വാട്സാപ്പിന്‍റെ പുതിയ അപ്ഡേറ്റിന് ശേഷം ബാറ്ററി ഡൗണ്‍ ആകുന്നോ?  എങ്കില്‍ പരിഹാരമുണ്ട്

Web Desk
Posted on November 12, 2019, 5:31 pm

വാട്‌സാപ്പ് അടിമുടിമാറിയിരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന  പുതിയ പല മാറ്റങ്ങളും അവര്‍ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞു.
ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫിംഗര്‍പ്രിന്റ് ലോക്ക്, ഗ്രൂപ്പ് സ്വകാര്യത, ഡാര്‍ക്ക് തീം തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം മാത്രം.

എന്നാല്‍ ഈ മാറ്റങ്ങള്‍ നമുക്ക് തലവേദനയായി മാറിയാലോ ? അതേ, അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ക്കായി വാട്‌സാപ് അപ്‌ഡേറ്റ് ചെയ്തവര്‍ക്കെല്ലാം ഫോണ്‍ ബാറ്ററി ഡ്രെയിന്‍ പ്രശ്‌നത്തിലായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍നിര ഫോണുകളില്‍ പോലും ബാറ്ററി പെട്ടെന്ന് തീരുന്നുണ്ട്. വണ്‍പ്ലസ്, സാംസങ് ഹാന്‍ഡ്‌സെറ്റുകളിലാണ് ഈ പ്രശ്‌നം കാര്യമായി കണ്ടെത്തിയിരിക്കുന്നത്. പുതിയ വാട്‌സാപ് അപ്‌ഡേറ്റ് പുറത്തിറങ്ങിയതു മുതല്‍ നിരവധി വണ്‍പ്ലസ് ഫോണ്‍ ഉപയോക്താക്കള്‍ ബാറ്ററി ഡ്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്് ശരാശരി 33 — 40 ശതമാനം വരെ ബാറ്ററി ഡ്രെയിനേജ് അനുഭവപ്പെടുന്നുണ്ട്.

സാംസങ് ഉള്‍പ്പടെയുളള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും സമാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം സാംസങ് ഗ്യാലക്‌സി എസ് 10 സീരീസ്, ഗ്യാലക്‌സി നോട്ട് 10 സീരീസ് എന്നിവയുടെ ഉപയോക്താക്കള്‍ വാട്‌സാപ്പില്‍ നിന്നുള്ള ബാറ്ററി ഡ്രെയിനിലെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ ചില ഗൂഗിള്‍ പിക്‌സല്‍, ഷഓമി ഉപയോക്താക്കളും ഇത് അനുഭവപ്പെടുന്നുണ്ട്.

ഉപയോക്താക്കള്‍ക്ക് പ്രശ്‌ന നേരിടുന്ന പതിപ്പ് 2.19.308 ആണ്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ വാട്‌സാപ് ഇതുവരെ ശ്രമം നടത്തിയിട്ടില്ല. എന്നാലും ബാറ്ററി ഡ്രെയിനേജ്  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലേ സ്റ്റോറില്‍ നിന്ന് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉടന്‍ തന്നെ കമ്പനി കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.