Web Desk

കൊഹിമ:

June 26, 2020, 10:53 pm

നാഗാലാൻഡിലെ ക്രമസമാധാനം: ആശങ്ക പ്രകടിപ്പിച്ച് ഗവർണർ

Janayugom Online

നാഗാലാൻഡിൽ ക്രമസമാധാനം തകരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. ഗവര്‍ണര്‍ ആര്‍ എന്‍ രവി മുഖ്യമന്ത്രി നെഫ്യൂ റിയോയ്ക്ക് അയച്ച നാലു പേജുള്ള കത്തിലാണ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സംസ്ഥാനം നേരിടുന്ന ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തെ ക്രമസമാധാനപാലന സംവിധാനങ്ങള്‍ അലംഭാവം കാട്ടുകയാണെന്നും ഇത് ഭരണകൂടത്തിലുള്ള സാധാരണക്കാരുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും കത്തില്‍ ആരോപിക്കുന്നു. കൂലിപ്പണിക്കാര്‍, ചെറുകിട കച്ചവടക്കാർ, ബിസിനസുകാർ, കടയുടമകൾ, ഹോട്ടല്‍ ഉടമകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി നിയമത്തെ അനുസരിച്ച് ജീവിക്കുന്നവരെയെല്ലാം ഇത്തരം സായുധ സംഘങ്ങൾ വ്യാപകമായി കൊള്ളയടിക്കുന്നതും ആക്രമിക്കുന്നതും ദുരിതപൂർണ്ണമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

സായുധ സംഘങ്ങൾ നാഗാലാൻഡിലേക്ക് വരുന്ന ഉപ്പ് മുതൽ നിർമ്മാണ സാമഗ്രികൾ വരെയുള്ള എല്ലാ വസ്തുക്കൾക്കും സ്വന്തമായി ഡീലര്‍മാരെ ഏര്‍പ്പെടുത്തി അനധികൃത നികുതി ചുമത്തുകയാണ്.മറ്റിടങ്ങളെ അപേക്ഷിച്ച് നാഗാലാന്‍ഡില്‍ ചരക്ക് നീക്കത്തിന് 200 ശതമാനത്തിലധികം ചെലവ് ഏറുന്നതായി നിരവധി പരാതികള്‍ തനിക്ക് ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. ദിവസേന സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആർട്ടിക്കിൾ 371 പ്രകാരമുള്ള ഭരണഘടനാ ബാധ്യതകൾ ഒഴിവാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗാലാന്റിലെ ജനങ്ങള്‍ക്കു പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 371 -ാം വകുപ്പ്. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം തുടങ്ങിയ പ്രധാന നടപടികള്‍ തന്റെ അംഗീകാരത്തോടെ മാത്രമേ ചെയ്യാവൂ എന്ന് ഗവര്‍ണര്‍ നിർദ്ദേശിച്ചു.

ENGLISH SUMMARY: Law and Order in Naga­land: Gov­er­nor express­es concern

YOU MAY ALSO LIKE THIS VIDEO