Tuesday
18 Jun 2019

കടന്നു പോകുന്നത് മാധ്യമങ്ങളെ വീര്‍പ്പുമുട്ടിച്ച വര്‍ഷം

By: Web Desk | Tuesday 1 January 2019 4:49 PM IST


media awards janayugom

സി ആര്‍ ജോസ്പ്രകാശ്
(ജനറല്‍ മാനേജര്‍ ജനയുഗം)

കുത്തകവത്ക്കരണം കൂടുതല്‍ കരുത്തു നേടിയ വര്‍ഷമായിരുന്നു 2018. സമസ്തമേഖലകളിലും ഇതിന്റെ അല ആര്‍ത്തിരമ്പിയെത്തി. മാധ്യമ രംഗത്ത് സംഭവിച്ചത് കുത്തകവത്ക്കരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ സമഗ്രാധിപത്യത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ കൂടിയായിരുന്നു.
മൂന്നുവിധത്തില്‍ മാധ്യമങ്ങളെ വീര്‍പ്പുമുട്ടിച്ച വര്‍ഷമാണ് കടന്നുപോയത്. ഒന്നാമത്തെ കാര്യം, കേന്ദ്ര സര്‍ക്കാരിനെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയും സംഘപരിവാര്‍ ശക്തികളെയും വിമര്‍ശിക്കുന്ന പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും വേട്ടയാടുക എന്നതായിരുന്നു. പത്രപ്രവര്‍ത്തകരെ ഭീകരമായി ആക്രമിക്കുക, കള്ളകേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുക, പത്രത്തിന്റെ അംഗീകാരം റദ്ദാക്കുക തുടങ്ങിയ സംഭവങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. രണ്ടാമത്തെ തന്ത്രം ചെറുകിട പത്രങ്ങളെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില വര്‍ദ്ധനവ് നടപ്പിലാക്കിയത് ന്യൂസ്പ്രിന്റിനായിരുന്നു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ,് 2018- ല്‍ മാത്രം ന്യൂസ്പ്രിന്റിന്റെ വിലയില്‍ 44 ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്. ഇതിന്റെ തുടര്‍ച്ചയായി ഇതേ മാതൃകയില്‍ കുത്തക ന്യൂസ്പ്രിന്റ് കമ്പനികളും വില വര്‍ദ്ധിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റിലും ഈ രീതിയില്‍ തന്നെ വില വര്‍ദ്ധനവുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പരസ്യങ്ങളില്‍ 90 ശതമാനത്തിലധികവും 35-ല്‍ താഴെ മാത്രം വരുന്ന കുത്തക പത്രങ്ങള്‍ക്കും ഏതാനും കുത്തക ചാനലുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. രാജ്യത്തെ 7000-ല്‍ അധികം വരുന്ന ചെറുകിട പത്രങ്ങള്‍ക്കും മാസികകള്‍ക്കും വീതിച്ചു നല്‍കാന്‍ ബാക്കിവച്ചത് മൊത്തം പരസ്യതുകയുടെ 10 ശതമാനത്തില്‍ താഴെ മാത്രം. ഇതിന്റെ വിതരണത്തില്‍ തന്നെ ജാതിയും മതവും സ്ഥാപിത താത്പര്യങ്ങളും നിര്‍ണ്ണായകഘടകമായി മാറുകയും ചെയ്തു. ഫലത്തില്‍ മതനിരപേക്ഷതയും ഇടതുപക്ഷ ചിന്തയും ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പരസ്യം മിക്കവാറും കിട്ടാതായി.
ഇന്നത്തെ വീര്‍പ്പുമുട്ടലിന്റെ അന്തരീക്ഷം 2019- ല്‍ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനയുഗം. എല്ലാ മാന്യ വായനക്കാര്‍ക്കും ജനയുഗം നല്ല ഒരു പതുവത്സരം ആശംസിക്കുന്നു.