ഭൂമി കൈമാറ്റം: ക്രമക്കേട് നടന്നിട്ടില്ലെന്ന വിശദീകരണവുമായി സി എസ് ഐ സഭയുടെ ഇടയലേഖനം

Web Desk
Posted on March 11, 2018, 7:40 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ വസ്ത്രശാലക്ക് കൈമാറിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന വിശദീകരണവുമായി സി എസ് ഐ സഭയുടെ ഇടയലേഖനം. സി എസ് ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് ഡോ. റോയ്‌സ് മനോജ് വിക്ടറാണ് ഇടയലേഖനം പുറത്തിറക്കിയത്. കേരളത്തില്‍ മറ്റ് സഭകളില്‍ നടക്കുന്ന ഭൂമി ഇടപാടുകളുമായി നഗരത്തിലെ ഭൂമിയിടപാടിനെ താരതമ്യം ചെയ്യുന്നത് വലിയ തെറ്റിദ്ധാരണക്ക് ഇടയാക്കിയിട്ടുണ്ടെന്നു ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.

ഭൂമി കൈമാറിയതില്‍ സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് കോടതി നിര്‍ദ്ദേശത്തെ മറികടന്ന് അഴിമതി നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സമരസമിതി പ്രവര്‍ത്തകര്‍ ബിഷപ്പിനെ ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടയലേഖനത്തിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. മലബാര്‍ മഹാഇടവക രൂപം കൊണ്ടത് മുതല്‍ സഭയ്ക്ക് കീഴില്‍ വെറുതെ കിടക്കുന്ന ഭൂസ്വത്തുക്കള്‍ വരുമാന സ്രോതസ്സുകളാക്കുന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലെ സ്ഥലം വാടകക്ക് നല്‍കിയത്. ആദ്യം കുറഞ്ഞ വാടകക്കാണ് നല്‍കിയിരുന്നതെങ്കിലും കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് കണ്ടെത്തിയതിനാല്‍ അധികവാടക ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം മനസ്സിലാക്കാതെ മഹാ ഇടവക ഓഫീസില്‍ അതിക്രമിച്ച് കയറി തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചതെന്ന് പ്രതിഷേധക്കാര്‍ക്കെതിരെ വിമര്‍ശനവുമുണ്ട്. വാടകക്ക് കൊടുക്കുന്നത് പോലെയുളള കരാറുകള്‍ നടത്തുന്നതിന് കോടതി സംബന്ധമായ നിയമതടസ്സമില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതിനാല്‍ തന്നെ സഭാ വിശ്വാസികള്‍ നിജസ്ഥിതി മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടയലേഖനം അവസാനിക്കുന്നത്. കോഴിക്കോട് നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ വസ്ത്രശാലക്ക് കൈമാറി എന്നാരോപിച്ച് കഴിഞ്ഞ ദിവസം സമര സമിതിയുടെ നേതൃത്വത്തിലുള്ള വിശ്വാസികള്‍ ബിഷപ്പിനെ ഉപരോധിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാമെന്നും രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും ഉറപ്പു ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഒരു അന്വേഷണ കമ്മീഷനെ ബിഷപ്പ് നിയമിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇടയലേഖനവും പുറത്തിറക്കിയിരിക്കുന്നത്.