22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 2, 2025
December 31, 2024
December 27, 2024
December 9, 2024
December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024

ഭൂമി തരം മാറ്റം അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ

Janayugom Webdesk
തിരുവനന്തപുരം
September 24, 2024 7:43 pm

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യു സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. ഓരോ താലൂക്കിലേയും സമയ ക്രമം നിശ്ചയിക്കുന്നതിന് ലാൻഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി. 25 സെന്റിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകൾ പോർട്ടലിൽ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിർദേശം നൽകി. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് അദാലത്തുകൾ സംഘടിപ്പിക്കുക. അദാലത്തിന് മുൻപായി സംസ്ഥാനാടിസ്ഥാനത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യു കമ്മിഷണർ, അഗ്രികൾച്ചറൽ സെക്രട്ടറി, പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സംയുക്ത യോഗം ചേരും. അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകർക്കുള്ള അറിയിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാൻ നിർദേശം നൽകിയാതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി 2023ൽ നടത്തിയ ഒന്നാം ഘട്ട അദാലത്തുകൾ ആർഡിഒ ഓഫിസുകൾ കേന്ദ്രീകരിച്ചായിരുന്നു. അതിൽ വലിയ തോതിൽ അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. സംസ്ഥാനത്തെ 27 ആർഡിഒമാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകി നിയമസഭ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒമാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോൾ തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ തീർപ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളിൽ വലിയൊരു ശതമാനം അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.