September 28, 2022 Wednesday

അതിജീവനത്തിന്റെ ചരിത്രം കുറിച്ച്‌ കാസര്‍കോട്‌: അവസാന രോഗിയും ആശുപത്രി വിട്ടു

Janayugom Webdesk
കാസര്‍കോട്‌:
May 10, 2020 8:03 pm

വലിപ്പചെറുപ്പമില്ലാതെ രാജ്യങ്ങള്‍ കോവിഡ്‌ 19 ഭീഷണിയില്‍ അതിര്‍ത്തിക്കുളളില്‍ ഒതുങ്ങിയപ്പോള്‍, അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് കാസര്‍കോട്. ഒരു ഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്‌ കാസര്‍കോട്‌ ജില്ലയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പൂര്‍ണമായി എല്ലാ രോഗികളെയും ചികിത്സിച്ച്‌ ഭേദമാക്കി കാസര്‍കോട്‌ അതിജീവനത്തിന്റെ പൂര്‍ണതയിലേക്ക്‌ എത്തിയിരിക്കുകയാണ്‌.

മാര്‍ച്ച്‌ പകുതിയോടെയാണ്‌ കേരളത്തില്‍ കോവിഡിന്റെ രണ്ടാംവരവ്‌ തുടങ്ങിയത്‌. ഓരോ ദിവസവും ജില്ലയിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫ്‌ ഉയര്‍ന്നു വന്നു. ഏപ്രില്‍ പകുതിയോടെ രോഗ മുക്തി നേടുന്നവരുടെ ഗ്രാഫും ഉയര്‍ന്നു. അതോടെ ജില്ല ആശ്വാസ തീരത്തേക്ക്‌ അടുക്കുകയായിരുന്നു.

രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച്‌ 16 നാണ്‌ ആദ്യ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. രോഗികളുടെ സംഖ്യ പിന്നീട് ഉയര്‍ന്നു കൊണ്ടേയിരുന്നു. കേസുകള്‍ സ്ഥിരീകരിച്ചു തുടങ്ങിയപ്പോള്‍തന്നെ രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ശക്തമായ സന്നാഹവുമായി ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങി. ഏപ്രില്‍ പകുതിയോടെ രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ്‌19 കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ്‌ സംഭവിക്കുകയും ചെയ്‌തു.
ജില്ലയിലെ രോഗബാധിതരില്‍ 80 ശതമാനത്തിലധികവും ദുബായില്‍ നിന്ന്‌ വന്നവരായിരുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ്‌19 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കാസര്‍കോട്‌ ജില്ലയില്‍ ആയിരുന്നു. കൈമെയ്‌ മറന്ന്‌ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പ്‌ ജീവനക്കാരുടെയും പൊലീസിന്റെയും ശ്രമം ഏപ്രില്‍ രണ്ടാംവാരത്തോടെ ഫലംകണ്ടു തുടങ്ങിയിരുന്നു. അത്‌ ഇന്നലയോടെ പൂര്‍ണതയിലെത്തി.

ഉക്കിനടുക്കയിലുള്ള കാസര്‍കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്നലെ വൈകുന്നേരം ആറ്‌ മണിയോടെയാണ്‌ കാസര്‍കോട്‌ ജില്ലയില്‍ കോവിഡ്‌ രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗവിമുക്തനായി വീട്ടിലേക്ക്‌ മടങ്ങിയത്‌. 178 രോഗികളെ ചികിത്സിച്ച്‌ 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ്വ നേട്ടമാണ്‌ ജില്ല കൈവരിക്കുന്നത്‌. ഒരു ഘട്ടത്തിൽ കാസർകോട് ജില്ലയിലെ സ്ഥിതിഗതികൾ നിയന്ത്രണം വിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക സംഘത്തെ എത്തിച്ചാണ് കാസർകോട്ടെ കോവിഡ് ചികിത്സാ സംവിധാനങ്ങൾ സുശക്തമാക്കിയത്.

കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുമ്പോഴാണ്‌ അതിര്‍ത്തി അടച്ചുകൊണ്ടുള്ള കർണാടകത്തിന്റെ നടപടിയുണ്ടയത്. ഇതോടെ കര്‍ണ്ണാടകത്തിലെ ആശുപത്രികളെ ദീര്‍ഘകാലമായി ആശ്രയിച്ചുകൊണ്ടിരുന്ന രോഗികള്‍ ഏറെ ബുദ്ധിമുട്ടി. ചികിത്സ കിട്ടാതെ നിരവധി മരണങ്ങളുമുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്ത്‌ ബദല്‍ സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കാസര്‍കോട്‌ ജില്ലക്ക്‌ അനുവദിച്ച മെഡിക്കല്‍ കോളേജിനായി നിര്‍മ്മിച്ച അക്കാദമിക്‌ ബ്ലോക്കില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്തി ഉടനടി കോവിഡ്‌ ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ മരണം ഉണ്ടായിട്ടില്ല എന്നതും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിന്റെ മേന്മ പ്രതിഫലിപ്പിക്കുന്നതായി.

ENGLISH SUMMARY: last coro­na patient dis­charge from kasargod

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.