June 7, 2023 Wednesday

Related news

June 3, 2023
June 1, 2023
May 31, 2023
May 18, 2023
May 11, 2023
May 6, 2023
May 3, 2023
May 3, 2023
April 24, 2023
April 19, 2023

ഭൂപരിഷ്ക്കരണം നാടിന്റെ പുരോഗതിയ്ക്ക് അടിത്തറയായി: മുഖ്യമന്ത്രി

Janayugom Webdesk
January 1, 2020 10:32 pm

തിരുവനന്തപുരം: നാടിന്റെ പുരോഗതിക്ക് അടിത്തറയായി ഭൂപരിഷ്ക്കരണം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ 50-ാം വാര്‍ഷികാഘോഷം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം ഇന്ത്യക്കും പലകാര്യങ്ങളിലും ലോകത്തിനും മാതൃകയായി മാറിയതിന്റെ അടിസ്ഥാനം ഭൂപരിഷ്‌കരണമാണ്. ഇന്ത്യയിലാകെ ഭൂപരിഷ്‌കരണം നടപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇത് ആഗ്രഹിക്കാനേ കഴിയൂ. കേരളത്തില്‍ ഇത്തരമൊരു പരിഷ്‌കാരത്തിന് കഴിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിനുള്ള ഭൗതിക പശ്ചാത്തലം ഒരുക്കിയതുകൊണ്ടാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തിയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിനൊപ്പം കേരളത്തിലുണ്ടായ കര്‍ഷകപ്രക്ഷോഭങ്ങളുടെ അനന്തരഫലമാണ് ഭൂപരിഷ്‌കരണം. അത് രാഷ്ട്രീയ‑സാമൂഹ്യ- സാമ്പത്തിക ഘടനയില്‍തന്നെ മാറ്റം വരുത്തി. പലരെയും ആശ്ചര്യപ്പെടുത്തിയ നാടാണ് കേരളം.

ചില വികസിത രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളവും നേടിയതാണ് ഈ ആശ്ചര്യത്തിന് കാരണം. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന ജൻമിത്ത വ്യവസ്ഥിതിയുടെ വിഷപ്പല്ലാണ് ഇതിലൂടെ കൊഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടികിടപ്പ് ഇല്ലാതാവുന്ന കൃഷിക്കാരന് ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ച ആത്മാഭിമാനം ചെറുതല്ല. അതാണ്, പിന്നീട് കേരളത്തിലുണ്ടായ പല മാറ്റങ്ങള്‍ക്കും സഹായകമായത്. എന്നാല്‍ മിച്ചഭൂമി പലതും ഇല്ലാതാവുന്ന സ്ഥിതിയുണ്ടായി. അത് എങ്ങനെ സംഭവിച്ചുവെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഭൂമി ഇല്ലാത്തവരായി ഇപ്പോഴും ഏറെപേരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു വകുപ്പിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനമായ റവന്യു-മിത്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. 1957 ലെ ഇഎംഎസ് സർക്കാർ ആരംഭിച്ച സമഗ്രമായ കർഷകപക്ഷ ഭൂപരിഷ്ക്കരണ ശ്രമങ്ങളുടെ അർത്ഥപൂർണമായ തുടർച്ച 1969 മുതലുള്ള അച്യുത മേനോൻ സർക്കാർ ഏറ്റെടുത്തതു കൊണ്ടാണ് കേരള മോഡൽ വികസനം സാധ്യമായതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഭൂപരിഷ്ക്കരണത്തിന്റെ സുവർണജൂബിലി വർഷത്തിൽ തീർപ്പാക്കാൻ ബാക്കിയുള്ള കേസുകൾ മുഴുവൻ തീർപ്പാക്കാനാണ് റവന്യുവകുപ്പ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ചു വളർന്ന മണ്ണിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം രാജ്യത്തെ അപകടപ്പെടുത്തുന്ന വർത്തമാനകാലമാണിത്. ഈ സാഹചര്യത്തിൽ മണ്ണിൽ പണിയെടുക്കുന്നവരെ ഭൂമിയുടെ അവകാശിയാക്കി മാറ്റിയ നിയമനിർമാണ നിർവഹണ പ്രക്രിയയുടെ ഓർമകൾ മതേതര സോഷ്യലിസ്റ്റ് ഇന്ത്യക്ക് ആവേശം പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, മേയര്‍ കെ ശ്രീകുമാര്‍, എംഎൽഎമാരായ വി എസ് ശിവകുമാര്‍, എം കെ മുനീര്‍, പി സി ജോര്‍ജ് , ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി സി പി നായർ തുടങ്ങിയവര്‍ സംസാരിച്ചു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു സ്വാഗതവും ലാൻഡ് റവന്യു കമ്മിഷണർ സി എ ലത നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry: Land reform became the basis for the progress of the country

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.