25 May 2024, Saturday

‘സ്നേഹ തീർത്ഥം’ പദ്ധതിക്ക് തുടക്കമായി; ആയിരത്തോളം ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ

Janayugom Webdesk
തിരുവനന്തപുരം
September 1, 2021 11:04 pm

ജലവിഭവ വകുപ്പും കേരള വാട്ടർ അതോറിറ്റി എന്‍ജിനീയേഴ്സ് ഫെഡറേഷനും റോട്ടറി ഇന്റർനാഷണലും സംയുക്തമായി നടപ്പാക്കുന്ന ‘സ്നേഹ തീർത്ഥം’ പദ്ധതിക്ക് തുടക്കമായി. വഞ്ചിയൂരിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ ഐ എസ് സുധീപിന് കുടിവെള്ള കണക്ഷന്‍ നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഭിന്നശേഷിക്കാരായ ആയിരത്തോളം നിർധന കുടുംബങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. അയ്യായിരം മുതൽ പതിനായിരം രൂപ വരെയാണ് ഒരു കണക്ഷന് വേണ്ടി വരുന്നത്. റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സുമനസുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇത്തരം കണക്ഷനുകൾക്ക് വാട്ടർ ചാർജും ഒഴിവാക്കി നൽകാൻ നടപടി സ്വീകരിക്കും. ജലവിഭവ വകുപ്പിനെ സാധാരണക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കൂടുതൽ അടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

വാട്ടർ അതോറിറ്റിയിലെ എന്‍ജിനീയർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പദ്ധതിയോട് അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചത്. പദ്ധതിക്കായി തന്റെ ശമ്പളത്തിൽ നിന്ന് 25,000 രൂപയും ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ സംഘടനയ്ക്ക് കൈമാറി. മറ്റു ജില്ലകളിലും യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതി. 

ചടങ്ങിൽ ബിനോയ് വിശ്വം എംപി അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ നൽകിയ ഐ എസ് സുധീപിന്റെയും വെട്ടുകാട് സ്വദേശിയും സെറിബ്രൽ പാൾസി രോഗബാധിതനായ ജയ്സൺ ബിജോയിയുടെയും വീടുകൾ മന്ത്രിമാരായ റോഷി അഗസ്റ്റിനും സ്ഥലം എംഎൽഎ കൂടിയായ അഡ്വ. ആന്റണി രാജുവും സന്ദർശിച്ചു. 

വെട്ടുകാട് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോട്ടറി 3211 ഡിസ്ട്രിക്ട് ഗവർണർ കെ ശ്രീനിവാസൻ ലോഗോ പ്രകാശനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം മെട്രോപോളിസ് പ്രസിഡന്റ് ടി സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇഎഫ്‌കെഡബ്ല്യൂഎ വർക്കിങ് പ്രസിഡന്റ് വി എസ് കൃഷ്ണകുമാർ, കേരള വാട്ടർ അതോറിറ്റി എംഡി വെങ്കിടേശപതി, ടെക്നിക്കൽ മെമ്പർ ജി ശ്രീകുമാർ, സി ഷാജി, കെ അലക്സ്, ഫാ. ജോർജ് ഗോമസ്, പ്രകാശ് ഇടിക്കുള, സലിൻ പീറ്റർ, എസ് രഞ്ജീവ്, പി ബിജു, എ സുജാത എന്നിവർ പ്രസംഗിച്ചു.

ENGLISH SUMMARY:Launches ‘Sne­ha Theertham’ project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.