അമ്പത് വർഷം പിന്നിട്ട ഭൂപരിഷ്കരണ നിയമത്തിന്റെ ബലത്തിലാണ് പട്ടയമടക്കമുള്ള ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ തീർപ്പ് കൽപ്പിക്കുന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മലപ്പുറം നഗരസഭ ടൗൺ ഹാളിൽ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മിത്തം അവസാനിച്ച നമ്മുടെ നാട്ടിൽ ഭൂമി കൈവശമുള്ളവർക്കെല്ലാം നിയമാനുസൃതമായി അവകാശം ഉറപ്പാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കും. അർഹർക്ക് അവരുടെ ഭൂമി എത്രയും പെട്ടെന്ന് അവരുടെ കൈകളിലെത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ലാൻഡ് ട്രിബ്യുണുകൾ കൂടുതൽ സിറ്റിങ് നടത്തി കൂടുതൽ പട്ടയങ്ങൾ നൽകാൻ തയ്യാറാകണം മന്ത്രി പറഞ്ഞു.
ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി വില്ലേജിൽ വെങ്ങാട്മല കോളനിയിലെ തൊണ്ണൂറുകാരിയായ തെക്കേടത്ത് ജാനകിക്ക് മന്ത്രി ഇ ചന്ദ്രശേഖരൻ ആദ്യ പട്ടയം നൽകി. വിവിധ വിഭാഗങ്ങളിലായി 3,269 ഭൂവുടമകൾക്കാണ് മേളയിൽ പട്ടയങ്ങൾ വിതരണം ചെയ്തത്. 2,925 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും വിവിധ താലൂക്കുകളിൽ നിന്നുള്ള 177 പതിവു പട്ടയങ്ങളും 167 ഒഎൽഎച്ച്എസ് പട്ടയങ്ങളും രണ്ടാംഘട്ട പട്ടയ വിതരണ മേളയിൽ ഗുണഭോക്താക്കൾക്കു നൽകി. 10 കൈവശ രേഖകളും വിതരണം ചെയ്തു. സ്വന്തം ഭൂമിയിൽ അവകാശം ഉറപ്പാക്കാനുള്ള സർക്കാർതല നടപടികൾ സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ലാതല പട്ടയ മേളയിൽ അധ്യക്ഷനായ പി ഉബൈദുള്ള എംഎൽഎ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം പൂർത്തിയാവുന്നതിനു മുമ്പായി ഭൂരഹിത പട്ടിക വർഗ്ഗ വിഭാഗങ്ങളില്ലാത്ത ജില്ലയായി മലപ്പുറം മാറുമെന്ന് ചടങ്ങിൽ സംസാരിച്ച ജില്ലാ കളക്ടർ ജാഫർ മലിക് പറഞ്ഞു.
മലപ്പുറം നഗരസഭാധ്യക്ഷ സി എച്ച് ജമീല, പെരിന്തൽമണ്ണ സബ്കളക്ടർ കെ എസ് അഞ്ജു, മലപ്പുറം അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, തിരൂർ ആർഡിഒ പി അബ്ദു സമദ്, ഡെപ്യൂട്ടി കളക്ടർമാരായ ഡോ. ജെ ഒ അരുൺ, ഒ ഹംസ, പി എൻ പുരുഷോത്തമൻ, പി സെയ്ദലി തുടങ്ങിയവർ സംബന്ധിച്ചു.
English Summary: Land will be handed over to deserving persons: Minister E. Chandrasekharan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.