Monday
18 Feb 2019

ചിരിപ്പിച്ച് വിപഞ്ചിക ക്ലബ്ബ് വ്യാഴവട്ടത്തിലേക്ക് കടക്കുന്നു

By: Web Desk | Sunday 6 May 2018 1:28 AM IST

ഇന്ന് ചിരിദിനം

ഡാലിയ ജേക്കബ്
ആലപ്പുഴ: ചിരിച്ചുചിരിച്ച് വിപഞ്ചിക ചിരിക്ലബ്ബ് ഒരു വ്യാഴവട്ടത്തിലേയ്ക്ക് കടക്കുന്നു. മാനസിക സംഘര്‍ഷത്തേയും വിഷാദത്തേയും ചിരിയിലൂടെ അകറ്റാമെന്നും ജീവിതശൈലീ രോഗങ്ങള്‍ക്ക് ചിരിയിലൂടെ മോചനം നേടാന്‍ സാധിക്കുമെന്നും സന്ദേശമുയര്‍ത്തി ഇന്ന് ലോക ചിരിദിനം ആഘോഷിക്കുന്നു. സൗജന്യ ചിരിയോഗ പരിശീലനത്തിലൂടെയും പ്രചരണത്തിലൂടെയും ഒരു വ്യാഴവട്ടക്കാലമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തുറവൂര്‍ പാട്ടുകുളങ്ങര വിപഞ്ചിക ചിരിക്ലബ്ബ്. ചിരിക്ലബ്ബ് തുടങ്ങിയതിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്നും ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും ചിരിയിലൂടെ ആരോഗ്യം എങ്ങനെ മാറിമറിയുന്നുവെന്നും പറഞ്ഞുതരികയാണ് പരിശീലനകും ക്ലബ്ബ് സെക്രട്ടറിയുമായ വി വിജയനാഥ്.
ബിസിനസ്സ്, ബാങ്കിംഗ്, ഹോസ്പിറ്റല്‍, ഐ റ്റി തുടങ്ങിയ ഇതര തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസത്തിന്റെ മുക്കാല്‍ഭാഗവും ടെന്‍ഷനാണ്. പത്ത് മിനിട്ട് സംസാരിക്കുന്നതിനിടെ പലര്‍ക്കും ചുരുങ്ങിയത് മൂന്ന് ഫോണ്‍ കോളെങ്കിലും അറ്റന്‍ഡ് ചെയ്യേണ്ടി വരുന്നുണ്ട്. ഈ മാനസിക പിരിമുറുക്കം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് പലതരം രോഗങ്ങളിലാണ്. അമിതമായ രക്തസമ്മര്‍ദ്ദവും അകാല മുടിനരയുമൊക്കെ ടെന്‍ഷനില്‍ നിന്ന് ഉണ്ടാകുന്നതാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ആസ്ത്മയും തലവേദനയും വിഷാദരോഗവും ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കുവാന്‍ ചിരി ഉത്തമമാണെന്ന് ചിരിദിനം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വിജയനാഥ് പറഞ്ഞു.
സമ്പൂര്‍ണ്ണ ആരോഗ്യം കൈവരിക്കുവാന്‍ ദിവസേന 20 മിനിട്ടെങ്കിലും ചിരിക്കണം. നവജാത ശിശു പ്രതിദിനം 400 പ്രാവശ്യമെങ്കിലും ചിരിക്കുന്നതാണ് ശിശുവിന്റെ ഊര്‍ജ്ജസ്വലതയ്ക്ക് പ്രധാന കാരണം. 50 ല്‍ പരം വ്യായാമയങ്ങളാണ് ചിരിയോഗയിലൂടെ വിപഞ്ചികയില്‍ പരിശീലിപ്പിക്കുന്നത്. ഛായചിരി, സിംഹചിരി, നാണചിരി, പക്ഷിച്ചിരി, മൊബൈല്‍ ഫോണ്‍ ചിരി, ഒരുമീറ്റര്‍ ചിരി, കോക്രി ചിരി, തീവണ്ടി ചിരി എന്നിങ്ങനെ നീളുന്ന ചിരിയിലെ വൈവിധ്യം. വിപഞ്ചികയുടെ ക്ലാസ്സുകളില്‍ ഇവയെല്ലാം പരിശീലിപ്പിക്കുന്നുണ്ട്. എത്രഗൗരവക്കാരനാണെങ്കിലും ചിരിയോഗ ശീലിച്ചാല്‍ ചിരിച്ച് ഉല്ലാസവാനാകുമെന്ന് ഉറപ്പുണ്ടെന്ന് വിജയനാഥ് പറയുന്നു. ചിരിക്കുമ്പോള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആരോഗ്യവും ശാന്തിയും പ്രദാനം ചെയ്യുന്നു. 1995 ല്‍ മുംബൈക്കാരനായ ഡോ. മദന്‍ കതാരിയയാണ് ചിരിക്ലബ്ബ് രൂപീകരിച്ചത്. പിന്നീട് ലോകത്തെമ്പാടും വ്യാപിച്ചു. വിപഞ്ചിക ചിരിക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കുത്തിയതോട് പഞ്ചായത്തിനെ ചിരിയോഗ ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ലോക ചിരിദിനം പ്രമാണിച്ച് ഇന്ന് രാവിലെ 8.30ന് ചേര്‍ത്തല ഗീത സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലും തുറവൂര്‍ മരിയപുരം സെന്റ് മോണിക്ക ചര്‍ച്ചിലും ചിരിയോഗ, ചിരിയരങ്ങ്, ഫലിതമത്സരം എന്നിവയുണ്ടായിരിക്കും.