Web Desk

കൽപറ്റ:

August 08, 2020, 10:37 am

വയനാട് പുത്തുമലക്ക് അടുത്ത് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ

ഇന്ന് പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനം
Janayugom Online

മുണ്ടക്കൈ പുഞ്ചിരിമട്ടം നാഗമല ഭാഗത്ത് വന്‍ ഉരുള്‍പൊട്ടല്‍. വെള്ളിയാഴ്ച്ച രാവിലെ 8.15നായിരുന്നു ഉരുള്‍പൊട്ടല്‍. അപകടം ഉണ്ടായത് പുത്തുമലയുടെ സമീപ പ്രദേശത്ത്. പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനമാണ് ഇന്ന് . ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം ഉണ്ടായി. ആളപായമില്ല. ഉരുള്‍പൊട്ടലില്‍ കുടുങ്ങിക്കിടന്ന 33 പേരെ സാഹസികമായി രക്ഷപ്പെടുത്തി. വനറാണി എസ്റ്റേറ്റിന് സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ആര്‍ക്കും പരിക്കേല്‍ക്കാതെ കുടുങ്ങിക്കിടന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയത്.

രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഈ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നലെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പുഞ്ചിരിമട്ടം റിസോര്‍ട്ട് പരിസരത്തുനിന്നും ഒന്‍പതു പേരെയും എസി കോളനിയില്‍ നിന്നും ഒന്‍പതു പേരെയും സ്‌കൂള്‍ കുന്നില്‍ നിന്ന് 15 പേരെയുമാണ് രക്ഷപ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ അഞ്ച് പാലങ്ങള്‍ തകര്‍ന്നു. പുഞ്ചിരി മട്ടം റോഡിലെ നാല് ചെറു പാലങ്ങളും തകര്‍ന്നു. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിഭൂമി ഒലിച്ചുപോയി. എസ് സി കോളനി റോഡില്‍ റിസോര്‍ട്ടിന് സമീപം നേരത്തെ ചെറിയ നീര്‍ച്ചാല്‍ ഉണ്ടായിരുന്ന പ്രദേശം ഉരുള്‍പൊട്ടലോടെ പുഴയായി മാറി. ഇതേതുടര്‍ന്ന് ആദ്യം വടം കെട്ടി ആളുകളെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. നീരൊഴുക്ക് ശക്തമായതിനാല്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങി.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് 10 മിനിറ്റിനകം പാലം നിര്‍മ്മിച്ച് റിസോര്‍ട്ടിന് സമീപം കുടുങ്ങിക്കിടന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെത്തിച്ചു. എസ് സി കോളനി, എട്ടാം നമ്പര്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടന്ന ആളുകളെ എന്‍ഡിആര്‍എഫിന്റെ സഹായത്തോടെയാണ് പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. 30 മീറ്ററില്‍ അധികം വീതിയുണ്ട് പുഴയ്ക്ക്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. വൈത്തിരി തഹസില്‍ദാര്‍ ഹാരിസിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു. മുണ്ടക്കൈയില്‍ നിന്നും 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ENGLISH SUMMARY: LANDSLIDE IN WAYANAD