രാജാക്കാട് വീണ്ടും മണ്ണിടിച്ചില്‍; ആദ്യ മണ്ണിടിച്ചിലില്‍ കാണാതായ തമിഴരശന് വേണ്ടി തിരച്ചില്‍ തുടരുന്നു

Web Desk
Posted on October 11, 2019, 6:15 pm

രാജാക്കാട്: ലോക്കാട് ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. കൂറ്റന്‍  പാറകല്ലുകള്‍ താഴേയ്ക്ക് പതിച്ച് നിര്‍മ്മാണത്തിലിരുന്ന റോഡ് വീണ്ടും  തകര്‍ന്നു. എട്ടാം തീയ്യതി  മണ്ണിടിച്ചില്‍ ഉണ്ടായതിന്  സമീപത്താണ് വീണ്ടും  ഇടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ കാണാതായ തമിഴരശന് വേണ്ടിയുള്ള  തിരച്ചില്‍ നാലാം ദിവസവും തുടരുകയാണ്.  റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി  വന്‍ തോതില്‍ പാറ ഖനനം നടത്തിയിരുന്ന ഇവിടെ മലമുകളില്‍ നിന്നും കൂറ്റന്‍ പാറകല്ലുകളാണ് മണ്ണിടിച്ചിലിനൊപ്പം താഴോട്ട് പതിക്കുന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ഗ്യാപ്പില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്.

സമീപത്തെ കടയില്‍ പാല്‍വില്‍ക്കുന്നതിനെത്തിയ ക്ഷീര കര്‍ഷകന്‍ സെക്കന്റുകളുടെ
വ്യത്യാസത്തിലാണ് രക്ഷപെട്ടത്. പാല് നല്‍കിയതിന് ശേഷം ഓട്ടോ റിക്ഷ
എടുത്ത് പോരുന്ന സമയത്ത് ഫോണ്‍ വന്നപ്പോള്‍ ഓട്ടോ നിര്‍ത്തി ഫോണ്‍
എടുത്ത് സംസാരിക്കുന്ന സമയത്താണ് മലയിടിഞ്ഞ് പാറകല്ലുകള്‍ പതിച്ചത്.
നിലവില്‍ പാറപൊട്ടിച്ച ഭാഗങ്ങള്‍ ഏറെയും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന
രീതിയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ രാത്രിയിലടക്കം കാല്‍നടക്കാരെ പോലും
കടത്തി വിടാതിരിക്കുന്നതിന് പൊലീസ് ഇവിടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാമതും മണ്ണിടിച്ചില്‍ ഉണ്ടായതോടെ ദേവികുളത്തുനിന്നും പൊലീസിനും ഫയര്‍ഫോഴ്‌സിനുമടക്കം ആദ്യ മണ്ണിടിച്ചില്‍  ഉണ്ടായ  സ്ഥലത്തെത്തേയ്ക്ക് എത്തി തിരച്ചില്‍ നടത്തുവാനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ നിലവില്‍ നെടുങ്കണ്ടത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും എന്‍ഡി ആര്‍ എഫ് ടീമുമാണ് തിരച്ചില്‍ തുടരുന്നത്.
രണ്ടാമത്തെ മണ്ണിടിച്ചില്‍ ഉണ്ടായതോടെ മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ട
അവസ്ഥയാണ്. നിലവില്‍ ശക്തമായ മഞ്ഞ് വീഴ്ചയും ഒപ്പം മഴയും  ആരംഭിച്ചിതിനാല്‍ തിരച്ചിലും അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളത്.