May 27, 2023 Saturday

കേരളത്തെ മാറ്റിത്തീർത്ത സമഗ്രമായ ഭൂപരിഷ്കരണ നിയമം

Janayugom Webdesk
December 31, 2019 10:13 pm

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ മാറ്റിമറിക്കുകയും സാമ്പത്തിക‑വികസന അടിത്തറ പുതുക്കിപ്പണിയുകയും ചെയ്തതായിരുന്നു സമഗ്രമായ കാർഷിക പരിഷ്കരണ നിയമം. മണ്ണിൽ പണിയുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നതിന് പര്യാപ്തമായ പ്രസ്തുത നിയമം നടപ്പിലായിട്ട് ഇന്നേയ്ക്ക് അമ്പതു വർഷം പൂർത്തിയാവുകയാണ്. കൃഷിഭൂമി കൃഷിക്കാരന് എന്ന അടിസ്ഥാന മുദ്രാവാക്യവുമായി വിമോചന പോരാട്ടം നയിക്കുകയും വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും ചെയ്ത സിപിഐ അധികാരത്തിലെത്തിയ ആദ്യഘട്ടത്തിൽ തന്നെ ഭൂപരിഷ്കരണത്തിനായുള്ള നിയമനിർമ്മാണശ്രമങ്ങൾ നടത്തിയെങ്കിലും അത് തകർക്കപ്പെടുകയായിരുന്നു. ആദ്യ സിപിഐ മന്ത്രിസഭയുടെ കാലയളവിൽ 1957 ഡിസംബറിലാണ് വിപ്ലവകരമായ കാർഷികബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. അഞ്ചു ദിവസത്തോളം നീണ്ട ചർച്ചകൾക്ക് ശേഷം 1959 ജൂണിൽ ബിൽ നിയമമായി. ഇതേതുടർന്നാണ് വിറളിപൂണ്ട ജന്മി ഭൂപ്രഭുക്കന്മാരുടെയും നാട്ടുപ്രമാണിമാരുടെയും തുട്ടുകളും തിട്ടൂരവും വാങ്ങിയുള്ള വിമോചനസമരവും സർക്കാരിന്റെ പിരിച്ചുവിടലുമുണ്ടാകുന്നത്.

പിന്നാലെ വന്ന സർക്കാർ പുതിയ ഭേദഗതി കൊണ്ടുവന്ന് നിയമത്തിൽ വെളളം ചേർത്തു. അതും പ്രാബല്യത്തിൽ വന്നില്ല. 1963 ൽ കൊണ്ടുവന്ന നിയമത്തിലാകട്ടെ ഉടമകളുടെ താൽപര്യങ്ങൾക്കായിരുന്നു പ്രാമുഖ്യം. അതുകൊണ്ടാണ് 1967 ൽ സിപിഐ ഉൾപ്പെട്ട സപ്തകക്ഷി സർക്കാർ കൈവശക്കാർക്കും കുടിയാന്മാർക്കും മണ്ണിൽ പണിയെടുക്കുന്നവർക്കുമായി ഭൂപരിഷ്കരണ നിയമം സമഗ്രമായി അഴിച്ചുപണിയുന്നത്. 32വകുപ്പുകൾ കൂട്ടിച്ചേർത്ത് കൊണ്ടുവന്ന ഭേദഗതി നിയമം 1969 ഒക്ടോബർ 17‑ന് നിയമസഭ പാസാക്കിയെങ്കിലും പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പ് ആ മന്ത്രിസഭ താഴെ പോയി. തുടർന്ന് 1969 നവംബർ ഒന്നിന് സി അച്യുതമേനോൻ മുഖ്യമന്ത്രിയായി സിപിഐ നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടാകുകയും രാഷ്ട്രപതിയിൽ നിന്ന് അനുമതി നേടിയെടുത്ത് 1970 ജനുവരി ഒന്നുമുതൽപ്രാബല്യത്തിൽ വരുത്തിക്കൊണ്ട് പ്രഖ്യാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ജന്മിസമ്പ്രദായവും പാട്ടവ്യവസ്ഥയും തൂത്തെറിയപ്പെട്ടുവെന്നർഥം. പ്രസ്തുത നിയമത്തിനെതിരെയും ചില കുത്സിതപ്രവർത്തനങ്ങൾ ഉണ്ടായെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിൽ പട്ടയം നല്കുന്നതിന് വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പട്ടയദാനമേളകൾ വലിയൊരു ബഹുജനപ്രസ്ഥാനമായി.

കേരളത്തിലെ കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായിരുന്ന പരേതനായ കെ ടി ജേക്കബ്ബിന്റെ മുൻകയ്യിലായിരുന്നു ആ പട്ടയമേളകൾ സംഘടിപ്പിച്ചത്. ഈ പട്ടയമേളകളിലൂടെ ഒരുലക്ഷത്തോളം കുടികിടപ്പുകാ­ർക്ക് പട്ടയം നൽകിയെന്നാണ് കണക്ക്. ഇതിന് പുറമേ ജന്മിമാരുടെ കൈകളിൽ നിന്ന് ഏറ്റെടുത്ത ഒന്നരലക്ഷം ഏക്കർ മിച്ചഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. പട്ടയവിതരണത്തിനും ഭൂവിതരണത്തിനുമായി ലാൻഡ് ബോർഡുകളും ലാൻഡ് ട്രൈബ്യൂണലുകളും രൂപീകരിച്ച് മുന്നോട്ടു പോയി. എന്നാൽ ആദ്യഘട്ടത്തിൽ ഭൂരഹിതർക്ക് ഭൂമി വിതരണത്തിലും കൈവശക്കാർക്ക് പട്ടയംനൽകുന്നതിലും ഉണ്ടായിരുന്ന വേഗത പിന്നീട് ഇല്ലാതെ പോയെന്നത് വിമർശനാത്മകമായി കാണേണ്ടതാണ്. സമഗ്രമായ ഭൂപരിഷ്കരണനിയമം പല തരത്തിലാണെങ്കിലും സുപ്രധാനമായി രണ്ടുവിധത്തിലാണ് കേരളത്തിന്റെ ജീവിതസാഹചര്യങ്ങളെ മാറ്റിയത്. ഒന്ന് ഭൂമിയുടെ വികേന്ദ്രീകരണം നടന്നതോടെ സ്വന്തമായി വരുമാനമുള്ള കർഷകത്തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും എണ്ണം വർധിച്ചു.

സമ്പത്തിന്റെ വികേന്ദ്രീകരണത്തിനും ഇത് വഴിവച്ചു. സ്വന്തമായും സ്ഥിരമായും വരുമാനമുണ്ടായിത്തുടങ്ങിയ ചെറുകിട കർഷകർക്കും കർഷകത്തൊഴിലാളികൾക്കും തങ്ങൾക്ക് ലഭ്യമാകാതെ പോയ വിദ്യാഭ്യാസ സാഹചര്യങ്ങൾ മക്കൾക്കു ലഭിക്കണമെന്ന ചിന്തയുണ്ടാവുകയും അതിനനുസരിച്ചുള്ള സ്ഥാപനങ്ങൾ ഉയർന്നു തുടങ്ങിയത് വിദ്യാഭ്യാസ വികേന്ദ്രീകരണത്തിന് വഴിവയ്ക്കുകയും ചെയ്തു. വിദ്യാസമ്പന്നരായ ഒരു തലമുറയുടെ നിർമ്മിതിക്കും പ്രസ്തുത നിയമനിർമ്മാണം വഴിയൊരുക്കിയെന്നർഥം. ജന്മിത്വത്തിന്റെ വേരറുത്ത സമഗ്രമായ കാർഷിക പരിഷ്കരണ നിയമത്തിലൂടെ സർക്കാരിന് മിച്ചഭൂമിയായി ലഭിച്ചത് ഒന്നര ലക്ഷം ഏക്കർ ഭൂമിയായിരുന്നു. ഇത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് മാത്രമല്ല കേരളത്തിന്റെ വികസന പ്രക്രിയയ്ക്ക് ഉപയോഗിക്കാനായി എന്നതാണ് രണ്ടാമത്തെ സുപ്രധാനമായ നേട്ടം.

പ്രസ്തുത ഭൂമി ഉപയോഗിച്ചാണ് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, കെൽട്രോൺ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള കാർഷിക സർവകലാശാല, പീച്ചിയിലെ വനഗവേഷണ കേന്ദ്രം, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭൗമശാസ്ത്രപഠനകേന്ദ്രം അഥവാ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനമായ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, റീജിയണൽ കാൻസർ സെന്റർ തുടങ്ങിയ നിരവധി പൊതുമേഖലാ സംരംഭങ്ങൾ സിപിഐ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യകക്ഷി സർക്കാർ സംസ്ഥാനത്ത് സ്ഥാപിച്ചത്. നിരവധി പൊതുമേഖലാ സംരംഭങ്ങളുടെ സ്ഥാപനവും അതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും വഴിമരുന്നിട്ട പ്രസ്തുതകാലത്തെ സ്ഥായിയായ നേട്ടങ്ങളുടെ ഒരു ദശകമെന്നു മാത്രമല്ല കേരളത്തിന്റെ വികസന മാതൃക സൃഷ്ടിക്കപ്പെട്ട കാലം എന്നുകൂടിയാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.