എഐഎസ്എഫ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ് വിക്കി മഹേശരിയടക്കം അറസ്റ്റില്‍

Web Desk
Posted on September 18, 2019, 4:31 pm

അനന്തപൂര്‍: വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് നടത്തിയ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അനന്തപൂര്‍ ജില്ലാ കലക്ടറേറ്റിലേയ്ക്ക് നടത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരിയടക്കം നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക, അനന്തപൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ മാച്ച് നടത്തിയത്. ആയിരക്കണക്കിന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് ഗേറ്റിലെത്തിയപ്പോള്‍ പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ ധര്‍ണ്ണ ആരംഭിക്കുകയും ചെയ്തു. മാര്‍ച്ച് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി ഉദ്ഘാടനം ചെയ്ത ശേഷം അനാവശ്യപ്രകോപനം സൃഷ്ടിച്ച പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വിക്കി മഹേശരിയടക്കം നൂറോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉച്ച കഴിഞ്ഞ് പഞ്ചാബിലേക്ക് തിരികെ പോകേണ്ടിരുന്ന വിക്കിയെ അതിനും അനുവദിച്ചില്ല. ലാത്തിച്ചാര്‍ജ്ജില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വൈകുന്നേരത്തോടെ വിക്കി മഹേശരിയെ വിട്ടയച്ചുവെങ്കിലും മറ്റുള്ളവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.