപാടല്ല അല്‍മായ സംഘടനയുടേത്. കര്‍ദ്ദിനാള്‍ ഒരുവട്ടം ചെളിയില്‍ കാല്‍ കുത്തിയതുകൊണ്ട് പുതിയ വിവാദത്തിന്റെ പിന്നിലും എന്തെങ്കിലും കാണും എന്ന് വിശ്വാസികളിലെ ഒരു വിഭാഗവും സംശയിക്കുന്നു. ഇടപാടില്‍ അവിഹിതം നടന്നാലും ഇല്ലെങ്കിലും സഭ പൊതുസമൂഹത്തിനു മുന്നില്‍ അപഹസിക്കപ്പെടുന്നതിലാണ് ഇനിയൊരു പക്ഷത്തിന് സങ്കടം. സഭയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ആരൊക്കെയോ വഴിവിട്ട കളികള്‍ നടത്തുന്നതായാണ് അവരുടെ പരാതി.

ഇതിനിടെ, ഇത്തരം ആശാസ്യമല്ലാത്ത പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സഭ കയ്യടക്കി വച്ചിരിക്കുന്ന സ്വത്താണെന്ന അഭിപ്രായം കത്തോലിക്കാ സഭകളില്‍ പ്രബലമാവുകയാണ്. യാക്കോബായഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ചോരയൊഴുക്കല്‍ വരെ നടത്തിയ കാലങ്ങളായുള്ള ശത്രുതയ്ക്കു കാരണവും അളവില്ലാത്ത സ്വത്താണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.ഇത് ശാശ്വതമായി പരിഹരിക്കപ്പെടണമെങ്കില്‍ ചര്‍ച്ച് ആക്ട് പ്രാബല്യത്തില്‍ വരണം എന്ന ഈ വിഭാഗത്തിന്റെ അഭിപ്രായം വിശ്വാസികള്‍ക്കിടയില്‍ വീണ്ടുവിചാരത്തിന് വിത്ത് പാകിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം, വസ്തുവകകളുമായി ബന്ധപ്പെട്ടുള്ള പോര് എത്ര കണ്ടു രൂക്ഷമാണെങ്കിലും ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒറ്റക്കെട്ടാണ്. അതിനു വേണ്ടി ശത്രുതയും വിഭാഗീയതയുമെല്ലാം മാറ്റി വച്ച് ഒരു കൊടിക്കീഴില്‍ സഭാജനത്തെ ചേര്‍ത്തു നിര്‍ത്താന്‍ എല്ലാ സഭാ നേതൃത്വങ്ങളും തയ്യാര്‍. കത്തോലിക്കാ കോണ്‍ഗ്രസ് ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് തൃശൂരില്‍ ചേര്‍ന്ന സംഘടനയുടെ ജന്മശതാബ്ദി സമാപന സമ്മേളനം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ഓര്‍മ്മിപ്പിച്ചതിന്റെ പിന്നിലുള്ള ലാക്കും മറ്റൊന്നല്ല.

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയതാണ് ‘ദ കേരള കൃസ്റ്റ്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ആക്ട് ബില്‍’. ഇത് കത്തോലിക്കാസഭകളില്‍ ആശയക്കുഴപ്പവും ഭിന്നിപ്പും സൃഷ്ടിച്ച് സര്‍ക്കാരിന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് സീറോ മലബാര്‍ സഭയുടെ കുറ്റപ്പെടുത്തല്‍.സഭയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടും, ബില്ലിലെ വ്യവസ്ഥയനുസരിച്ച് രൂപവത്കരിക്കുന്ന സമിതികളില്‍ രാഷ്ട്രീയ നുഴഞ്ഞുകയറ്റമുണ്ടാകും തുടങ്ങിയ ആരോപണങ്ങളും ബില്ലിനെ എതിര്‍ക്കാന്‍ സഭ നിരത്തുന്നുണ്ട്. സഭാ സ്വത്തില്‍ അല്‍മായര്‍ക്ക് കൂടുതല്‍ അവകാശം നല്‍കുന്ന, ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സമിതികള്‍ സഭാ സ്വത്ത് ഭരിക്കണമെന്ന വ്യവസ്ഥ മതമേലദ്ധ്യക്ഷന്മാര്‍ക്കു രസിക്കുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കും വിധം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് സഭ. എന്നാല്‍ ബില്ലിനോട് ഇത്രയും കടുത്ത നിലപാട് ലത്തീന്‍ യാക്കോബായ വിഭാഗങ്ങള്‍ക്കില്ല. സീറോമലബാര്‍ സഭയിലും ബില്ലിന് അനുകൂലമായി ചിന്തിക്കുന്നവരുണ്ട്.

ദേവസ്വം വഖഫ് ബോര്‍ഡുകളുടെ മാതൃകയില്‍ രൂപവത്കരിക്കപ്പെടുന്ന സമിതികളില്‍ അല്‍മായരുടെ പ്രതിനിധികളാണുണ്ടാവുക എന്നതിനാല്‍, സഭാ സ്വത്തുകളുടെ ഭരണമല്ലാതെ, വിശ്വാസ പ്രമാണങ്ങളെയോ സഭയുടെ കെട്ടുറപ്പിനെയോ ദോഷകരമായി ബാധിക്കുന്ന ഒന്നും വ്യവസ്ഥകളില്‍ ഇല്ലെങ്കില്‍പ്പോലും ആ വിധത്തില്‍ പ്രചാരണം അഴിച്ചുവിടാനാണ് മതമേലദ്ധ്യക്ഷന്‍ മാര്‍ക്കു താത്പര്യം.