September 26, 2022 Monday

Related news

September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022
September 20, 2022
September 19, 2022

കോവിഡിൽ കേന്ദ്രത്തിനെതിരെ ലാൻസെറ്റ്; പ്രതിരോധം പിഴച്ചു

Janayugom Webdesk
ന്യൂഡൽഹി
September 26, 2020 10:57 pm

കോവിഡ് പ്രതിസന്ധി സംബന്ധിച്ച് ഇന്ത്യ നടത്തുന്ന തെറ്റായ അവകാശവാദങ്ങളെ വിമർശിച്ച് ലോകപ്രശസ്ത ശാസ്ത്ര ജേണൽ ലാൻസെറ്റ്. വ്യാജ വിവരങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നത് മൂലം രാജ്യത്തെ കോവിഡ് പ്രതിരോധം താളം തെറ്റാനിടയുണ്ടെന്നും വൻ ദുരന്തമാണ് വരാനിരിക്കുന്നതെന്നും ലാൻസെറ്റ് മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശാസ്ത്രീയ തെളിവുകളിൽനിന്ന് വ്യതിചലിച്ച് രാഷ്ട്രീയ പ്രേരിതമായി കണക്കുകൾ അവതരിപ്പിക്കുകയാണെന്നും യാഥാർത്ഥ്യത്തിന് നിരക്കാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പൊതുജനങ്ങളിലും ആരോഗ്യരംഗത്തെ വിദഗ്ധരിലും അനിശ്ചിതത്വം സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തി.

ഓഗസ്റ്റ് 15 ന് കൊറോണ വൈറസ് വാക്സിൻ പുറത്തിറക്കുമെന്ന തരത്തിൽ ഐസിഎംആർ നടത്തിയ വാദങ്ങളെയും ലേഖനം വിമർശിച്ചു. മതിയായ തെളിവുകൾ ഇല്ലാതിരുന്നിട്ട് കൂടി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള ചികിത്സയെ ഐസിഎംആർ പിന്തുണയ്ക്കുന്നതിന്റെ ഔചിത്യത്തെയും ലാൻസെറ്റ് ചോദ്യം ചെയ്തു.

ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്ന 1.8 ശതമാനം എന്ന മരണനിരക്കിലും ലേഖനം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് മറ്റ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരക്കിനേക്കാൾ വളരെ കുറവാണ്, പക്ഷേ രോഗവ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വിശ്വസിക്കാൻ പ്രയാസമാണെന്നും ലേഖനത്തിൽ പറയുന്നു. കോവിഡ് അപകടസാധ്യതകളെക്കുറിച്ച് വ്യക്തവും സത്യസന്ധവുമായ വിവരങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു നൽകണം. ജനങ്ങളിൽ തെറ്റായ ശുഭാപ്തിവിശ്വാസം നൽകരുതെന്നും സർക്കാരിനെ വിമർശിച്ച് ലാൻസെറ്റ് പറഞ്ഞു.

ആരോഗ്യരംഗത്തെ പ്രതിസന്ധികളെക്കാൾ ഉപരിയായി കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങളും സാമ്പത്തിക അവസ്ഥയും രാജ്യത്തിന് വിനയായി എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയ സാഹചര്യത്തിൽ തന്നെ ലോക് ഡൗൺ നടപടികളിലേക്ക് കടന്നതിനെ പ്രകീർത്തിച്ച റിപ്പോർട്ട് രാജ്യം ഇതുവരെ കാണാത്ത വൻ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ പോവുകയാണെന്ന് മുന്നറിയിപ്പും നൽകുന്നു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ഏകദേശം 25 ശതമാനം ചുരുങ്ങുമെന്നത് മഹാമാരി സാമ്പത്തികമായി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റും. കോവിഡ് വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന വ്യവസ്ഥയിൽ നേരത്തേ തന്നെ ഉണ്ടായിരുന്ന അസമത്വം കൂടുതൽ പ്രസക്തമായിരിക്കുകയാണെന്നും ലാൻസെറ്റ് നിരീക്ഷിച്ചു.

വരുമാനം ഗണ്യമായി കുറയുകയും പട്ടിണി വർധിക്കുകയും ചെയ്തതോടെ നിരവധി കുടിയേറ്റ തൊഴിലാളികൾ വളരെ ദൂരം നടന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടമായി പലായനം ചെയ്യാനിടയായത് പകർച്ചവ്യാധി കൂടുതൽ പടരാൻ ഇടയാക്കി. ഇളവുകൾ പ്രഖ്യാപിച്ചതോടെ പോസിറ്റീവ് കേസുകളിൽ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്.

വൈറസ് വ്യാപനരീതി സങ്കീർണം

ഇന്ത്യയിൽ വൈറസ് വ്യാപിക്കുന്ന രീതി വളരെ സങ്കീർണ്ണമാണെന്ന് ജേണൽ നിരീക്ഷിക്കുന്നു. സംസ്ഥാനങ്ങൾക്കിടയിലും ഗ്രാമീണ, നഗര പ്രദേശങ്ങൾക്കിടയിലും വ്യാപനത്തിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിരോധ നടപടികളിൽ നിന്നും പൊതുജനാരോഗ്യ സന്ദേശങ്ങൾ ഗൗരവമായി എടുക്കുന്നതിൽ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തും. കോവിഡ് 19 മഹാമാരിയ്ക്കെതിരായി ശക്തമായ പോരാട്ടം നയിക്കാൻ പ്രാപ്തമായ വൈദ്യശാസ്ത്ര, ഗവേഷണ വിദഗ്ധരാണ് ഇന്ത്യയിലുള്ളത്.

വാർത്തകൾ സത്യസന്ധമായി പുറത്ത് വിടണം

ശാസ്ത്രീയ തെളിവുകൾ, വിദഗ്‌ധരുടെ അഭിപ്രായങ്ങൾ, മുതലായവയെ മാനിച്ച് വാർത്തകൾ സത്യസന്ധമായി പുറത്ത് വിടാൻ ഭരണത്തിലിരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ലാൻസെറ്റ് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. തുടർച്ചയായ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാസ്കുകളുടെ ഉപയോഗം, ശാരീരിക അകലം പാലിക്കൽ എന്നിവ പോലുള്ള ശീലങ്ങളെ ദുർബലപ്പെടുത്തുമെന്ന് ലേഖനത്തിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനവും മരണനിരക്കും സ്വാഭാവികമായും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ദൗർലഭ്യം

നഗരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗ്രാമീണ ആരോഗ്യ മേഖല ഏറെ പരിതാപകരമായ അവസ്ഥയിലാണ്. പല ആശുപത്രികളിലും ഓക്സിജൻ സിലണ്ടറുകളുടെയും, വെന്റിലേറ്ററുകളുടെയും മറ്റ് ഉപകരണങ്ങളുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry: lanset jour­nal on covid pre­ven­tion in india
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.