Friday
24 May 2019

കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്

By: Web Desk | Wednesday 15 May 2019 10:12 PM IST


വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കടുവകള്‍

ജോമോന്‍ ജോസഫ്

കല്‍പറ്റ: കേരളത്തിലെ രണ്ട് കടുവാസങ്കേതങ്ങളെ പിന്നിലാക്കി കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമതെത്തി. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന വയനാട്ടില്‍ അടുത്തിടെയായി കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി എന്‍ അഞ്ജന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും.

കേരള വനംവന്യജീവി വകുപ്പ് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ഒളിക്യാമറ വഴിയുള്ള നിരീക്ഷണ സംവിധാനത്തിലൂടെയാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. ഇതനുസരിച്ച് വയനാട്ടില്‍ 84 കടുവകളുണ്ട്. എന്നാല്‍ കേരളത്തിലെ നിലവിലെ കടുവാസങ്കേതങ്ങളായ പെരിയാറും, പറമ്പിക്കുളത്തും 25 വീതം കടുവകള്‍ മാത്രമെയുള്ളു. 2017 ആദ്യം മുതല്‍ 2018 അവസാനം വരെയാണ് നിരീക്ഷണം നടത്തിയത്. ഇതനുസരിച്ച് കേരളത്തിലാകെ 176 കടുവകളുണ്ട്. ഒരു വയസില്‍ താഴെയുള്ള കടുവക്കുട്ടികളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. അതുകൂടി ചേര്‍ത്താല്‍ ആകെ 250ലധികം കടുവകള്‍ കേരളത്തിലുണ്ടാകും.

മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത് നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ ഒഴികെ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും, സൗത്ത് വയനാട് വനം ഡിവിഷനില്‍ നാല് കടുവകളെയും, തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഉള്‍പ്പെടെയുളള നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുവകളെയും കണ്ടെത്തി. 1640 ക്യാമറകളാണ് വനത്തിനുള്ളില്‍ സജ്ജീകരിച്ചത്. ക്യാമറയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം കണക്കാക്കിയത്. ഫോറസ്റ്റ് വാച്ചര്‍ മുതല്‍ ഡിഎഫ്ഒ വരെയുള്ളവരെ ഉള്‍പ്പെടുത്തി ഇതിനായി രൂപീകരിച്ച സംഘത്തിന് പ്രത്യേക പരിശീലനം നല്‍കിയാണ് നിരീക്ഷണവും കണക്കെടുപ്പും നടത്തിയത്.

You May Also Like This: