Saturday
23 Mar 2019

അട്ടപ്പാടിമേഖലയില്‍ മണ്ണിടിച്ചില്‍ ; ചുരം വഴിയുളള ഗതാഗതത്തിന് നിയന്ത്രണം

By: Web Desk | Tuesday 12 June 2018 9:45 PM IST


landslide

അഗളി: ശക്തമായി മഴ തുടരുന്ന അട്ടപ്പാടിമേഖലയില്‍ മണ്ണിടിച്ചില്‍ മൂലം ചുരം വഴിയുളള ഗതാഗതം നിയന്ത്രിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവര്‍ അധികൃതര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കി. ചുരത്തില്‍ ശക്തമായി മഴ പെയ്യുന്നത് കാരണം മണ്ണിടിച്ചിലിനും മരം കടപുഴകി വീഴുന്നതും ഏത് സമയത്തും സംഭവിക്കാം. യാത്രക്കാരുടെ ജീവന്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് അധികാരികള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. ചുരം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്നത് കാരണം ഏത് സമയത്തും എന്തും സംഭവിക്കാവുന്ന നിലയിലാണ് ഈ പ്രദേശം. ലക്ഷക്കണക്കിന് വാഴകള്‍ ആണ് കാറ്റിലും മഴയിലും പെട്ട് നശിച്ചുപോയത്. ഭവാനിപുഴയും വംഗാര്‍പുഴയും കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ ഒറ്റപ്പെട്ടുപോയ ആദിവാസി ഊരുകളില്‍ ഭക്ഷസാധനങ്ങള്‍, അടിയന്തിര ചികിത്സാസഹായങ്ങള്‍ എന്നിവ നല്‍കുന്നതിനായി പട്ടികവര്‍ഗ്ഗ വകുപ്പ് നടപടികള്‍ തുടങ്ങിയതായി ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ കൃഷ്ണപ്രസാദ് അറിയിച്ചു. അടിയന്തിരമായി അപകടസാധ്യതകളെ നേരിടുവാന്‍ പോലീസിന്റെ സഹായം ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടാമെന്ന് അഗളി എ എസ് പി സുജിത്ദാസ് അറിയിച്ചു. ചുരം റോഡില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലും മരം വീണുണ്ടാകുന്ന ഗതാഗത തടസ്സങ്ങളും നീക്കുന്നതിനായി റവന്യുവകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും വനംവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സജ്ജരാണെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കൃഷിവകുപ്പു മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഷ്ടനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി നടപടികള്‍ തുടങ്ങിയതായി ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ അറിയിച്ചു.