അവസാനഘട്ട വോട്ടെടുപ്പില്‍; വ്യാപക അക്രമം

Web Desk
Posted on May 19, 2019, 11:07 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങള്‍. പശ്ചിമബംഗാളിലാണ് ആസൂത്രിത അജണ്ടയുടെ ഭാഗമായി ബിജെപി അക്രമങ്ങള്‍ അഴിച്ചുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസും പേശീബലം കാണിച്ചു. 710 കമ്പനി കേന്ദ്രസേനയെ പശ്ചിമബംഗാളില്‍ വിന്യസിച്ചെങ്കിലും നിരവധി ഇടങ്ങളില്‍ അക്രമങ്ങള്‍ക്കൊപ്പം ബൂത്ത് പിടിത്തവും അരങ്ങേറി. കൊല്‍ക്കത്ത നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്.
ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലാണ് ഏറ്റവുമധികം അക്രമം നടന്നിട്ടുള്ളത്. ഗിലാബേറിയയില്‍ ബൂത്തിലേക്ക് ബോംബെറിഞ്ഞത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ആരോപണമുയര്‍ന്നു. അതിനിടെ കേന്ദ്രസേന ബൂത്തിലേക്ക് കയറ്റിയില്ലെന്നും ഐഡി കാര്‍ഡ് ചോദിച്ചെന്നും കൊല്‍ക്കത്ത സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന തൃണമൂല്‍ നേതാവ് മാലാ റോയ് ആരോപിച്ചു.
24 നോര്‍ത്ത് പര്‍ഗാനാസിലെ സഷനില്‍ ഗ്രാമീണര്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഇവിടെ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജവാന്‍മാര്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഒരു ഗ്രാമീണന് അക്രമത്തില്‍ പരിക്കേറ്റു. ഇയാളുടെ അമ്മ, പൊലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതേത്തുടര്‍ന്ന് പോളിംഗ് അല്‍പസമയം നിര്‍ത്തിവച്ചു.
തൃണമൂല്‍ പ്രവര്‍ത്തകര്‍ ബഡ്ജ് ബ്രിഡ്ജിന്റെ സമീപം സംഘടിച്ച് അതുവഴി വന്ന ഡയമണ്ട് ഹാര്‍ബറിലെ ബിജെപി സ്ഥാനാര്‍ഥി നീലാഞ്ജന്‍ റോയിയുടെ കാര്‍ തല്ലിത്തകര്‍ത്തു. ജാദവ്പൂര്‍ ബിജെപി സ്ഥാനാര്‍ഥി അനുപം ഹസ്‌റയുടെ കാറും തല്ലിത്തകര്‍ത്തു. ഇതിന് പിന്നില്‍ ടിഎംസി പ്രവര്‍ത്തകരാണെന്ന് ഹസ്‌റ ആരോപിച്ചു. ഭട്പാര ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ സ്ഥാനാര്‍ഥി മദന്‍ മിത്രയുടെ ബൂത്ത് ഏജന്റിനെ പ്രിസൈഡിംഗ് ഓഫീസര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ട്. ഇവിടെയും പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ ബൂത്ത് ഏജന്റിനെ ബൂത്തിലേക്ക് കയറാന്‍ അനുവദിച്ചില്ലെന്നും ആരോപണമുയര്‍ന്നു.
പശ്ചിമബംഗാളിലെ ഇസ്‌ലാംപൂരിലും ബോംബേറുണ്ടായി. ഇവിടെ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ചില മാധ്യമപ്രവര്‍ത്തകരെ ഇവിടെ തടഞ്ഞുവച്ചിരിക്കുകയാണ്. ബസീര്‍ഹട്ടിലെ പോളിംഗ് സ്‌റ്റേഷന് മുന്നില്‍ ടിഎംസി പ്രവര്‍ത്തകര്‍ തടഞ്ഞെന്നാരോപിച്ച് വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ചന്ദ്രൗലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകും മുമ്പേ അവരുടെ കയ്യില്‍ മഷി പുരട്ടി വിട്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കയ്യില്‍ മഷിപുരട്ടുകയും ഇനി നിങ്ങള്‍ വോട്ടുചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്നും അവര്‍ പറഞ്ഞതായും ഉത്തര്‍പ്രദേശിലെ താര ജാവന്‍പൂര്‍ ഗ്രാമവാസികള്‍ പരാതിപ്പെട്ടു. ശനിയാഴ്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടുകയായിരുന്നു. ‘ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ആദ്യം ചോദിച്ചു. ബിജെപിക്ക് അനുകൂലമല്ലെന്ന് മനസിലാക്കിയതോടെ നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞതായാണ് പരാതിയിലുള്ളത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് ചൗണ്ഡൗളി എസ്ഡിഎം ഹാര്‍ഷ് പറഞ്ഞു.
ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറാമാനെ ക്രൂരമായി മര്‍ദ്ദിച്ചു.
സംഭവം വലിയപ്രതിഷേധങ്ങള്‍ക്കിടയായതോടെ അംഗരക്ഷകര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തേജ്പ്രതാപ് പ്രതികരിച്ചു. തേജ്പ്രതാപ് വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അംഗരക്ഷകര്‍ ക്യാമറാമാനെ മര്‍ദ്ദിച്ചത്.

you may also like this: