ജിഷ വധക്കേസില്‍ അന്തിമവാദം നാളെ തുടങ്ങും

Web Desk

കൊച്ചി

Posted on November 19, 2017, 10:39 pm

ദളിത് നിയമ വിദ്യാര്‍ഥിനി ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അന്തിമവാദം ചൊവ്വാഴ്ച തുടങ്ങും. പ്രതിഭാഗം സാക്ഷി വിസ്താരംകൂടി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദം നടക്കുന്നത്.
ഇരിങ്ങോള്‍ വട്ടോളിപ്പടി കുറ്റിക്കാട്ട്‌വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷാമോള്‍(30) കൊല്ലപ്പെട്ടത് 2016 ഏപ്രില്‍ 28നാണ്. ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ വച്ചാണ് ജിഷയെ അസം സ്വദേശി അമീറുള്‍ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയത്. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസമാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകള്‍ ഹാജരാക്കി. 36 തൊണ്ടി മുതലുകളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയത്. അമീറുള്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സിആര്‍പിസി 313 പ്രകാരം അമീറുളിനെ കോടതിയില്‍ വച്ച് പ്രത്യേകം വിസ്തരിച്ചു.
പ്രതിഭാഗം ആവശ്യപ്പെട്ട സാക്ഷികളില്‍ ജിഷയുടെ സഹോദരി ദീപ, ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജ, ആലുവ സിഐ വിശാല്‍ ജോണ്‍സണ്‍, കുറുപ്പംപടി എസ്‌ഐ സുനില്‍തോമസ്, സിപിഒ ഹബീബ് എന്നിവരെയും വിസ്തരിച്ചിരുന്നു. ജിഷയുടെ അച്ഛന്‍ പാപ്പു മരിച്ചതിനാല്‍ സാക്ഷിപട്ടികയില്‍ നിന്നും ഒഴിവാക്കും. സാക്ഷി വിസ്താരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ചൊവ്വാഴ്ച അന്തിമ വാദം നടക്കും. അടുത്ത മാസം ആദ്യം കേസില്‍ വിധി പ്രസ്താവമുണ്ടാകുമെന്നാണ് സൂചന. കേസില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.