ലന്തക്കാരുടെ നവ ലുത്തിനികൾ

Web Desk
Posted on November 03, 2019, 8:31 am

റോബിൻ സേവ്യർ

‘ഡച്ച് ഗവർണറായിരുന്ന വാൻ റീഡ് കൊച്ചിയിൽ വെച്ചാണ് കർമ്മലീത്ത സഭയിലെ മാത്തേവൂസ് പാതിരിയെ കണ്ടുമുട്ടിയത്. പാതിരി വാൻ റീഡിന് മലബാറിലെ സസ്യങ്ങളെ കാണിച്ചു കൊടുത്തു. അതോടെ ലന്തക്കാരുടെ ക്ഷോഭം അടങ്ങി. വാൻ റീഡും കൂട്ടരും മലയാള മണ്ണിൽ നിന്നും നാട്ടു ചെടികളെ പറിച്ചെടുത്തു. മാത്തേവൂസ് പാതിരി ചെടികളെ വരച്ചു. കൊങ്കിണി വൈദ്യന്മാർ ഗുണ ദോഷം പറഞ്ഞു. ഒരു കൊച്ചിക്കാരൻ അതിനെ പോർച്ചുഗീസ് ഭാഷയിലേക്ക് ആക്കി. മൂന്നാമത്തെ ഭാഷാന്തരത്തിൽ ചെടികൾ ലത്തീനിൽ ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന പുസ്തകവും ആയി. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ — എൻ എസ് മാധവൻ പിൻവായന: ഡച്ചിലെ പുരാതന നഗരങ്ങളായ ഗീതോണിൽ നിന്നും ആംസ്റ്റർ ഡാമിൽ നിന്നുമെത്തിയ ആദ്യ കാല സഞ്ചാരികളും വണിക്കുകളും വിവിധ രംഗങ്ങളിൽ തങ്ങളുടേതായ പാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും വിജ്ഞാന ദാഹികളുമായിരുന്നു. ഓർമ്മയായ കാലം മുതലേ കേരളത്തിന് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. 1604 നവംബർ 11 ന് ഡച്ച് അഡ്മിറൽ സ്റ്റീവൻ വാൻഡർ ഹാഗന്റെ നേതൃത്വത്തിൽ ഡച്ചുകാർ കോഴിക്കോട്ടെ സാമൂതിരിയുമായി കരാറിലേർപ്പെട്ടത് ഇന്ത്യയിലെ തന്നെ വാണിജ്യബന്ധങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നിങ്ങോട്ടുള്ള പോരാട്ടങ്ങളിലൂടെ ഡച്ചുകാർ 1663 ൽ പോർച്ചുഗീസുകാരിൽ നിന്ന് കൊച്ചി പിടിച്ചെടുത്തു. 1814 വരെയുള്ള കാലഘട്ടം കേരളത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഭരണപരവും സാമൂഹികപരവും സാംസ്കാരികപരവും വാണിജ്യപരവുമായ ഒട്ടേറെ പുരോഗമനാത്മകമായ മാറ്റങ്ങളാണ് അന്ന് ഈ മലയാളക്കരയിൽ വന്നെത്തിയത്.

ശാസ്ത്രീയമായ കൃഷിരീതികൾ കേരളത്തിൽ പ്രചരിപ്പിച്ചതിനു പിന്നിൽ കച്ചവട താല്‍പര്യത്തോടൊപ്പം സാമൂഹിക വീക്ഷണവും ഉണ്ടായിരുന്നു. തെങ്ങുകൾ നിശ്ചിത അകലത്തിൽ നട്ടുപിടിപ്പിക്കുന്ന രീതി, കടലോരങ്ങളിൽ തെങ്ങു കൃഷി വ്യാപകമാക്കിയത്, നെൽ പാടങ്ങളിൽ വരമ്പുകൾ പിടിപ്പിക്കുന്നത് ഇവയൊക്കെ ലന്തക്കാരുടെ സംഭാവനകളാണ്. സൂറത്തിൽ നിന്നും മേൽത്തരം നീല അമരി (Indi­go) തൈകൾ ഇവിടെ കൊണ്ട് വന്ന് എറണാകുളം, ആലങ്ങാട്, വെണ്ടുരുത്തി, വരാപ്പുഴ മുതലായ സ്ഥലങ്ങളിൽ കൃഷി ചെയ്യുകയും അമരി ചെടി കൃഷി ചെയ്യുന്നതിൽ മത്സ്യത്തൊഴിലാളികൾക്ക് ലന്തക്കാർ പരിശീലനം നൽകുകയും ചെയ്തു. ഇത് കടലിൽ പോകാനാവാത്ത പഞ്ഞ മാസങ്ങളിൽ മൽസ്യതൊഴിലാളികൾക്ക് ഏറെ പയോജനപദമായി. ഉപ്പു നിർമ്മാണം, തുണികളിൽ ചായം മുക്കൽ തുടങ്ങിയ പുതിയ വ്യവസായങ്ങളും ഡച്ചുകാർ നടപ്പിലാക്കി. ആതുര ശുശ്രൂഷാ രംഗത്തും അനാഥരെ സംരക്ഷിക്കുന്ന കാര്യത്തിലും ഡച്ചുകാരുടെ സേവനം ശ്ലാഘനീയമായിരുന്നു. 1728 ൽ പള്ളിപ്പുറത്ത് സ്ഥാപിച്ച കുഷ്ഠ രോഗാശുപതി, അതിനു മുന്നോടിയായി കൊച്ചിയിലെ കാസ്റ്റല്ല എന്ന സ്ഥലത്ത് ഒരുക്കിയ സാനിറ്റോറിയം, . അനാഥ കുട്ടികൾക്കായി സ്ഥാപിച്ച കേന്ദ്രങ്ങളിൽ പ്രായപൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ നല്കുന്നതിനുള്ള സംവിധാനവും അവർ ഏർപ്പെടുത്തിയിരുന്നു. മറ്റ് വിദേശ ശക്തികളെ താരതമ്യം ചെയ്താൽ തികഞ്ഞ മതസഹിഷ്ണുതയാണ് ഡച്ചുകാർ കേരളത്തിൽ പുലർത്തിയിരുന്നത്. യൂറോപ്പിലെ പ്രൊട്ടസ്റ്റന്റ് വിഭാഗമായ ഡച്ചുകാർ കേരളത്തിലെ കത്തോലിക്കക്കാരോട് സഹിഷ്ണുതാപരമായ നയമാണ് സ്വീകരിച്ചിരുന്നത്. 1673 ൽ എറണാകുളത്ത് ചത്ത്യാത്ത് ഒരു കർമലീത്താ ദേവാലയം സ്ഥാപിക്കുന്നതിന് ഡച്ചുകാർ അനുവാദം നൽകി. 1682 ൽ വരാപ്പുഴയിൽ കത്തോലിക്കാ സെമിനാരി നിർമ്മിക്കുവാനുള്ള അനുമതിയും നൽകി. (പിൽകാലത്ത് ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി) ഹൈന്ദവ ക്ഷേതങ്ങളെ അതേപോലെ സംരക്ഷിക്കുന്ന കാര്യത്തിലും ജൂത മുസ്ലീം ദേവാലയങ്ങളെ ആക്രമിക്കാതിരിക്കുന്നതിലും ഡച്ചുകാർ പത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. വർക്കല ജനാർദ്ദന സ്വാമി ക്ഷേതത്തിന് നേർച്ച നൽകിയ വലിയ മണിയും, മാവേലിക്കര ശീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് കാഴ്ച്ച വെച്ച കാവൽ വിളക്കും ഡച്ചുകാരുടെ മത സൗഹാർദ്ദ നയത്തിന്റെ ഉദാഹരണങ്ങളാണ്. കാര്യക്ഷമതയും സുതാര്യതയുമായിരുന്നു ഡച്ച് ഭരണക്രമത്തിന്റെ സവിശേഷതകൾ. മിതവ്യയവും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന രീതിയും ജോലിക്കാരോടുള്ള നല്ല പെരുമാറ്റ രീതിയിലും, അധ്വാനത്തിനനുസരിച്ച് ഭേദപ്പെട്ട കൂലി നൽകുന്ന കാര്യത്തിലുമുള്ള ഡച്ച് ഭരണ സമ്പദായം മറ്റ് അധിനിവേശ ശക്തികളിൽ നിന്നും വേറിട്ട് നിന്നു. ‘ലോകം ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വിലപ്പെട്ട രണ്ട് സസ്യ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഒന്നാണ് ഹോർത്തൂസ് മലബാറിക്കസ്’. സസ്യ ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന കാൾ ലിനേയസിൻറെ വാക്കുകളാണിത്. മലയാളം ലിപി ആദ്യമായി അച്ചടിച്ച ലാറ്റിൻ ഭാഷയിലുള്ള 12 വാല്യങ്ങളടങ്ങിയ കേരളത്തിലെ സസ്യ ശാസ്ത്ര സമ്പത്തിനെ കുറിച്ചുള്ള ഈ പുസ്തകത്തിനു വേണ്ട ചിലവ് വഹിച്ചതും വസ്തുതകൾ ശേഖരിച്ചതും അച്ചടിക്കുവേണ്ട മേൽനോട്ടം വഹിച്ചതും ഹെൻഡിക് ആൻഡിയൻ വാൻ റീഡ് ടോട്ട് ഡാങ്കെൻസ്റ്റെയ്ൻ എന്ന ഡച്ച് ഗവർണറാണ്. 1978 ൽ ഹോളണ്ടിലെ ആംസ്റ്റർഡാമിൽ ഒന്നാം വാല്യവും 1693 ൽ 12-ാം വല്യവും പുറത്തിറങ്ങി. ആകെ 742 ചെടികളെയും സസ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, 791 മനോഹര ചിത്രങ്ങൾ, രണ്ടായിരത്തോളം ഔഷധ വിധികൾ എന്നിവ ചെമ്പ് തകിടിൽ കൊത്തിയെടുത്ത് പുസ്തക രൂപത്തിൽ ആക്കിയതിനു പിന്നിൽ വാൻ റീഡിനൊപ്പം, കൊച്ചി രാജാവ് വീരകേരള വർമ്മ, ചേർത്തല സ്വദേശിയായ വൈദ്യൻ ഇട്ടി അച്യുതൻ, കൊങ്കിണി ബാഹ്മണരായ അപ്പു ഭട്ട്, രംഗ ഭട്ട്, വിനായക പണ്ഡിറ്റ്, മാത്തേവൂസ് പാതിരി, ഇമ്മാനുവേൽ കോർനെയ്റോ, കിസ്ത്യൻ ഡോനെപ്പ് തുടങ്ങി ഒട്ടേറെ പേരുടെ പരിശമമുണ്ട്. വാൻ റീഡ് ഏർപ്പാട് ചെയ്തു കൊണ്ട് വരുന്ന വിവിധ സസ്യങ്ങൾ ഇട്ടി അച്യുതൻ വൈദ്യർ തന്റെ പക്കലുള്ള “ചൊൽകേട്ട പുസ്തകം” എന്ന താളിയോല ഗന്ഥത്തിലെ ഔഷധ വിധികളുമായി ഒത്തുനോക്കുകയും അതേപ്പറ്റി സംസ്കൃത ഗന്ഥമായ “മഹാനിഘണ്ടു“വിൽ എന്തെകിലും പ്രതിപാദിച്ചിട്ടുണ്ടോ എന്ന് കൊങ്കിണി ബ്രാഹ്മണരും പരിശോധിക്കുന്നതായിരുന്നു രീതി. ഈ സസ്യങ്ങളുടെ ചിതങ്ങൾ പകർത്തുന്നതിനോടൊപ്പം മലയാളത്തിൽ പറയുന്നവ പോർച്ചുഗീസിലേയ്ക്കും പിന്നീട് ഡച്ച് — ലാറ്റിൻ ഭാഷകളിലേക്കും തർജ്ജമ ചെയ്തുമാണ് ഈ ബൃഹത്ത് ഗ്രന്ഥത്തിന്റെ ഏകദേശം 20 വർഷം നീണ്ടു നിന്ന മഹായജ്ഞം പൂർത്തിയാക്കിയത്. ഡച്ച് ഭരണം മലയാള നാടിനു നൽകിയ ഏറ്റവും വലിയ സംഭാവന ഹോർത്തൂസ് മലബാറിക്കസ് തന്നെയാണ് എന്ന് നിസ്സംശയം പറയാം.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് 2019 ഒക്ടോബർ 17 ന് കൊച്ചിയിലെത്തിയ നെതെർലാൻഡ് രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുടെ കേരള സന്ദർശനം ഏറ്റവും ഊഷ്മളമായ ഒരു ബന്ധത്തിന്റെ തുടർച്ചയാണ്. രാജാവിനും രാജ്ഞിക്കും നൽകിയ ഔദ്യോഗിക സ്വീകരണത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട കേരള ഡച്ച് ചരിത്രം ദൃശ്യവത്കരിച്ച ” GIETHOORN TO KERALA” AD1230 കളിൽ രൂപീകൃതമായ ഹോളണ്ടിലെ ഗീതോൺ നഗരത്തിൽ നിന്ന് തുടങ്ങുന്ന കേരള — ഡച്ച് ബന്ധത്തിന്റെ കഥ പറയുന്നു. വിവിധ മേഖലകളിലെ 70 — ഓളം കലാ പതിഭകൾ അണിനിരന്ന ദൃശ്യവിരുന്ന് സ്കീൻ, സ്റ്റേജ്, വിറ്റ്നസ്സ് കോർട്ട് എന്നീ മൂന്നിടങ്ങളിലായാണ് പുതുമയാർന്ന ശൈലിയിൽ കൊച്ചി താജ് മലബാറിൽ വിശിഷ്ടതിഥിതികൾക്കും ക്ഷണിക്കപ്പെട്ടവർക്കും മുന്നിൽ അരങ്ങേറിയത്. ഡച്ച് — ഇന്ത്യൻ സംഗീത ധാരകളും രേഖാ ചിത്രങ്ങളും, പെയിന്റിങ്ങുകളും സമന്വയിപ്പിച്ച് ഡച്ച് — കേരള ചരിതത്തെ അടയാളപ്പെടുത്തിയ സവിശേഷ ദൃശ്യങ്ങളിലൂടെയാണ് ഹൃദ്യമായ ഈ അവതരണം കടന്നു പോയത്. ഡച്ച് — ഇന്ത്യൻ ഫ്യൂഷൻ ഡാൻസ്, ഡച്ച് സാംസ്കാരികതയെ അവലംബിച്ച് ഉറൂബ് എഴുതിയ ‘മുളകുവള്ളികൾ’ എന്ന കഥയുടെ തീയേറ്റർ ആവിഷ്കാരം, മൈം, നിറങ്ങളെ അവലംബിച്ചുള്ള നൃത്തം, കേരളീയ പരമ്പരാഗത കലാരൂപങ്ങളുടെ വേറിട്ട ദൃശ്യ സമന്വയം എന്നിവ വിളക്കി ചേർത്താണ് ദൃശ്യാവിഷ്കാരം പൂർത്തിയായത്. 17-ാം നൂറ്റാണ്ടിലെ ഡച്ച് — കേരള സൗഹൃദാരംഭം മുതൽ 1604 ൽ തുടങ്ങിവെച്ച കരാറിന്റെ തുടർച്ചയെന്നോണം, കേരള മുഖ്യമന്തി നെതെർലാൻഡ് സന്ദർശിച്ച്, ഉടമ്പടികൾക്ക് തുടക്കം കുറിച്ചത് വരെയുള്ള ചരിത്ര സാക്ഷ്യങ്ങൾ, നിറഞ്ഞ ഹർഷാരവത്തോടെയാണ് നെതെർലാൻഡ് രാജാവും, രാജ്ഞിയും, മറ്റ് വകുപ്പ് മന്ത്രിമാരും, ഉദ്യോഗസ്ഥ മേലധികാരികളും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളും സ്വീകരിച്ചത്. മൾട്ടീമീഡിയ അവതരണം എന്നത് സമസ്ത ദൃശ്യസാദ്ധ്യതകളുടേയും അർത്ഥവത്തായ വിളക്കി ചേർക്കലിലൂടെ രൂപപ്പെടുന്ന പുതിയ കാലത്തിന്റെ ജനകീയ ദൃശ്യാവതരണമാണെന്ന് പ്രമോദ് പയ്യന്നൂര്‍ രൂപകൽപ്പന ചെയ്ത മർട്ടീമീഡിയ ദൃശ്യാവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്. നവോത്ഥാന ചരിത്രം ആവിഷ്കരിച്ച നവോത്ഥാന ദൃശ്യ സന്ധ്യ, മലയാളിയുടെ ലോക പ്രവാസ ജീവിതങ്ങളെ അടയാളപ്പെടുത്തിയ പ്രവാസ മലയാളം, ഗാന്ധിജിയുടെ അന്ത്യ നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന വിഖ്യാത പത്ര പ്രവർത്തകൻ കുൽദീപ് നെയ്യാരുടെ റിപ്പോർട്ട് ആസ്പദമാക്കി ദൃശ്യഭാഷ ഒരുക്കിയ സബ് കോ സൻമതി, ആയിരം യൗവനങ്ങളുടെ സർഗ്ഗോത്സവം മലയാള സാംസ്കാരിക ചരിത്രത്തിലൂടെ ആവിഷ്ക്കരിച്ച സമഭാവന എന്നിങ്ങനെ ഒന്നിനൊന്ന് ചാരുതയാർന്ന വേറിട്ട കലാശൈലികളിലൂടെ പുതിയ കാലത്തിന്റെ ദൃശ്യവെളിപാടുകളെയാണ് ഈ സംവിധായകൻ മുന്നോട്ട് വെയ്ക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട് ഇന്നും നിലനില്ക്കുന്ന ഡച്ച് നഗരമായ ഗീതോൺ അറിയപ്പെടുന്നത് നെതെർലാൻഡ്സിലെ വെനീസ് എന്നാണ്. നമ്മുടെ ആലപ്പുഴയാകട്ടെ കിഴക്കിന്റെ വെനീസും. ആലപ്പുഴയും നെതെർലാൻഡും പ്രത്യേകിച്ച് ഗീതോണും തമ്മിൽ ഭൂപ്രകൃ തിയിൽ ഉള്ള സാമ്യം — രണ്ടും സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന മേഖലകളാണെന്നതും, പ്രകൃതി സൗകുമാര്യം നിറഞ്ഞതാണെന്നതും ഡച്ച്-കേരള ബന്ധത്തിന് കൂടുതൽ നിറവേകുന്നു. ഇതുതന്നെയാണ് ‘ഗീതോൺ ടു കേരള’ എന്ന ടൈറ്റിലിന്റെ പ്രസക്തിയും.