24 April 2024, Wednesday

രാജസ്ഥാനില്‍ സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ കാട്ടുതീ

Janayugom Webdesk
ജയ്‌പൂര്‍
March 29, 2022 7:38 pm

രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ കാട്ടു തീ. 10 ചതുരശ്ര കിലോമീറ്ററില്‍ തീ വ്യാപിച്ചു കഴിഞ്ഞു. ഇത് ഏകദേശം 1,800 ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യോമസേന ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തിങ്കളാഴ്ച ഉണ്ടായ തീ 24 മണിക്കൂര്‍ കഴിയുമ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 43 കിലോ മീറ്റര്‍ അകലെയുള്ള സിലിസേര്‍ തടാകത്തില്‍ നിന്നും വെള്ളമെടുത്ത് തീ അണയ്ക്കാനുള്ള ശ്രമമാണ് വ്യോമസേന നടത്തിവരുന്നത്.

തീപിടുത്തമുണ്ടായ മേഖലയില്‍ എസ്ടി-17 എന്നു പേരുള്ള പെണ്‍കടുവയും രണ്ട് കടുവ കുഞ്ഞുങ്ങളും ഉണ്ടെന്ന് ട്രാക്കിങ്ങിലൂടെ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സരിസ്ക കടുവ സങ്കേതത്തില്‍ 20തില്‍ അധികം കടുവകളാണ് ഉള്ളത്. കാട്ടുതീയെ തുടര്‍ന്ന് വനമേഖലയോട് ചേര്‍ന്നുള്ള മൂന്ന് ഗ്രാമങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. അടുത്തിടെയായി രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ അതിശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. അല്‍വാര്‍ ഭരണകൂടത്തിന്റെ ആവശ്യ പ്രകാരം രണ്ട് എംഐ‑17 വി5 ഹെലികോപ്റ്ററുകളെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചിട്ടുള്ളതായി വ്യോമസേന അറിയിച്ചു.

കടുവ സെന്‍സെസ് പ്രകാരം കഴിഞ്ഞ വര്‍ഷം 126 കടുവകളാണ് ചത്തത്. കടുവ സെന്‍സസ് ആരംഭിച്ചതു മുതലുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. 2016ലാണ് ഇതിനു മുമ്പ് കൂടുതല്‍ കടുവകള്‍ ചത്തത്, 121. ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്.

eng­lish summary;Large wild­fire at Sariska Tiger Reserve in Rajasthan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.