16 April 2024, Tuesday

കേരളത്തിലേക്ക് വൻതോതിൽ പഴകിയ മത്സ്യം കടത്തുന്നു; രാസവസ്തു ചേര്‍ത്ത അഞ്ച് ടണ്‍ മത്സ്യം കടത്തിയത് അച്ചാര്‍ നിര്‍മ്മാണ യൂണിറ്റിലേക്ക്

Janayugom Webdesk
July 4, 2022 9:21 pm

കേരളത്തിൽ ട്രോളിങ് നിരോധനം മൂലമുണ്ടായ മത്സ്യക്ഷാമം മുതലെടുക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യം കടത്തുന്നു. രാസവസ്തുക്കൾ ചേർത്തതും അഴുകി ദുർഗന്ധം പരത്തുന്നവയുമായ മത്സ്യങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടുന്നുണ്ട്.

ഗോവ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മീന്‍ കണ്ടെയ്നറുകളിലും ലോറികളിലുമായാണെത്തുന്നത്. അമോണിയയും ഫോർമാലിനും ചേർത്ത് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ വലിയ പങ്ക് വില്പനയ്ക്കായി കമ്മീഷൻ കടകളിലേക്കും ബാക്കി കാറ്ററിങ് യൂണിറ്റുകളിലേക്കും അച്ചാർ കമ്പനികളിലേക്കുമാണ് പോകുന്നത്. കുറെനാൾ മുമ്പ്, ആലപ്പുഴയില്‍ പിടിയിലായ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തു നിന്നു കൊണ്ടുവന്ന അഞ്ച് ടൺ പഴകിയ മത്സ്യം കൊച്ചിയിലെ കാറ്ററിങ് യൂണിറ്റുകളിലേക്കും അച്ചാർ കമ്പനികളിലേക്കും ഉള്ളവയായിരുന്നു.

കഴിഞ്ഞ മാസം തിരുവനന്തപുരം അഞ്ചുതെങ്ങിൽ പെട്ടികളിൽ സൂക്ഷിച്ച നിലയിൽ പിടികൂടിയ 9600 കിലോ മത്സ്യം ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നു കൊണ്ടുവരികയായിരുന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ഇത് മൂടുകയായിരുന്നു. കോഴിക്കോട് മുക്കം ആഗസ്ത്യമൂഴി, മാനന്തവാടി എന്നിവിടങ്ങളിൽ വാഹനങ്ങളിലും കടകളിലുമായി വില്പന നടത്തിയ പഴകിയ മത്സ്യങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.

ഏറ്റവുമൊടുവിലായി, ഏതാനും ദിവസം മുമ്പ് കൊല്ലം ആര്യങ്കാവിൽ വച്ച് മൂന്ന് ലോറികളിലായി കൊണ്ടുവന്ന 10,750 കിലോ പഴകിയ മത്സ്യമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ക­ടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നായി കൊല്ലം ജില്ലയിലെ പുനലൂർ, കരുനാഗപ്പള്ളി, അടൂർ എ­ന്നിവിടങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇ­വ. കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കമ്മീഷൻ കടകളിലേക്ക് മംഗലാപുരത്തു നിന്നുകൊണ്ടുവന്ന 4.25 ടൺ മത്സ്യം കരുനാഗപ്പള്ളിക്കു സമീപം ദേശീയ പാതയിൽ വച്ചും അതിനു മുമ്പ് പിടിച്ചെടുത്തിരുന്നു. കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന മത്സ്യം അഴുകിയ നിലയിലായിരുന്നു. പരാതികൾ വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധനകൾക്കാണ് രംഗത്തിറങ്ങിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം മൊബൈൽ ലാബിൽ പരിശോധന നടത്തിയാണ് സ്ഥിരീകരിക്കുന്നത്.

Eng­lish Sum­ma­ry: Large quan­ti­ties of stale fish are import­ed into Kerala

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.