വീണ്ടും ഉരുള്‍പൊട്ടല്‍

Web Desk
Posted on August 10, 2019, 10:45 pm

സ്വന്തം ലേഖകന്‍

കോഴിക്കോട്: മലയിടിഞ്ഞുതകര്‍ന്ന് വന്‍ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ ഭൂദാനം കവളപ്പാറയിലും മേപ്പാടി പുത്തുമലയിലും കനത്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമായി. കവളപ്പാറയില്‍  ഉച്ചയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാല്‍ ആളപായമുണ്ടായില്ല.
ഉരുള്‍പൊട്ടലുണ്ടായ മലയുടെ മുകള്‍ഭാഗം ഏതുനിമിഷവും പൊട്ടിയടര്‍ന്ന് താഴേയ്ക്ക് പതിക്കാം എന്ന നിലയിലായതിനാല്‍ കടുത്ത ആശങ്കയിലാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ ഇവിടെ സൈന്യമിറങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്നും കണ്ടെടുത്തത്. ഇനിയും 54 ആളുകളെ കണ്ടെത്താനുണ്ടെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പറയുന്നു. ഉരുള്‍പൊട്ടലില്‍ 43 വീടുകളാണ് മണ്ണിനടിയിലായത്. നാല്‍പ്പതടിവരെ മണ്ണുവന്ന് മൂടിയിരിക്കുകയാണ് പലയിടങ്ങളിലും. വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്.
മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവിടെ നാല്‍പ്പതോളം വീടുകളാണ് മണ്ണിനടിയിലായത്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമാക്കുന്നുണ്ട്. സോയില്‍ പൈപ്പിംഗ് പ്രതിഭാസം മൂലം മലയില്‍ നിന്ന് ശക്തമായുണ്ടാകുന്ന ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വയനാട്ടില്‍ 32,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. വ്യാപകമായ ഒരുക്കങ്ങള്‍ക്ക് ശേഷം വയനാട്ടിലെ പ്രധാന അണക്കെട്ടുകളിലൊന്നായ ബാണാസുരസാഗറിന്റെ നാല് ഷര്‍ട്ടറുകളില്‍ ഒരെണ്ണം തുറന്നു. പത്ത് മീറ്ററാണ് ഷര്‍ട്ടര്‍ തുറന്നിരിക്കുന്നത്. ഇതോടെ പനമരം, മാനന്തവാടി മേഖലകളില്‍ ജലനിരപ്പുയരും. കബനി പുഴയിലേക്കാണ് ബാണാസുരയിലെ വെള്ളം നേരിട്ട് ഒഴുകിയിറങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ വലിയ ഡാമുകളിലൊന്നായ കക്കയം ഡാമിലെ ജലനിരപ്പും ഇതോടെ ഉയരും. ജലനിരപ്പുയര്‍ന്നാല്‍ കക്കയം ഡാം തുറക്കേണ്ടിവരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കുറ്റിയാടി പൊലീസ് സന്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. ബൈക്കിന് മുകളില്‍ മരം വീണാണ് ഒരാള്‍ മരിച്ചത്. കണ്ണൂരില്‍ രണ്ട് വയസുകാരനടക്കം മൂന്നുപേര്‍ ഇന്നലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇരിട്ടി, ശ്രീകണ്ഠപുരം മേഖലകള്‍ ഏറെക്കുറെ വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി കോളനിയിലെ പൂര്‍ണഗര്‍ഭിണിയടക്കമുള്ള ആളുകളെ അതിസാഹസികമായി ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായി കാണാതായ ആളുകള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഭാരതപ്പുഴയും ചാലിയാറും കരകവിഞ്ഞൊഴുകുന്നു. മഴ തുടര്‍ന്നാല്‍ കുറ്റിപ്പുറം, പട്ടാമ്പി, ഫറോക്ക് പാലങ്ങള്‍ വെള്ളത്തിനടിയിലാകും.
ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ മുപ്പത്തിയഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും അപൂര്‍വമായി മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. വടക്കന്‍ കേരളത്തിലെ ഉള്‍പ്രദേശങ്ങളില്‍ നാല് ദിവസമായി വൈദ്യുതി പൂര്‍ണമായും നിലച്ചിരിക്കുകയാണ്.