Janayugom Online
Land mafia- janayugom

മണല്‍ ശേഖരം പിടികൂടി

Web Desk
Posted on September 08, 2018, 9:16 pm
പിടികൂടിയ മണല്‍ ലോറിയില്‍ കയറ്റുന്നു

മട്ടന്നൂര്‍: പഴശി അണക്കെട്ടിനു ഭീഷണി മണല്‍ വാരല്‍ വ്യാപകമായി. പൊലീസ് നടത്തിയ പരിശോധനയില്‍ മണല്‍ ശേഖരം പിടികൂടി. മണല്‍ വാരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പൊലീസ് വെളിയമ്പ്ര പൂക്കുണ്ടില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് ലോഡ് മണല്‍ പിടികൂടിയത്. പുഴക്കരയിലും റോഡരികിലുമായി സൂക്ഷിച്ച 250 ചാക്ക് മണലാണ് പിടിച്ചെടുത്തത്.

പഴശി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ താഴെ പ്രദേശത്തു വെള്ളം കുറഞ്ഞതോടെയാണ് മണല്‍വാരല്‍ തകൃതിയില്‍ നടക്കുന്നത്. രാത്രിയിലും പുലര്‍ച്ചെയുമായാണ് പുഴയില്‍ നിന്നു മണല്‍വാരല്‍ നടക്കുന്നത്. ചാക്കുകളിലായി നിറയ്ക്കുന്ന മണല്‍ തല ചുമടായി റോഡരികില്‍ എത്തിച്ചാണ് മണല്‍ ലോറിയില്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. 80 ചാക്ക് മണല്‍ ലോറിയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയാല്‍ 15,000 മുതല്‍ 20,000 രൂപ വരെ വാങ്ങുന്നതായി പറയുന്നു.

റോഡരികില്‍ എത്തിക്കുന്ന മണല്‍ 6 മിനുട്ട് കൊണ്ടു ലോറിയില്‍ കയറ്റി വിടുന്ന മണല്‍ മാഫിയകളാണ് വെളിയമ്പ്രയിലുള്ള തെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മണല്‍ ലോറിയില്‍ കയറ്റുമ്പോഴും കൊണ്ടു പോകുമ്പോഴും പൊലീസ് വരുന്നുണ്ടോയെന്നു നോക്കാനും പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പ്രളയത്തെ തുടര്‍ന്നു പഴശി ഡാമിലും പരിസരങ്ങളിലും മണല്‍ വര്‍ധിച്ചിട്ടുണ്ട്. ഇതു കണ്ടാണ് മണല്‍ മാഫികള്‍ സജീവമായത്.

പിടികൂടിയ മണല്‍ നിര്‍മിതി കേന്ദ്രത്തിനു കൈമാറി. മട്ടന്നൂര്‍ അഡീഷണല്‍ എസ്‌ഐ കെ സുധാകരന്‍, ജൂനിയര്‍ എസ്‌ഐ അരിസ്റ്റോട്ടില്‍, എഎസ്‌ഐ കെ കെ ശശിന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, ഉമേഷ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. മണല്‍ വാരല്‍ സജീവമായ പൂക്കുണ്ട്, പൊറോറ പാറാടന്‍ച്ചാല്‍ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായി പൊലീസ് അറിയിച്ചു.