ചരിത്ര വിധികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ദീപക് മിശ്ര പടിയിറങ്ങുന്നു

Web Desk
Posted on October 01, 2018, 8:38 am

ന്യൂഡല്‍ഹി: ചരിത്ര വിധികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. ഇന്ന് ദീപക് മിശ്രയുടെ അവസാന പ്രവൃത്തി ദിവസമാണ്. 2018 ഒക്ടോബര്‍ രണ്ടിനാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച്‌ അവധിയായതിനാല്‍ ഇന്നത്തോടെ സുപ്രിം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങും. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബുധനാഴ്ച ചുമതലയേൽക്കും.

സുപ്രിം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി സഹന്യായാധിപന്‍മാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയതും, പ്രതിപക്ഷ പാര്‍ട്ടികളിലെ 64 എംപിമാര്‍ ഒന്നിച്ച്‌ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയതും ദീപക് മിശ്രയ്ക്ക് നേരിടേണ്ടി വന്നു. സുപ്രിം കോടതിയുടെ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേയാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളില്‍ നടത്തിയ വിധി ന്യായങ്ങള്‍ ചരിത്രപരമായിരുന്നു. സ്വവർഗലൈംഗികത നിയമവിധേയമാക്കി, വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 497ാം വകുപ്പ് റദ്ദാക്കി, ദയാവധം അനുവദിക്കാം, ശബരിമലയിലെ സത്രീപ്രവേശനത്തിന് അനുമതി അങ്ങനെ വിപ്ലവകരമായ നിരവധി വിധികള്‍.

ഇതിനിടെ ആധാറിന് അനുമതി, അയോദ്ധ്യ കേസ് വിപുലമായ ബെഞ്ച് പരിഗണിക്കേണ്ട, സിനിമ തിയ്യേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയതും പിന്നീട് ആ ഉത്തരവിൽ ഇളവുവരുത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ചതും ദീപക് മിശ്രയുടെ ബെഞ്ചാണ്.