Web Desk

ശ്രീനഗര്‍

October 28, 2020, 9:40 pm

ഭൂപരിഷ്ക്കരണം അട്ടിമറിക്കും; കുത്തകകൾ ആധിപത്യമുറപ്പിക്കും

Janayugom Online

ജമ്മു കശ്മീരിൽ ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം റദ്ദാക്കിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന് വിലയിരുത്തൽ. ഏഴ് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് നടപ്പാക്കിയ ഭൂപരിഷ്ക്കരണത്തിന്റെ ഗുണഫലങ്ങളെല്ലാം കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അട്ടിമറിക്കുമെന്നും കോർപ്പറേറ്റുകൾ ഭൂമി വാങ്ങിക്കൂട്ടുമെന്നും രാഷ്ട്രീയ, നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ പൗരന്മാര്‍ക്കെല്ലാം ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാൻ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് വിജ്ഞാപനം ചെയ്തത്. യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്റ് കശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ (അഡാപ്‌റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍ 2020 എന്ന ഉത്തരവാണ് പുറത്തിറക്കിയത്. ജമ്മു കശ്മീരിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക.

ജമ്മുകശ്മീർ ഡവലപ്മെന്റ് ആക്ടിലെ ഭേദഗതിക്കൊപ്പം 1950 ലെ ബിഗ് എസ്റ്റേറ്റ്സ് അബോളിഷ്മെന്റ് നിയമം പിൻവലിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ പൗരന് കേന്ദ്രഭരണ പ്രദേശമായ കശ്മീരിലെവിടെയും കാര്‍ഷികേതര ഭൂമി വാങ്ങാന്‍ അനുവാദം ലഭിക്കും. ഇതിനായി കശ്മീരിൽ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് പ്രത്യേക അനുമതിയോടെ കാര്‍ഷിക ഭൂമിയും വാങ്ങാനാകും. അടിയന്തര പ്രാധാന്യത്തോടെയാണ് നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. 1950 ല്‍ ഷെയ്ഖ് അബ്ദുള്ളയുടെ കാലത്തെ നയാ കശ്മീർ പദ്ധതിയുടെ ഭാഗമായിട്ടാണ് ബിഗ് എസ്റ്റേറ്റ്സ് അബോളിഷൻ ആക്ട് നടപ്പാക്കിയത്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്ക് പുറമെ ഭൂപരിഷ്ക്കരണം കാര്യക്ഷമമായി നടപ്പാക്കാൻ ഇതിലൂടെ കശ്മീർ ഭരണകൂടത്തിന് സാധിച്ചു.

22.75 ഏക്കർ സ്ഥലമാണ് ഭൂ ഉടമസ്ഥതയുടെ പരിധി. അധികഭൂമി സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്തതിലൂടെ ജമ്മുവിലും കശ്മീരിലുമായി 7,90,000 കർഷക കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. 1970 വരെ രാജ്യത്ത് 9.5 ലക്ഷം ഏക്കർ സ്ഥലം ഭൂരഹിതർക്ക് നൽകിയതിൽ 4.5 ലക്ഷം ഏക്കർ വിതരണം ചെയ്തത് കശ്മീരിലായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമെല്ലാം നിക്ഷേപതാല്പര്യം മാത്രം ലക്ഷ്യമിടുന്ന കേന്ദ്രനിയമം ഇല്ലാതാക്കുമെന്ന് കാർഷിക വിദഗ്ധൻ വോൾഫ് ലഡ്ജെൻസ്കി പറഞ്ഞു. ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാര്‍ വില്പനയ്ക്കു വച്ചു എന്നാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നിയമ ഭേദഗതിയോട് പ്രതികരിച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തടസങ്ങളും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. കൂടാതെ സ്ഥിരം നിവാസിയാകുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിരുന്നു.

ഇതിനും പുറമെ 26 സംസ്ഥാന നിയമങ്ങള്‍ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ നിലനിര്‍ത്തുകയും ഇവിടെ ഇന്ത്യക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ ഇപ്പോഴും അവകാശമില്ലാത്തതും ചർച്ചാവിഷയമായിട്ടുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട വടക്കു കിഴക്കന്‍ മേഖലയുടെ വലിയൊരു ഭാഗത്തും ഗോത്ര വിഭാഗക്കാരല്ലാത്തവര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും ഭൂമി വാങ്ങാന്‍ അവകാശമില്ല. കൂടാതെ പല സംസ്ഥാനങ്ങളിലേക്കും പുറത്തു നിന്നുള്ളവര്‍ക്ക് എത്തണമെങ്കില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന പ്രത്യേക മുന്‍കൂര്‍ അനുമതിയും നിർബന്ധമാണ്.

Eng­lish sum­ma­ry; Land reform will be subverted

You may also like this video;