ഭൂരേഖ ചരിത്രവും വർത്തമാനവും

Web Desk
Posted on November 21, 2019, 10:29 pm

ജയശ്ചന്ദ്രൻ കല്ലിംഗൽ

മാർത്താണ്ഡവർമ്മയുടെ ഭരണ കാലത്ത് 1729 ൽ തിരുവിതാംകൂറിൽ രാജാവിലും ദിവാനിലും കേന്ദ്രീകരിച്ചിരുന്ന അധികാരം വികേന്ദ്രീകരിക്കുന്നതിനായിട്ടാണ് റവന്യൂ ഭരണസംവിധാനം രൂപീകരിച്ചത്. തുടർന്ന് 1774–78 കാലഘട്ടത്തിൽ കേട്ടെഴുത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ സെ­റ്റിൽമെന്റ് നടത്തി, ഭൂരേഖകൾ തയ്യാറാക്കി. 1865‑ൽ ആയില്യം തിരുനാൾ രാമവർമ്മ മ­ഹാ­രാജാവ് പണ്ഡാര പാട്ട വിളംബരത്തിലൂടെ സർ­ക്കാ­ർ ഉടമസ്ഥതയിലായിരുന്ന പാട്ടവസ്തുക്ക­ളിൽ കുടിയാൻമാർക്ക് ഉടമസ്ഥാവകാശം നല്കി. ഭൂമി സ്വകാര്യ സ്വത്താവുകയും വിൽക്കാനും വാങ്ങാ­നു­മുള്ള അനുവാദം പൗരന്മാർക്ക് ലഭ്യ­മാകുകയും ചെയ്തു. ഇതോടുകൂടി തിരു­വി­താം­കൂറിന്റെ സാ­മൂ­ഹ്യഅന്തരീക്ഷത്തിന് പുരോഗമനപരമായ വലി­യ മാറ്റമാണുണ്ടായത്. എന്നാൽ കൊച്ചിയിലും മലബാറിലും ഭൂമി ജന്മികളുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഏതാനും ഭൂഉടമകളും നൂറ്ക്കണ­ക്കിന് കുടിയാന്മാരുമായി ജന്മികുടിയാൻ ബന്ധം നിലനിന്നുപോന്നു.

1882 മുതൽ 1902 വരെയുള്ളവരെയുള്ള കാല­ഘട്ടത്തിൽ ശാസ്ത്രീയമായി സർവ്വെനടത്തി സെ­റ്റി­ൽമെന്റ് റിക്കോർഡുകൾ തയ്യാറാക്കപ്പെട്ടു. സ­ർവ്വെ പ്രവർത്തനങ്ങളുടെ അടിസ്ഥാനരേഖയായി തുടർന്നുള്ള കാലഘട്ടങ്ങളിൽ ഉപയോഗിച്ചത് ഊ സെറ്റിൽമെന്റ് രേഖകളാണ്. സെറ്റിൽമെന്റ് കാലത്ത് കേരളത്തിലെ ഭൂഉടമ ബന്ധങ്ങൾ ഇ­ന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബ­രത്തോ­ടെ ക്രയവിക്രയങ്ങൾ നടന്ന് ഭൂമിയുടെ തുണ്ടു­വ­ൽ­ക്കരണം ആരംഭിച്ചിരുന്നു. എന്നാ­ൽ മലബാറി­ൽ ജന്മി വ്യവസ്ഥ നിലനിന്നതിനാൽ ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മികളിൽ തന്നെ നിലനിന്നു. സെറ്റിൽമെന്റ് കാലത്ത് രേഖകൾ തയ്യാറാ­ക്കി­യത് ഇത്തരത്തിലുള്ള ഭൂഉടമസ്ഥതയുടെ അടി­സ്ഥാ­നത്തിലാണ്. 1964‑ൽ റീസർവ്വെ സമയത്തും കേരളത്തിലെ സാമൂഹിക ചുറ്റുപാടിൽ വലിയ മാറ്റങ്ങൾ വന്നിരുന്നില്ല. 1970 ജനുവരി ഒന്നിന് കേരള ഭൂപരിഷ്ക്കരണനിയമം നിലവിൽ വന്ന­തോ­ടെ ഭൂഅധികാരകേന്ദ്രങ്ങളിൽ സമൂലമായ മാറ്റം വന്നു. 1964 മുതൽ ആരംഭിച്ച റീസർ­വ്വെ­കളിൽ ഈ മാറ്റങ്ങൾ പ്രതി­ഫലി­ക്കുന്നതി­നാ­വ­ശ്യമായ രേഖകൾ ലഭ്യമായിരുന്നില്ല എന്നു മാത്ര­മ­ല്ല ഫലപ്രദമായി രേഖപ്പെടുത്തിയുമില്ല. മലബാർ മേഖലയിൽ ഒരു പുരോഗതിയും ഉണ്ടാക്കുവാൻ ഈ കാലം വരെ കഴിഞ്ഞിട്ടില്ല.

കേരള ഭൂപരിഷ്കരണ നിയമത്തിന്റെ നടത്തി­പ്പി­നായി സി അച്യുതൻ മേനോന്റെ ഭരണ­കാ­ല­ത്ത് 1970-കളോടെ റവന്യൂവകുപ്പ് വിപുലീക­രി­ക്കപ്പെട്ടു. മിച്ചഭൂമി ഏറ്റെടുക്കുന്നതിനും വിതരണ­ത്തിനുമായി നിരവധി സംവിധാനങ്ങൾ നിലവിൽ വന്നു. വനഭൂമി കൈവശക്കാർക്ക് പട്ടയം അനു­വ­ദിയ്ക്കുന്നതിന് പ്രത്യേകം ഓഫീസുകൾ ആ­രം­­ഭി­ച്ചു. കൈവശക്കാരുടെ എണ്ണത്തിൽ അഭൂത­പൂർവ്വമായ വർദ്ധനവുണ്ടായത് വില്ലേജാ­ഫീസു­ക­ളുടെ ജോലിഭാരം പതിന്മടങ്ങാക്കി. ഇതനുസ­രിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിക്കുകയോ ഭൗതിക സാഹചര്യം മെച്ചപ്പെടുകയോ ഉ­ണ്ടായില്ല. ഭൂബന്ധങ്ങളിൽ മാറ്റം ഉണ്ടാകുന്നതിനു മുമ്പ് നി­ല­വിലുണ്ടായിരുന്ന സെറ്റിൽമെന്റ് അനുസ­രിച്ചാ­ണ് റീസർവ്വെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വില്ലേജുകളിലാവട്ടെ, പഴയ നാടുവാഴി സമ്പ്രദാ­യ­ത്തിന്റെ അടിസ്ഥാനത്തിലുള്ള അംശങ്ങളുടെയും ദേശങ്ങളുടെയും അതിർത്തികൾ അടിസ്ഥാന­പ്പെ­ടുത്തിയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ജന­സംഖ്യാനുപാതികമായോ ഭൂശാസ്ത്രപരമായോ ഉ­ള്ള ശാസ്ത്രീയടിത്തറ വില്ലേജ് അതിർത്തി നിർ­ണ്ണ­യത്തിനുണ്ടായിരുന്നില്ല, തൃശ്ശൂരിൽ 264 വില്ലേ­ജുകൾ നിലവിലുള്ളപ്പോൾ അതേ ജനസംഖ്യയും ഭൂവിസ്തൃതിയുള്ള തിരുവനന്തപുരത്ത് 124 വില്ലേ­ജുകൾ മാത്രമാണുള്ളത്. നില­വി­ലി­രുന്ന വില്ലേജ­തിർത്തി തിരിച്ചുള്ള സെറ്റി­ൽമെ­ന്റ് രജിസ്റ്റർ പ്ര­കാരം റീസർവ്വെ നടന്നപ്പോൾ ശാസ്ത്രീയമായി വി­ല്ലേജതിർത്തികൾ പുനർനിർണ്ണ­യി­ക്കുന്നതിന് ശ്രമമുണ്ടായില്ല.

ഭൂഉടമസ്ഥതാ വിഷയങ്ങൾ സങ്കീർണ്ണമായിരുന്ന മലബാറിൽ ഭൂപരിഷികരണ നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കാല­താ­മസം ഉണ്ടായി. അനവധിയായ ജോലിക­ൾ­ക്കിടയിൽ ഫലപ്രദമായി താലൂക്ക് ലാന്റ് ബോൾ­ഡു­കൾ നിശ്ചിതസമയത്ത് സിറ്റിംഗ് നടത്തു­ന്ന­തിനും പഴുതടച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. താ­ലൂക്ക് ലാന്റ്ബോർഡ് ചെയർമാൻമാരായ ഡെ­പ്യൂട്ടി കളക്ടർമാരുടെ ജോലിഭാരവും ഉത്ത­ര­വാദിത്വം ഏറ്റെടുക്കുന്നതിനുള്ള വിമുഖതയുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം കേസുകളിൽ ഇന്നും വില്ലേജ് റിക്കോർഡുകളിൽ ഉടമസ്ഥരായി രേഖപ്പെടുത്തിയിരിക്കുന്നത് മുൻ ജന്മികളെയാണ്. ഫലപ്രദമായി ലാന്റ്ബോർഡുകൾ ചേരുകയും ട്രിബ്യൂണലുകൾ കൂടിയാണ്മ തീർച്ചപ്പെടുത്തുകയും ചെയ്താൽ ഇതിന് പരിഹാരമുണ്ടാകുമായിരുന്നു. ഈ അപാകതകളെല്ലാം ഭൂരേഖകളിൽ പ്രതി­ഫലിക്കുന്നു. ഭൂപരിഷ്ക്കരണ നിയമത്തിന്റെ 7ഇ ഭേദഗതി­യി­ലൂടെ 4 ഏക്കറിൽ താഴെയുള്ള ബോണഫൈഡ് പർച്ചേയ്സുകൾക്ക് പട്ടയം അനുവദിക്കുന്ന കാ­ര്യത്തിലുള്ള നടപടികൾ മന്ദഗതിയിലാണ് നീ­ങ്ങുന്നത്. മലബാർ ലാന്റ് രജിസ്ട്രേഷൻ ആക്ട് പിൻവലിച്ചതോടെ നികുതി കെട്ടാത്ത ഇനം ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കു­ന്ന­തി­നെ സംബന്ധിച്ച് വ്യക്തമായ നിയമ വ്യവസ്ഥ­യു­മില്ല.

നിലവിലുള്ള കേരള ലാന്റ് ടാക്സ ആ­ക്ടി­ന്റെയും കേരള ലാന്റ് കൺസർവൻസി ആക്ടി­ന്റെ­യും പരിധിയിൽ നിന്നു കൊണ്ട് പരി­ഹരി­ക്കാ­വുന്ന നിയമപ്രശ്നമല്ല ഇത്. പൊതുഉടമ­സ്ഥ­തയിൽ നിലനിറുത്തേണ്ട ഭൂമിയെ സംബന്ധിച്ച് കൃത്യമായ നിർവ്വചനത്തോടെ മലബാർ ലാന്റ് രജിസ്ട്രേഷൻ ആക്ടിന് പകരമായി നികുതി കെ­ട്ടാത്ത ഇനം ഭൂമികളുടെ ഉടമസ്ഥതയെ സംബ­ന്ധി­ച്ച് വ്യ­ക്തമായ നിയമനിർമ്മാണം നടത്തു­ന്ന­തിന് സ­ർക്കാർ തയ്യാറാകണം. മിച്ചഭൂമിയിലെ അനധികൃത കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടും മിച്ചഭൂമി പരിധിയിൽ നിന്നു നി­യമാനുസൃതം ഒഴിവാക്കപ്പെട്ട ഭൂമിയുടെ തരം­­മാ­റ്റങ്ങളുമായി ബന്ധപ്പെട്ടും നിരവധി നിയമപ്ര­ശ്ന­ങ്ങൾ കാലാന്തരത്തിൽ ഉണ്ടായിട്ടുണ്ട്. മലബാർ മേഖലയിലെ ഭൂപ്രശ്നങ്ങൾക്ക് ഒറ്റയടിയ്ക്ക് പരിഹാ­രം കാണാനായില്ലെങ്കിലും ചെറുകിട കൈവശ­ക്കാർക്ക് ഭൂമിയിലെ ഉടമസ്ഥത തീർച്ചപ്പെടുത്തി ആധികാരിക ഉടമസ്ഥാവകാശരേഖ നല്കുവാൻ കഴിയുന്ന തരത്തിൽ നിലവിലുള്ള നിയമ ങ്ങളും ചട്ടങ്ങളും ലഘൂകരിക്കണം. ഇക്കാര്യങ്ങളിൽ ഇ­ടപെടുന്നതിന് ചെറിയ ശ്രമമെങ്കിലും നടത്തിയത് ഈ സർക്കാരിന്റെ കാലത്താണെന്നതാണ് ആ­ശ്വാസകരം. ഭൂപരിഷ്കരണനിയമവുമായി ബന്ധപ്പെ­ട്ട് വിവിധയിനം കുടിയാൺമകളിൽപ്പെട്ട 62000 പേർക്ക് ഭൂമിയുടെ ജന്മം തീറ് അവകാശം രേ­ഖപ്പെടുത്തി പട്ടയം അനുവദിയ്ക്കാനായിട്ടുണ്ടെന്നത് സന്തോഷകരമാണ്. കുടികിടപ്പ് അപേക്ഷകളുടെ എണ്ണം വളരെ കുറഞ്ഞ തെക്കൻ ജില്ലകളിൽ നിലവിലുണ്ടായിരുന്ന ലാന്റ് ട്രിബ്യൂണലുകളെ വടക്കൻ ജില്ലകളിലേക്ക് ക്രമീകരിക്കാനായി. ഈ ഓഫീസുകളും ഫലപ്രദമായ പ്രവർത്തനം ആരംഭിച്ച് കഴിയുമ്പോൾ കുടികിടപ്പ് അവകാശ­വുമായി ബന്ധപ്പെട്ട മുഴുവൻ അപേക്ഷകളിലും പരിഹാരമാകുമെന്ന് കരുതാം.

കേരള ഭൂരേഖ നവീകരണവുമായി ബന്ധപ്പെട്ട് ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി പുതിയ പദ്ധതിയ്ക്ക് സർക്കാർ രൂപം നല്കുവാനുള്ള ചർച്ചകൾ നടക്കുകയാണ്. റവന്യൂ, സർവ്വെ, രജിസ്ട്രേഷൻ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഭൂമി സംബന്ധമായ കൈമാറ്റങ്ങളെല്ലാം ഓൺ­ലൈനായി നടപ്പിൽ വരുത്തുക എന്ന ല­ക്ഷ്യ­ത്തോടെയാണ് പ്രവർത്തനം മുന്നോട്ട് പോകു­ന്നത്. എന്നാൽ സർവ്വെ നടപടികൾ വീണ്ടും വില്ലേജ് അടിസ്ഥാനത്തിലാണ് പൂർത്തി­യാക്കു­ന്ന­തെങ്കിൽ റവന്യൂ ഭരണം ശാസ്ത്രീയമായി പുനഃ സംഘടിപ്പിക്കപ്പെടുകയില്ല. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ തുടർച്ചയായ നമ്പരുകൾ നല്കി റവന്യൂ സർവ്വെ നമ്പർ സി­സ്റ്റ­ത്തിന് മാറ്റം വരുത്തണം. കൈമാറ്റങ്ങളെല്ലാം ആധാർ കൂട്ടിയോജിപ്പിച്ചും ഏകീകൃത തണ്ടപേർ വ്യവസ്ഥ നടപ്പിൽ വരുത്തുകയും വേണം. ഭൂമി ലഭ്യത കുറഞ്ഞ കേരളത്തിൽ ഫലപ്രദമായി കേ­രള ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കി പരിധി­യി­ൽ കവിഞ്ഞ ഭൂമി ഏറ്റെടുക്കുന്നതിനും ഭൂമാ­ഫിയയെ തളയ്ക്കുന്നതിനും ഏകീകൃത തണ്ടപേർ (യുണീക് തണ്ടപേർ സിസ്റ്റം) സഹായകരമാകും. സർവ്വെ പ്രവർത്തനങ്ങളിൽ ആധുനിക സങ്കേത­ങ്ങ­ൾ ഉപയോഗിച്ച് നടപ്പിൽ വരുത്തുന്ന­തോ­ടൊ­പ്പം തന്നെ വില്ലേജ് അതിർത്തി സങ്കല്പ­ങ്ങ­ളിലും പുരോഗമനപരമായ മാറ്റം വരുത്തുവാൻ തയ്യാറാകണം. കൈവശങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വില്ലേജതിർത്തികൾ ശാസ്ത്രീ­യമായി പുനഃക്രമീകരിക്കണം. സുതാര്യമായ ഭൂ­രേ­ഖകളാണ് അഴിമതിരഹിത സിവിൽ സർ­വ്വീസിന്റെ അടിസ്ഥാനമെന്നത് ഉൾകൊ­ള്ളണം.