ഭൂപരിഷ്ക്കരണം: അച്യുതമേനോന്റെ പങ്ക് നിഷേധിക്കാൻ ആര്‍ക്കും കഴിയില്ല: കാനം

Web Desk

അടൂർ

Posted on February 23, 2020, 11:02 pm

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന തരത്തിൽ കേരളത്തിൽ ഭൂപരിഷ്ക്കരണം നടപ്പിലാക്കിയതിൽ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പങ്ക് നിഷേധിക്കാൻ ആർക്കും കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ചേർന്ന കർഷക മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ലെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാരായിരുന്നു കേരളത്തിൽ കർഷക പരിഷ്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനായി സി പി ഐ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്ന അച്യുതമേനോൻ. കാലാവധി പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ പരിഷ്ക്കരണ ബിൽ നടപ്പിലാക്കാൻ ആദ്യ സർക്കാരിനായില്ല.

പിന്നീട് വന്ന സപ്ത കക്ഷി സർക്കാരിനും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് നിയമമാക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്ന ഐക്യമുന്നണി സർക്കാരും അതിന് നേത്യത്വം നൽകിയ സി അച്യുതമേനോനുമാണ് ഭൂപരിഷ്ക്കരണ ബിൽ നടപ്പിലാക്കിയത്. നടപ്പിലാക്കുക മാത്രമല്ല ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തി ആർക്കും സ്വന്തം ഇഷ്ടപ്രകാരം കോടതിയിലെത്തിക്കാൻ കഴിയാതെ സംരക്ഷിക്കുക കൂടി ചെയ്തു. അതിലൂടെ സിപിഐ മുന്നോട്ടു വച്ച മുദ്രാവാക്യങ്ങൾ ആർജ്ജവത്തോടെ നടപ്പിൽ വരുത്താൻ കഴിഞ്ഞു. കേരളത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ മുഴുവൻ കർഷകർക്കും പട്ടയം നൽകാനുള്ള തീരുമാനം എടുത്തു. 1–1‑1977ന് മുമ്പ് കൈവശാവകാശമുള്ള എല്ലാ കർഷകരുടെ ഭൂമിക്കും പട്ടയം നൽകണമെന്നുതന്നെയാണ് സർക്കാരിന്റെ തീരുമാനം.

ഒന്നര ലക്ഷത്തോളം കർഷകരുടെ ഭൂമിക്ക് സർക്കാർ പട്ടയം അനുവദിച്ച് കഴിഞ്ഞു. അവശേഷിക്കുന്നവർക്ക് എൽഡിഎഫ് സർക്കാരിന്റെ കാലാവധിക്ക് മുമ്പ് വിതരണം ചെയ്യും. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് ക്യഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ നേത്യത്വത്തിൽ കേരളത്തിൽ നടപ്പിലാക്കുന്നതെന്നും കാനം പറഞ്ഞു. കേരളത്തിൽ നെൽക്യഷി രംഗത്ത് വൻ മാറ്റങ്ങളാണ് നിലവിൽ ഉണ്ടാകുന്നത്. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന സമയത്ത് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ഹെക്ടർ സ്ഥലത്ത് നെൽക്യഷി നടത്താനുള്ള പദ്ധതിയുമായാണ് ക്യഷി വകുപ്പ് മുന്നോട്ടു പോകുന്നതെന്നും കാനം പറഞ്ഞു. കിസാൻ സഭാ സംസ്ഥാന പ്രസിഡന്റ് അഡ്വ ജെ വേണുഗോപാലൻ നായർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.

ENGLISH SUMMARY: Land Reform: No One Can Deny The Role Of Achuthan Menon: Kanam

YOU MAY ALSO LIKE THIS VIDEO